Arrested | വ്യാജ ഫോണ്‍ സന്ദേശം നിര്‍മിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസ്; 24 കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: (www.kvartha.com) പൂവാറില്‍ വ്യാജ ഫോണ്‍ സന്ദേശം നിര്‍മിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 24 കാരന്‍ അറസ്റ്റില്‍. പൂവാര്‍ ജമാ അത്തിന്റെ കീഴിലെ മദ്രസ അധ്യാപകനായിരുന്ന വിഴിഞ്ഞം ടൗണ്‍ഷിപില്‍ മുഹമ്മദ് ശാഫി ആണ് അറസ്റ്റിലായത്. സംഭവത്തില്‍ കൂട്ടു പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നത്: പൂവാര്‍ സ്വദേശിനിയായ വീട്ടമ്മയെ അപമാനിക്കുന്ന തരത്തില്‍ മറ്റൊരു സ്ത്രീയെ കൊണ്ട് വിളിപ്പിച്ച് വ്യാജ ശബ്ദ സന്ദേശം നിര്‍മിക്കുകയും ഫോണിലെ കാള്‍ ഹിസ്റ്ററിയില്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പരും പേരും എഡിറ്റ് ചെയ്ത് വ്യാജമായി നിര്‍മിച്ച് പ്രചരിപ്പിക്കുകയും ചെയ്തതിനാണ് മുഹമ്മദ് ശാഫി പിടിയിലായത്.
മദ്രാസിലെ അദ്ധ്യാപകനായിരുന്ന ഇയാള്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി മദ്രസാ ക്ലാസില്‍ വരാത്തതിനെക്കുറിച്ച് കുട്ടിയുടെ അമ്മയെ വിളിച്ച് വിവരം അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ അമ്മയെ ഇയാള്‍ മെസേജ് അയച്ച് നിരന്തരം ശല്യപ്പെടുത്തുന്നത് തുടര്‍ന്നു. മദ്രസാ അധ്യാപകന്റെ നിരന്തരമായ ശല്യത്തെ തുടര്‍ന്ന് സഹിക്കെട്ട വീട്ടമ്മ ഇത് സംബന്ധിച്ച് ജമാഅത്തില്‍ പരാതി നല്‍കി. പരാതിയെ കുറിച്ച് അന്വേഷിച്ച ജമാഅത്ത് അധ്യാപകനെ മദ്രസയില്‍ നിന്ന് പിരിച്ച് വിട്ടു. ഇതിന് പിന്നാലെയാണ് യുവാവിന്റെ പ്രതികാര നടപടി.
മുഹമ്മദ് ശാഫി തന്റെ സുഹൃത്തായ ഒരു സ്ത്രീയെ കൊണ്ട് പരാതിക്കാരിയായ വീട്ടമ്മ വിളിക്കുന്ന തരത്തില്‍ ആള്‍മാറാട്ടം നടത്തി ഫോണ്‍ വിളിച്ച് ജമാ അത്ത് ഭാരവാഹികളെയും പരാതിക്കാരിയായ വീട്ടമ്മയെയും അപമാനിക്കുന്ന തരത്തിലുള്ള സംസാരം റികാര്‍ഡ് ചെയ്തു. തുടര്‍ന്ന് ഇന്‍കമിംഗ് കാള്‍ ലിസ്റ്റില്‍ വിളിപ്പിച്ച സ്ത്രീയുടെ പേരും നമ്പരും മാറ്റി പരാതിക്കാരിയുടെ പേരും നമ്പറും ശബ്ദ സന്ദേശവും ഉള്‍പെടുത്തിയ ശേഷം ഇതിന്റെ സ്‌ക്രീന്‍ ഷോടുകള്‍ എഡിറ്റ് ചെയ്ത് സമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.
ഇതോടെ വിശ്വാസികള്‍ രണ്ട് ചേരിയിലായി തിരിഞ്ഞതോടെ ജമാ അത്തില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇതേ തുടര്‍ന്ന് വീട്ടമ്മ പരാതി നല്‍കി. ഈ പരാതിയിന്‍ മേല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രചരിപ്പിക്കപ്പെട്ട ശബ്ദസന്ദേശം മറ്റൊരു സ്ത്രീയെ കൊണ്ട് വിളിപ്പിച്ച് വ്യാജമായി നിര്‍മിച്ചതാണെന്നും പ്രചരിപ്പിച്ച സ്‌ക്രീന്‍ ഷോടുകളെല്ലാം എഡിറ്റ് ചെയ്തതാണെന്നും പൊലീസ് കണ്ടെത്തിയത്.
തുടര്‍ന്ന് പൂവാര്‍ സിഐ എസ് ബി പ്രവീണിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ തിങ്കള്‍ ഗോപകുമാര്‍, എ എസ് ഐ ഷാജി കുമാര്‍, പൊലീസ് ഉദ്യോഗസ്ഥരായ പ്രഭാകരന്‍, അനിത, ശശി നാരായണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് മുഹമ്മദ് ശാഫിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ സഹായിച്ചവരെയും സാമൂഹിക മാധ്യമങ്ങളില്‍ അപമാനകരമായ രീതിയില്‍ പ്രചരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: News,Kerala,State,Thiruvananthapuram,Arrest,Abuse,Police,Case,Complaint,Local-News,Accused,Woman,House Wife, Fake phone call spread to humiliate housewife, former madrasa teacher arrested
Powered by Info News For You

Comments
Post a Comment