Flyover | ദേശീയപാത വികസനത്തോടെ ഒറ്റപ്പെടും; വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ദുരിതത്തിലാവും; കുമ്പള ടൗണില്‍ മേല്‍പാലത്തിനായി മുറവിളി ശക്തം; ആവശ്യവുമായി ജില്ലാ പഞ്ചായത് യോഗത്തില്‍ പ്രമേയം
കുമ്പള: (www.kasargodvartha.com) ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമ്പള ടൗണില്‍ മേല്‍പാലത്തിനായി മുറവിളി ശക്തമായി. കുമ്പള റെയില്‍വേ സ്റ്റേഷനും, ടൗണിനുമിടയില്‍ മേല്‍പാലം നിര്‍മിക്കണമെന്നാണ് ആവശ്യം. ഇതോടെ യാത്രാദുരിതത്തിന് പരിഹാരമാകുമെന്നും വ്യാപാരികള്‍ അടക്കമുള്ളവര്‍ക്ക് ഏറെ സഹായകരമാവുമെന്നുമാണ് ചൂണ്ടിക്കാണിക്കുന്നത്. അതിനിടെ കുമ്പളയില്‍ മേല്‍പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത് ഭരണസമിതി യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. കുമ്പള ഡിവിഷന്‍ അംഗം ജമീല സിദ്ദീഖ് ദണ്ഡഗോളിയാണ് പ്രമേയം കൊണ്ടുവന്നത്. വോര്‍ക്കാടി അംഗം കമലാക്ഷി ഇതിനെ പിന്താങ്ങി. ഏറെ പ്രധാനപ്പെട്ടതും കാസര്‍കോട് - മംഗ്‌ളുറു പാതയില്‍ പ്രശസ്തവും പുരാതനവുമായ നഗരങ്ങളിലൊന്നുമാണ് കുമ്പളയെന്ന് പ്രമേയത്തില്‍ പറയുന്നു. ദേശീയ പാതയുടെ ഓരം ചേര്‍ന്ന് കിടക്കുന്ന കുമ്പള പട്ടണം ദേശീയപാത വികസനം പൂര്‍ത്തിയാകുന്നതോടെ ഒറ്റപ്പെട്ട അവസ്ഥയിലാകും. ഇവിടങ്ങളിലെല്ലാം നടക്കുന്നത് തീര്‍ത്തും അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങളാണെന്നും ജമീല സിദ്ദീഖ് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ...