R Subbalakshmi | വിടവാങ്ങിയത് മുത്തശ്ശി വേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ താരം; അന്തരിച്ച നടി ആര്‍ സുബ്ബലക്ഷ്മിയുടെ സംസ്‌കാര ചടങ്ങുകള്‍ വിദേശത്തുള്ള മകന്‍ നാട്ടിലെത്തിയ ശേഷം; നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അനുശോചനം രേഖപ്പെടുത്തി

തിരുവനന്തപുരം: (KVARTHA) അന്തരിച്ച നടി ആര്‍ സുബ്ബലക്ഷ്മിയുടെ സംസ്‌കാര ചടങ്ങുകള്‍ വിദേശത്തുള്ള മകന്‍ നാട്ടിലെത്തിയ ശേഷം തീരുമാനമെടുക്കും. മൃതദേഹം മുടവന്‍ മുകളിലെ വീട്ടില്‍ വെള്ളിയാഴ്ച (01.12.2023) പൊതുദര്‍ശനത്തിന് വെക്കും.

ആര്‍ സുബ്ബലക്ഷ്മിയുടെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അനുശോചനം രേഖപ്പെടുത്തി. വൈകി സിനിമയിലെത്തിയ അവര്‍ മുത്തശ്ശി വേഷങ്ങളിലൂടെ ഏറെ ജനശ്രദ്ധ നേടിയതായി മന്ത്രി പറഞ്ഞു. കല്യാണ രാമന്‍ സിനിമയിലെ അവരുടെ വേഷം പ്രേക്ഷകരുടെ ഏറെ പ്രീതി പിടിച്ചുപറ്റിയിരുന്നു. വിയോഗത്തില്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

കര്‍ണാടക സംഗീതജ്ഞയും നര്‍ത്തകിയും കൂടിയായ സുബ്ബലക്ഷ്മി (87) വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം ജി ജി ആശുപത്രിയില്‍ വ്യാഴാഴ്ച (30.11.2023) രാത്രി 8.40 ഓടെ ആയിരുന്നു അന്ത്യം.

മുത്തശ്ശി വേഷങ്ങളാണ് സുബ്ബലക്ഷ്മിയെ താരമാക്കി മാറ്റിയത്. നന്ദനം, കല്യാണരാമന്‍, തിളക്കം തുടങ്ങി നിരവധി സിനിമകളിലെ മുത്തശ്ശി വേഷങ്ങളിലൂടെയാണ് ശുഭലക്ഷ്മി ശ്രദ്ധേയ ആകുന്നത്. നിരവധി പരസ്യ ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി ചിത്രങ്ങളിലും വേഷമിട്ടു. നടന്‍ വിജയ്‌ക്കൊപ്പം തമിഴില്‍ അഭിനയിച്ച ബീസ്റ്റ് ആണ് അവസാന ചിത്രം.

സംഗീതജ്ഞയായിട്ടായിരുന്നു ആര്‍ സുബ്ബലക്ഷ്മി കലാ രംഗത്ത് അരങ്ങേറിയത്. ജവഹര്‍ ബാലഭവനില്‍ നൃത്ത അധ്യാപകയായും സിനിമയ്ക്ക് മുന്നേ സുബ്ബലക്ഷ്മി പേരെടുത്തിരുന്നു. ഓള്‍ ഇന്‍ഡ്യ റേഡിയോയില്‍ 1951ല്‍ ആര്‍ സുബ്ബലക്ഷ്മി പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഡബിംഗ് ആര്‍ടിസ്റ്റായും സുബ്ബലക്ഷ്മി തിളങ്ങിയിരുന്നു.

സിനിമയില്‍ അരങ്ങേറ്റം നന്ദനത്തിലൂടെയായിരുന്നു. വേശാമണി അമ്മാള്‍ എന്ന മുത്തശ്ശി കഥാപാത്രത്തിലൂടെ ആര്‍ സുബ്ബലക്ഷ്മി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. ചിരിയില്‍ തെല്ലൊരു നൊമ്പരവും ഉള്ളിലൊതുക്കുന്ന രംഗങ്ങളും ചിത്രത്തില്‍ ആര്‍ സുബ്ബലക്ഷ്മി മികവുറ്റതാക്കി. മറ്റൊരു മുത്തശ്ശി കഥാപാത്രം കല്യാണ രാമനിലെ കാര്‍ത്ത്യായനിയായിരുന്നു.

ജാക്ക് ആന്‍ഡ് ഡാനിയല്‍ മോഹന്‍ലാല്‍ ചിത്രം റോക്ക് ആന്‍ഡ് റോള്‍ എന്നിവയില്‍ ഡബിംഗ് ആര്‍ടിസ്റ്റായി പ്രവര്‍ത്തിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, രുദ്ര സിംഹാസനം തുടങ്ങിയവയില്‍ ഗായികയായും തിളങ്ങി. ഭര്‍ത്താവ് കല്യാണകൃഷ്ണന്‍. സിനിമാ സീരിയല്‍ നടിയായ താര കല്യാണ്‍ മകളാണ്.




Keywords: News, Kerala, Kerala-News, Obituary, Obituary-News, Thiruvananthapuram News, Kerala News, Actress, Death, Funeral, Son, Singer, Dancer, Dubbing Artist, Cinema, Late, Death, Hospital, Minister, R Subbalakshmi, Cremation, Abroad, Saji Cherian, Condolence, Thiruvananthapuram: Late actress R Subbalakshmi's cremation after her son returns from abroad.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?