Arrested | 'പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടി, കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കൈക്കലാക്കിയത് ലക്ഷങ്ങള്‍'; 50കാരനെ വലയിലാക്കി പൊലീസ്
തിരുവനന്തപുരം: (KVARTHA) പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്തെന്ന കേസില്‍ 50കാരന്‍ അറസ്റ്റില്‍. പാറശാല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ബര്‍ണാഡി(50)നെയാണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: തമിഴ്‌നാട് കേരള അതിര്‍ത്തി മേഖലകളിലെ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങളാണ് പ്രതി തട്ടിയെടുത്തത്. കഴിഞ്ഞദിവസം വൈകുന്നേരം കാരക്കോണത്തിന് സമീപം പുല്ലന്തേരിയിലെ ഒരു പണം ഇടപാട് സ്ഥാപനത്തില്‍ രണ്ട് വളകളുമായി പ്രതി എത്തി. വ്യാജ പേരും, മേല്‍വിലാസവുമാണ് അവിടെ നല്‍കിയത്. 68,000 രൂപയ്ക്ക് മുക്കുപണ്ടം പണയപ്പെടുത്തി.
പണം മൊത്തമായി കൊടുക്കാന്‍ ആസമയത്ത് സാധിച്ചില്ല. അതിനാല്‍ സ്ഥാപനത്തിലെ ജീവനക്കാരി 49,000 രൂപ നല്‍കിയിട്ട് ബാക്കി തുക ഒരു മണിക്കൂറിന് ശേഷം തരാമെന്നു പറഞ്ഞു മടക്കി അയക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥാപന ഉടമയെത്തി സ്വര്‍ണ്ണം പരിശോധിച്ചപ്പോഴാണ് മുക്കു പണ്ടമാണെന്ന് മനസിലായത്. തുടര്‍ന്ന് ആറര മണിയോടെ ബാക്കി തുക വാങ്ങാനെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി രാവിലെ കാരക്കോണത്ത് മറ്റൊരു സ്ഥാപനത്തില്‍ രണ്ടു വളകള്‍ പണയപ്പെടുത്തി 70,000 രൂപ കൈപ്പറ്റിയതായി കണ്ടെത്തി. ഒരു ആഴ്ചക്കുള്ളില്‍ പളുകല്‍ പ്രദേശത്ത് നിന്നും 72,000 രൂപയും, പാറശ്ശാലയില്‍ നിന്നും 33,000, രൂപയും, പുത്തന്‍ക്കടയില്‍ നിന്നും 48000 രൂപയും ഇത്തരത്തില്‍ ഇയാള്‍ തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തി.
വ്യത്യസ്തങ്ങളായ പേരും മേല്‍വിലാസവും നല്‍കിയാണ് ഇയാള്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയത് എന്ന് സമ്മതിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലും പ്രതി സമാന തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. വെള്ളറട എസ് ഐ റസൂല്‍ രാജിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala, Crime, Remanded, Court, Thiruvananthapuram, Accused, Arrested, Fraud Case, Gold, Police, Thiruvananthapuram: Man arrested in fraud case.
Powered by Info News For You

Comments
Post a Comment