Sacked | എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ സഹയാത്രികയായ വയോധികയുടെ മേല്‍ മൂത്രമൊഴിച്ച യാത്രക്കാരനെ ജോലിയില്‍ നിന്ന് പുറത്താക്കി; ആരോപണങ്ങള്‍ അസ്വസ്ഥതപ്പെടുത്തുന്നു, വെല്‍സ് ഫാര്‍ഗോ ജീവനക്കാര്‍ പ്രൊഫഷണലും വ്യക്തിപരവുമായി നിലവാരം പുലര്‍ത്തുന്നവരുമാണെന്ന് കംപനി
ന്യൂഡെല്‍ഹി: (www.kvartha.com) കഴിഞ്ഞദിവസങ്ങളില്‍ എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ മദ്യപിച്ച യാത്രക്കാരന്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം ഏറെ വാര്‍ത്തയായിരുന്നു. പിന്നാലെ സംഭവത്തില്‍ അറസ്റ്റ് ഒഴിവാക്കാന്‍ പ്രതി മാപ്പപേക്ഷിച്ചുവെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ, എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ സഹയാത്രികയായ വയോധികയുടെ മേല്‍ മൂത്രമൊഴിച്ച യാത്രക്കാരനെ കംപനി ജോലിയില്‍ നിന്ന് പുറത്താക്കി.
മുംബൈ സ്വദേശിയായ ശങ്കര്‍ മിശ്ര(34)യെ വെല്‍സ് ഫാര്‍ഗോ കംപനി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ശങ്കര്‍ മിശ്രയ്‌ക്കെതിരായ ആരോപണങ്ങള്‍ ഗുരുതരവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്ന് കംപനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വെല്‍സ് ഫാര്‍ഗോ ജീവനക്കാര്‍ പ്രൊഫഷണലും വ്യക്തിപരവുമായി നിലവാരം പുലര്‍ത്തുന്നനവരാണ്. മിശ്രക്കെതിരെയുള്ള ആരോപണങ്ങള്‍ അസ്വസ്ഥതപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഇയാളെ വെല്‍സ് ഫാര്‍ഗോയില്‍ നിന്ന് പിരിച്ചുവിട്ടിരിക്കുന്നതായും കംപനി വ്യക്തമാക്കി.
കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരികന്‍ മള്‍ടിനാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനമായ വെല്‍സ് ഫാര്‍ഗോയുടെ ഇന്‍ഡ്യന്‍ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കര്‍ മിശ്ര. പരാതിക്ക് പിന്നാലെ, എയര്‍ ഇന്‍ഡ്യ ശങ്കര്‍ മിശ്രയെ വിമാനയാത്രയില്‍ നിന്ന് 30 ദിവസത്തേക്ക് വിലക്കി. സംഭവം കൈകാര്യം ചെയ്ത ജീവനക്കാരോട് വിശദീകരണം തേടുകയും അന്വേഷണത്തിന് ആഭ്യന്തര സമിതിയെ നിയോഗിക്കുകയും ചെയ്തു.
വിമാനത്തില്‍വച്ച് മോശമായോ അനുചിതമായോ പെരുമാറുന്ന യാത്രക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ എയര്‍ലൈന്‍ ജീവനക്കാര്‍ പരാജയപ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഏവിയേഷന്‍ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മുന്നറിയിപ്പ് നല്‍കി. വിമാനത്തില്‍ എന്തെങ്കിലും അനുചിതമായ പെരുമാറ്റം ഉണ്ടായാല്‍ എത്രയും വേഗം അധികാരികളെ അറിയിക്കണമെന്ന് എയര്‍ ഇന്‍ഡ്യ സിഇഒ കാംബെല്‍ വില്‍സണ്‍ പറഞ്ഞു.
അതേസമയം, ശങ്കര്‍ മിശ്രയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാളെ പിടികൂടുന്നതിനായി പൊലീസ് ലുക്ഔട് നോടീസും എയര്‍പോര്‍ട് അലേര്‍ടും പുറപ്പെടുവിച്ചു. നവംബര്‍ 26 ന് ന്യൂയോര്‍ക്-ഡെല്‍ഹി എയര്‍ ഇന്‍ഡ്യ വിമാനത്തിലാണ് മദ്യലഹരിയിലായിരുന്ന ശങ്കര്‍ മിശ്ര, ബിസിനസ് ക്ലാസിലെ യാത്രക്കാരിയായ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചത്.
