Penalty Kicks | പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്പെയിന് ഒരു കിക്ക് പോലും വലയിലാക്കാനാകാതെ പോയപ്പോള്‍, മൊറോക്കോ ഒന്നൊഴികെ മൂന്നും ഗോളാക്കി
-മുജീബുല്ല കെ വി
(www.kvartha.com) കളിയുടെ 90 മിനിറ്റും പിന്നെ എക്‌സ്ട്രാ ടൈമും സ്‌പെയിനിനെ പ്രതിരോധക്കുരുക്കില്‍ കുരുക്കിയിട്ട ശേഷം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിനിനെ തകര്‍ത്ത് മൊറോക്കോ ഫിഫാ ലോകകപ്പിന്റെ ക്വാര്‍ട്ടറിലേക്ക്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്പെയിന് ഒരു കിക്ക് പോലും വലയിലാക്കാനാകാതെ പോയപ്പോള്‍, മൊറോക്കോ ഒന്നൊഴികെ മൂന്ന് കിക്കുകളും ഗോളാക്കി. പെനാല്‍റ്റിയില്‍ 3 - 0 ത്തിനായിരുന്നു മൊറോക്കോയുടെ വിജയം. തങ്ങളുടെ ഫുട്ബോള്‍ ചരിത്രത്തിലാദ്യമായാണ് മൊറോക്കോ ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്നത്.
പ്രീ ക്വാര്‍ട്ടറിലെ ഏറ്റവും കടുത്ത മത്സരമാവും ഇന്നത്തെ മൊറോക്കോ Vs സ്‌പെയിന്‍ എന്ന് കരുതിയിരുന്നതാണ്. സ്‌പെയിനിനിന്ന് കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരിക്കില്ലെന്നും.
മൊറോക്കോയ്ക്കിത് നോക്കൗട്ടില്‍ ഇത് വെറും രണ്ടാമൂഴം. റാങ്കിങ്ങില്‍ ഇറാനും പിന്നില്‍ 22ാം സ്ഥാനം. മറുവശത്ത് സ്‌പെയിനാകട്ടെ മുന്‍ ചാമ്പ്യന്മാര്‍. കാല്‍പ്പന്തു കളിയിലെ കാളക്കൂറ്റന്‍. കളിയിലെ കണക്കുകളും കണക്കുകൂട്ടലുകളുമെല്ലാം സ്‌പെയിനിനനുകൂലം.
എന്നാല്‍ കോസ്റ്ററിക്കയെ എതിരില്ലാത്ത ഏഴ് ഗോളുകളില്‍ മുക്കി തുടങ്ങിയ സ്‌പെയിനിന് പക്ഷെ പിന്നീടുള്ള കളികളില്‍ ആ നിലവാരം പുലര്‍ത്താനായില്ല. മാത്രമല്ല, തുടര്‍ന്നുള്ള മത്സരത്തില്‍ ജര്‍മ്മനിയോട് സമനില പാലിച്ച അവര്‍ ജപ്പാനോട് തോല്‍ക്കുകയും ചെയ്തു.
മറുവശത്ത്, മൊറോക്കോ ആദ്യ മത്സരത്തില്‍ തന്നെ ക്രൊയേഷ്യയെ സമനിലയില്‍ പൂട്ടി. രണ്ടാം മത്സരത്തില്‍ കപ്പ് പ്രതീക്ഷകളായിരുന്ന ബെല്‍ജിയത്തെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്തു. കാനഡയെ 2 - 1 ന് തോല്‍പ്പിച്ചു.
എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ സ്പാനിഷ് കിക്കോഫോടെയാണ് മത്സരം ആരംഭിച്ചത്. തുടക്കം മുതലേ കളി സ്പാനിഷ് നിയന്ത്രണത്തിലായി, മൊറോക്കോയുടെ ഹാഫിലും. മത്സരത്തില്‍ ഉടനീളം സ്പെയിന്റെ പൂര്‍ണ്ണാധിപത്യമായിരുന്നു. ഫോര്‍വേഡുകളും മധ്യനിരയുമടക്കം എട്ടോളം സ്പാനിഷ് താരങ്ങള്‍ മൊറോക്കോയുടെ പകുതിയില്‍ വട്ടമിട്ടു. പന്തടക്കത്തിലും പാസിങ്ങിലും മികച്ചു നിന്ന സ്പെയിന്ന് പക്ഷെ മൊറോക്കോ ഗോള്‍കീപ്പറെ പരീക്ഷിക്കാനായില്ല. മൊറോക്കോ പ്രതിരോധം ശക്തമായി ചെറുത്തു നിന്നു.
രണ്ടോ മൂന്നോ മുന്നേറ്റങ്ങളേ മൊറോക്കോയുടെ ഭാഗത്തുനിന്ന് ഉണ്ടായുള്ളൂ. പക്ഷെ ഗോള്‍പോസ്റ്റിലേക്കുള്ള ഏറ്റവും ശക്തമായ ആക്രമണമുണ്ടായത് മൊറോക്കോയില്‍നിന്നാണ്. 42 - ആം മിനിറ്റില്‍ സ്പാനിഷ് ബോക്‌സിനുള്ളില്‍ തുടര്‍ച്ചയായ രണ്ട് ശക്തമായ മുന്നേറ്റം നടത്തി മൊറോക്കോയുടെ നായിഫ് അഗേര്‍ഡ് ന്റെ ഹെഡ്ഡര്‍ ബാറിന് മുകളിലൂടെ പുറത്തുപോയി. പെനാല്‍റ്റി ബോക്സിന് ഇടതുവശത്തുനിന്നും ലഭിച്ച പന്ത് ബൗഫല്‍ ചിപ്പ് ചെയ്തത് ഉയര്‍ന്നു ചാടി അഗേര്‍ഡ് ഹെഡ്ഡ് ചെയ്‌തെങ്കിലും ക്രോസ്സ് ബാറിന് മുകളിലൂടെ പുറത്തു പോവുകയായിരുന്നു.
