School Bus | നവകേരള സദസ്: സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന സര്‍കുലര്‍ പിന്‍വലിച്ച് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: (KVARTHA) സ്‌കൂള്‍ ബസുകള്‍ നവകേരള സദസിനായി വിട്ടുനല്‍കണമെന്ന സര്‍കുലര്‍ പിന്‍വലിച്ച് വിദ്യാഭ്യാസ വകുപ്പ്. തുടര്‍നടപടി വേണ്ടെന്നും സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് സര്‍കുലര്‍ പിന്‍വലിച്ചത്. നവകേരള സദസിന് സ്‌കൂള്‍ ബസുകള്‍ വിട്ട് നല്‍കിയതും കുട്ടികളെ സ്വീകരണ ചടങ്ങില്‍ പങ്കെടുപ്പിച്ചതും ഹൈകോടതിയുടെ വിമര്‍ശനത്തിന് കാരണമായിരുന്നു.
നവകേരള സദസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി എത്തുന്ന പൊതുജനങ്ങളുടെ യാത്രാസൗകര്യം പരിഗണിച്ച് സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നത്. നവംബര്‍ 18നും ഡിസംബര്‍ 23നുമിടയില്‍ നവകേരള സദസിന്റെ സംഘാടകര്‍ ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ ബസ് വിട്ടുനല്‍കണമെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. ഇത് വിവാദമാകുകയും ചെയ്തിരുന്നു.
അതേസമയം നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പര്യടനം മലപ്പുറം ജില്ലയില്‍ പ്രവേശിച്ചു. തിങ്കളാഴ്ച (27.11.2023) ഒന്‍പത് മണിക്ക് തിരൂര്‍ ബിയാന്‍കോ കാസിലില്‍ നടക്കുന്ന പ്രഭാത സദസോടെ ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കമാകും. പ്രഭാത സദസിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.
11 മണിയോടെ ജില്ലയിലെ ആദ്യ നവകേരള സദസിനായി പൊന്നാനിയിലേക്ക് തിരിക്കും. വൈകീട്ട് മൂന്നിന് തവനൂര്‍, 4.30 മണിക്ക് തിരൂര്‍, ആറ് മണിക്ക് താനൂര്‍ എന്നിങ്ങനെയാണ് നവകേരള സദസിന്റെ സമയക്രമം. 16 മണ്ഡലങ്ങളിലെ പരിപാടികള്‍ക്കായി ഈ മാസം 30 വരെ മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലുണ്ടാവും.
Keywords: News, Kerala, Kerala News, Educational Director, Withdraws, Circular, School Bus, Nava Kerala Sadas, Educational director withdraws circular regarding school bus Nava Kerala Sadas.
Powered by Info News For You

Comments
Post a Comment