A K Saseendran | കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തിലുണ്ടായ വിവാദങ്ങള്‍ അനാവശ്യമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍; വെടിവെച്ചു കൊല്ലാനുള്ള കലക്ടറുടെ ഉത്തരവ് അട്ടിമറിക്കപ്പെട്ടതായി കണമല സമര സമിതി

കോട്ടയം: (www.kvartha.com) എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ അനാവശ്യമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. സാഹചര്യങ്ങള്‍ക്കനുസരിച്ച് നിയമപരമായി പ്രവര്‍ത്തിക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നതെന്നും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടപ്പോള്‍ കലക്ടര്‍ സ്വീകരിച്ച നടപടികളോട് വനം വകുപ്പിന് വിയോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. 

അരിക്കൊമ്പനെ മയക്കു വെടിവെച്ചതിനെ ചോദ്യം ചെയ്ത ഹര്‍ജികള്‍ കോടതിയിലേക്ക് പോയി. കോടതിയുടെ ഉത്തരവിനെ വെല്ലുവിളിക്കാന്‍ വനം വകുപ്പിന് കഴിയില്ല. കാട്ടുപോത്ത് വിഷയത്തിലും ആരെങ്കിലും കോടതിയില്‍ പോയേക്കും. കാട്ടുപോത്തിനെ മയക്കു വെടിവയ്ക്കുന്നത് ആരെങ്കിലും തടസപെടുത്തിയേക്കാം. മരിച്ചു പോയവരെ വച്ച് വിലപേശുന്നു. ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു. ചില സംഘടനകള്‍ നടത്തുന്ന ആ രീതി ശരിയല്ലെന്നും മന്ത്രി പറഞ്ഞു. 

രണ്ട് പേരുടെ ജീവനെടുത്ത കാട്ടുപോത്തിനെ വെടിവെയ്ക്കാനുള്ള ഉത്തരവ് ജില്ലാ കലക്ടര്‍ പുറത്തിറക്കിയിരുന്നു. ആക്രമണത്തിന് ശേഷം കാട്ടുപോത്ത് ഉള്‍കാട്ടിലേയ്ക്ക് മാറിയിട്ടില്ലെന്നും വീണ്ടും ആക്രമിക്കാന്‍ സാദ്ധ്യതയുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം, കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കണമലയിലെ സമര സമിതി. വെടി വെച്ചു കൊല്ലാനുള്ള കലക്ടറുടെ ഉത്തരവ് അട്ടിമറിക്കപ്പെട്ടതായി സമര സമിതി ആരോപിച്ചു. 

റവന്യു വനം വകുപ്പ് തര്‍ക്കത്തില്‍ ജനങ്ങള്‍ ബലിയാടാകുന്നു. പോത്തിനെ വെടി വെച്ചു കൊല്ലുന്നതില്‍ തീരുമാനമായില്ലെങ്കില്‍ ചാക്കോയുടെ മൃതദേഹവുമായി കലക്ടറേറ്റിന് മുന്നില്‍ സമരം നടത്തുമെന്ന് സമര സമിതി വ്യക്തമാക്കി.

കണമലയില്‍ രണ്ടുപേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിരുന്നു. കാട്ടുപോത്ത് ജനവാസ മേഖലയിലിറങ്ങി ശല്യം തുടര്‍ന്നാല്‍ മയക്കുവെടി വെക്കാമെന്ന് ഉത്തരവില്‍ പറയുന്നു. പോത്തിനെ പിടികൂടി കാട്ടില്‍ തുറന്നുവിടണമെന്നും കോട്ടയം ഡി എഫ് ഒക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കണമലയില്‍ ഭീതി പരത്തിയ കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. പോത്തിനെ കണ്ടെത്തിയാല്‍ ഇത് തന്നെയാണ് കണമലയില്‍ ആക്രമണം നടത്തിയതെന്ന് തിരിച്ചറിയുകയാണ് ആദ്യപടി. കാട്ടില്‍ നിന്ന് ജനവാസ മേഖലയിലേക്ക് ഇറങ്ങിയാല്‍ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം. ഇതിനായി പ്രത്യേകസംഘം തന്നെ കണമലയില്‍ തുടരുന്നുണ്ട്. അക്രമം നടത്തിയതിന് തൊട്ടു പിന്നാലെ കാടിനുള്ളിലേക്ക് പോത്ത് ഓടി രക്ഷപ്പെട്ടിരുന്നു.

എരുമേലി പുറത്തേല്‍ ചാക്കോച്ചന്‍ (70), പ്ലാവിനാകുഴിയില്‍ തോമസ് എന്നിവരാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ദാരുണമായി മരിച്ചത്. ചാക്കോച്ചന്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ച തോമസ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

കൊല്ലം ജില്ലയിലും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചിരുന്നു. പ്രവാസി വയോധികനായ ആയൂര്‍ പെരിങ്ങള്ളൂര്‍ കൊടിഞ്ഞല്‍ കുന്നുവിള വീട്ടില്‍ സാമുവല്‍ വര്‍ഗീസാണ് (64) മരിച്ചത്. കഴിഞ്ഞ ദിവസമാണ് സാമുവല്‍ ദുബൈയില്‍ നിന്ന് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ വീടിനോടു ചേര്‍ന്ന റബര്‍ തോട്ടത്തില്‍ നില്‍ക്കുമ്പോള്‍ സാമുവലിനെ കാട്ടുപോത്ത് പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാട്ടുപോത്തിനെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.


News, Kerala-News, Kerala, News-Malayalam, Controversy, Wild Buffalo, Buffalo Attack, Attack, Killed, Minster, AK Saseendran, Kottayam-News, Controversies over Wild Buffalo attack is Unnecessary says Minster A K Saseendran.

Keywords: News, Kerala-News, Kerala, News-Malayalam, Controversy, Wild Buffalo, Buffalo Attack, Attack, Killed, Minster, AK Saseendran, Kottayam-News, Controversies over Wild Buffalo attack is Unnecessary says Minster A K Saseendran. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?