Minister | വരും ദിവസങ്ങളിൽ പെട്രോൾ-ഡീസൽ വില കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി
ലക്‌നൗ: (www.kvartha.com) വാരാണസിയിൽ സന്ദർശനത്തിനെത്തിയ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വരും ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വില കുറയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കണമെന്ന് അദ്ദേഹം എണ്ണക്കമ്പനികളോട് അഭ്യർഥിച്ചു. ചില സംസ്ഥാന സർക്കാരുകൾ നികുതി കുറച്ചിട്ടില്ലെന്നും ഇക്കാരണത്താൽ എണ്ണവില കൂടുതലാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബിജെപി ഇതര സംസ്ഥാനങ്ങളിൽ എണ്ണവിലയിൽ 10 രൂപയോളം വ്യത്യാസമുണ്ടെന്ന് നമോ ഘട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കേന്ദ്രമന്ത്രി പറഞ്ഞു.
റഷ്യ-യുക്രൈൻ യുദ്ധം മൂലം ലോകത്ത് എണ്ണവില കത്തിപ്പടർന്നപ്പോൾ രാജ്യത്ത് ഡീസൽ-പെട്രോൾ വില നിയന്ത്രണാതീതമായി. രാജ്യത്തിന്റെ വികസന നിരക്ക് വർധിപ്പിക്കാൻ സർക്കാർ വിദേശ രാജ്യങ്ങളെ അധികം ആശ്രയിക്കില്ല. രാജ്യത്ത് ഊർജ ഉൽപാദനത്തിനായി നിരന്തര ശ്രമങ്ങൾ നടക്കുന്നുണ്ട്. രാജ്യത്തിന്റെ വികസനം അളക്കുന്നത് ഊർജത്തിന്റെ ആവശ്യകത കൊണ്ടാണ്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങൾ വളർച്ചാ നിരക്ക് ഉയർത്തി.
ഊർജ ആവശ്യങ്ങളും വർധിക്കുകയും ഉപഭോഗം നിറവേറ്റുന്നതിനായി പുതിയ വ്യവസായ സ്ഥാപനങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നു. വിദേശ നിക്ഷേപകരും വരുന്നുണ്ട്. നൂറിലധികം ആഭ്യന്തര, വിദേശ നിക്ഷേപകർ കാശിയിലെത്തി. ചർച്ച നടക്കുകയാണ്. ഹരിത ഊർജം, ജൈവ, സൗരോർജ്ജം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.
2024ഓടെ രാജ്യത്തെ പെട്രോൾ പമ്പുകളിൽ നിന്ന് ജൈവ ഇന്ധനമായ ഇ-20 ലഭ്യമാക്കും. 2047ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ ഊർജ ഉപഭോക്താവായി മാറും. ഭാവിയിൽ ഊർജത്തിന് പുതിയൊരു ബദൽ ഹരിത ഹൈഡ്രജനായി ഉയർന്നുവരും. ഇത് മലിനീകരണം ഒഴിവാക്കും. ദേശീയ ഹരിത ഹൈഡ്രജൻ നയത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രി കൂട്ടിച്ചേർത്തു.
Keywords: News,National,India,Lucknow,Uttar Pradesh,Petrol,Petrol Price,diesel,Business,Finance,Taxi Fares,Tax&Savings,BJP,Politics, Petrol-diesel prices will come down in the coming days, Union Petroleum Minister
Powered by Info News For You

Comments
Post a Comment