സംഭവം പുറത്തറിഞ്ഞാല്‍ തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്നും പൊലീസില്‍ പരാതിപ്പെടരുതെന്നും ഇയാള്‍ സ്ത്രീയോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ സ്ത്രീ തീരുമാനിച്ചതോടെ സംഭവം പുറത്തറിഞ്ഞു. വിമാനത്തിലുണ്ടായ അതിക്രമം വിവരിച്ച് എയര്‍ ഇന്‍ഡ്യ ഗ്രൂപ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് പരാതിക്കാരി കത്തെഴുതുകയും ചെയ്തിരുന്നു.
എന്നാല്‍ ഏറെ വൈകി, ജനുവരി നാലിനാണ് എയര്‍ ഇന്‍ഡ്യ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. യാത്രക്കാരി പരാതി പിന്‍വലിച്ചതിനാലാണ് പൊലീസിനു കൈമാറാതിരുന്നതെന്ന് എയര്‍ ഇന്‍ഡ്യ അറിയിച്ചു. ശങ്കര്‍ മിശ്ര യുവതിയുടെ ദേഹത്ത് മൂത്രമൊഴിച്ചപ്പോള്‍ അടുത്തുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ് ഇയാളെ സ്ഥലത്തുനിന്നും പിടിച്ചുമാറ്റിയതെന്നും റിപോര്‍ടില്‍ പറയുന്നു. പരാതിക്കാരി എയര്‍ ഇന്‍ഡ്യയ്ക്കെഴുതിയ കത്ത് എഫ്ഐആറിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
ഇവരുടെ വസ്ത്രങ്ങളും ബാഗുമെല്ലാം മൂത്രത്തില്‍ നനഞ്ഞു. പരാതി നല്‍കിയെങ്കിലും വിമാനത്തിലെ ജീവനക്കാര്‍ ആദ്യം ഇടപെടാന്‍ കൂട്ടാക്കിയില്ല. പിന്നീട് വേറെ വസ്ത്രം നല്‍കുകയായിരുന്നു. സീറ്റ് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വേറെ സീറ്റ് ഒഴിവില്ലെന്നും അറിയിച്ചു. മണിക്കൂറുകള്‍ക്കുശേഷമാണ് ജീവനക്കാരുടെ സീറ്റ് നല്‍കിയത്.
വിമാനം ഇറങ്ങുമ്പോള്‍ ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും കത്തില്‍ പറയുന്നു. അപ്പോള്‍, മിശ്രയെ തന്റെ മുഖാമുഖം കൊണ്ടുവന്നിരുത്തിയ ജീവനക്കാര്‍ മാപ്പ് പറയാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ അയാള്‍ കരയാന്‍ തുടങ്ങി.
കുടുംബമുണ്ടെന്നും അവരെ ഈ പ്രശ്നം ബാധിക്കാന്‍ ഇടവരുത്തരുതെന്നും പറഞ്ഞു. ആ അവസ്ഥയില്‍ എന്താണു ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു. അയാളുടെ മുഖത്തേക്കു പോലും നോക്കാന്‍ സാധിച്ചില്ല. വിമാനത്തിലെ ജീവനക്കാര്‍ തികച്ചും നിരുത്തരവാദപരമായാണു പെരുമാറിയത്. യാത്രക്കാരന്റെ മാന്യതയും സുരക്ഷയും സംരക്ഷിക്കുന്നതില്‍ ജീവനക്കാര്‍ പരാജയപ്പെട്ടു.
പിന്നീട് തന്റെ ഫോണ്‍ നമ്പര്‍ ശര്‍മയ്ക്കു കൈമാറിയശേഷം ഷൂവിനും വസ്ത്രത്തിനുമുള്ള തുക കൈമാറാന്‍ ആവശ്യപ്പെട്ടുവെന്നും യാത്രകാരിയുടെ കത്തില്‍ പറയുന്നു. കത്തിനെക്കുറിച്ച് എയര്‍ ഇന്‍ഡ്യ സിഇഒ കാംപ്ബെല്‍ വില്‍സന്‍ റിപോര്‍ട് തേടിയിരുന്നു.
Keywords: News,National,India,Top-Headlines,Trending,Business Man,Job,Controversy,Case, Complaint,Air India Express, Air India Urination row: Shankar Mishra who urinated on woman sacked by his company Wells Fargo
Powered by Info News For You

Comments
Post a Comment