Welcome Celebration | കെഎസ്ആര്‍ടിസി ബസിലെ നഗ്നതാപ്രദര്‍ശനം: ജാമ്യം ലഭിച്ച സവാദിന് പൂമാലയണിയിച്ച് വമ്പന്‍ സ്വീകരണം നല്‍കി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍; കൂടെ ഞങ്ങളുണ്ടെന്ന് വാഗ്ദാനവും
തിരുവനന്തപുരം: (www.kasargodvartha.com) കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്ന കേസില്‍ ജാമ്യം ലഭിച്ച കോഴിക്കോട് കായക്കൊടി ഗ്രാമ പഞ്ചായത് പരിധിയിലെ സവാദിന് (27) വമ്പന്‍ സ്വീകരണം നല്‍കി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. ആലുവ സബ് ജയിലിനു പുറത്തുവെച്ച് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലാണ് സവാദിന് സ്വീകരണം നല്‍കിയത്.
എറണാകളും അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ സവാദിന് ജാമ്യം അനുവദിച്ചത്. ആലുവ സബ് ജലിയിലിലായിരുന്ന സവാദ് പുറത്തിറങ്ങുമ്പോള്‍ സ്വീകരണം നല്‍കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പ്രഖ്യാപിച്ചിരുന്നു.
തുടര്‍ന്ന് 'ഞങ്ങളെല്ലാം ഒപ്പമുണ്ട്' എന്ന വാക്കുകളോടെയാണ് സവാദിനു സ്വീകരണം നല്‍കിയത്. ഇതിന്റെ ലൈവ് വീഡിയോ അസോസിയേഷന്റെ ഫേസ്ബുക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ച് സ്വീകരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് സവാദ് വാഹനത്തില്‍ കയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
തൃശൂരില്‍നിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വെച്ച് സവാദ് നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നാണ് നന്ദിതയെന്ന യുവതിയുടെ പരാതി. എന്നാലിത് ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ കൂട്ടാന്‍ യുവതി നല്‍കിയ കള്ളപ്പരാതിയാണെന്ന് ആരോപിച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു.
യുവതിയുടെ ഭാഗത്താണ് ശരി എന്നാണ് ആദ്യമൊക്കെ വിശ്വസിച്ചിരുന്നതെന്നും ഇന്‍സ്റ്റഗ്രാം ഐഡി പരിചയപ്പെടുത്തി യുവതി വീഡിയോ ചെയ്തതോടെയാണ് ഫോളോവേഴ്‌സിനെ കൂട്ടാനുള്ള പദ്ധതിയാണെന്ന് മനസിലായതെന്നും അജിത് കുമാര്‍ പറഞ്ഞു.
പ്രശസ്തി ലഭിക്കാനാണ് യുവതി പൊലീസില്‍ പരാതി നല്‍കുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തതെന്നും യുവതി പ്രചരിപ്പിച്ച വീഡിയോയില്‍ യുവാവ് മോശം കാര്യങ്ങള്‍ ചെയ്തതായി തെളിവില്ലെന്നും യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
സവാദിന് നാട്ടില്‍ ഇറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കുടുംബം താമസം മാറി. സവാദ് മാനസികമായി തകര്‍ന്ന അവസ്ഥയിലാണ്. ഇപ്പോഴത്തെ മാനസിക അവസ്ഥയില്‍നിന്ന് യുവാവിനെ മാറ്റിയെടുക്കുന്നതിനാണ് ആദ്യപരിഗണന. സത്യം പുറത്തുവരണമെന്നും അജിത് കുമാര്‍ പറയുന്നു.
പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും ഫോണില്‍ വിളിച്ച് ഇതെല്ലാം നാടകമാണെന്ന് പറയുന്നുണ്ട്. പരാതി നല്‍കിയ ശേഷം നിരവധി ഭീഷണി കോളുകള്‍ വരുന്നതായും അജിത് കുമാര്‍ പറഞ്ഞു. സവാദിനു നീതി ലഭിക്കുന്നതുവരെ പോരാടാനാണ് സംഘടനയുടെ തീരുമാനമെന്നും അജിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, Kerala-News, Family, Youth, Complaint, Case, Assaulted, Case, Police, Bail, KSRTC, Top-Headlines, Assaulted case in KSRTC bus: Accused Savad got grand welcome by All Kerala Men's Association.
Powered by Info News For You
.jpg)
Comments
Post a Comment