നേരത്തെ മസ്‌റായിയുടെ ലോങ്ങ് റേഞ്ചര്‍ സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനൈ സിമോണ് കയ്യിലൊതുക്കി.
സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ മൊറോക്കോ കാണികള്‍ക്ക് ആരവമുയര്‍ത്താന്‍ ഒരവസരം. ഒരുപാട് മൊറോക്കോ കാണികള്‍ക്ക് ടിക്കറ്റ് കിട്ടിയില്ല. എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിനുള്ളില്‍ മൊറോക്കോ ആരാധകര്‍ ഡ്രം ബീറ്റും ഡാന്‍സുമായി ഗംഭീരമായ ആഘോഷാന്തരീക്ഷമൊരുക്കി കളിക്കാര്‍ക്ക് തങ്ങളുടെ ഹോം ഗ്രൗണ്ടിന്റെ പ്രതീതിയുണര്‍ത്തി.
മത്സരം, സ്പാനിഷ് കോച്ച് ലൂയിസ് എന്റിക്വെയുടെയും മൊറോക്കോ കോച്ച് വാലിഡ് റെഗ്രാഗുയിയുടെയും തന്ത്രങ്ങള്‍ മാറ്റുരക്കുന്നതു കൂടിയായിരുന്നു ആദ്യ പകുതി. കളിയുടെ നിയന്ത്രണം സ്പെയിനിന്റെ കയ്യിലാണെങ്കിലും പോസ്റ്റിലേക്കുള്ള ഏക ആക്രമണം മൊറോക്കോയില്‍നിന്നായിരുന്നു. സ്പാനിഷ് മുന്നേറ്റത്തിന് കടുത്ത പ്രതിരോധമാണ് മൊറോക്കോ ഒരുക്കിയത്. ഈ ലോകക്കപ്പിലെ മികച്ച പ്രതിരോധ നിര തങ്ങളാണെന്ന് ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കുന്ന പ്രകടനം.
മത്സരം ഇടവേളയ്ക്ക് പിരിയുമ്പോള്‍ ഗോള്‍ രഹിത സമനില.
54 മിനിറ്റില്‍ സ്പാനിഷ് ഫ്രീ കിക്കില്‍നിന്നുള്ള മുന്നേറ്റം മൊറോക്കോ ഗോളി ബോണോ കയ്യിലൊതുക്കി.
കുറഞ്ഞ നേരത്തെ ഇടവേളയൊഴിച്ചു നിര്‍ത്തിയാല്‍ വീണ്ടും മത്സരം മൊറോക്കോ ഹാഫിലായി. കുറിയ പാസ്സുകളുമായി മൊറോക്കോ പ്രതിരോധത്തെ കീഴടക്കാന്‍ സ്പാനിഷ് നിരയുടെ തീവ്രശ്രമങ്ങള്‍. മൊറോക്കോയുടെ മാന് റ്റു മാന്‍ മാര്‍ക്കിങ്ങിനെ മറികടക്കാനാവുന്നില്ല. മൊറോക്കോ തിരിച്ചടികളും കുറിയ പാസുകളിലൂടെ തന്നെ. ലക്ഷ്യം നേടുന്നതില്‍ പക്ഷെ അവരും വിജയിക്കുന്നില്ല.
ബോക്‌സിനകത്തുനിന്നുള്ള സ്പാനിഷ് ആക്രമണങ്ങള്‍ പോലും അടിച്ചകറ്റാതെ സഹ കളിക്കാര്‍ക്ക് പാസുകള്‍ നല്‍കി നിയന്ത്രിക്കുന്ന, ഗോള്‍കീപ്പര്‍ക്കും യഥേഷ്ടം മൈനസ് പാസുകള്‍ നല്‍കുന്ന മൊറോക്കോ, തങ്ങളുടെ ഡിഫന്‍സില്‍ തങ്ങള്‍ക്കുള്ള ആത്മവിശ്വാസം വ്യക്തമാക്കുന്നതായിരുന്നു. പ്രതിരോധവും ഒരു തന്ത്രമാണെന്നും.
81 ആം മിനിറ്റില്‍ സ്‌പെയിനിന് തുറന്ന അവസരം. ഗോള്‍ പോസ്റ്റില്‍ നിന്നും മൊറോട്ടോയുടെ ക്രോസ്സ് കണക്റ്റ് ചെയ്യാന്‍ ആരുമുണ്ടായില്ല! വലതു പോസ്റ്റിനു പുറത്തുനിന്ന് ഗോളിയെ കടന്ന് നല്‍കിയ ക്രോസ്സ്, പോസ്റ്റ് പൂര്‍ണ്ണമായും ഉരുണ്ടു കടന്നുപോയി.
മൊറോക്കോയുടെ കൌണ്ടര്‍ അറ്റാക്കുകള്‍ക്കിടയില്‍ വീണ്ടും സ്പാനിഷ് അറ്റാക്ക്. ഇക്കുറി ബോക്‌സിനകത്ത് പ്രതിരോധനിര രക്ഷപ്പെടുത്തി. തൊട്ടുടനെ സ്‌പെയിനിനനുകൂലമായിക്കിട്ടിയ ഫ്രീ കിക്ക്, മുതലാക്കാനായില്ല.
മൊറോക്കോ ഗോളിയുടെ ലാസ്റ്റ് മിനിറ്റ് സേവ്! അധിക സമയത്തിന്റെ അവസാന നിമിഷം ഡാനി ഓള്‍മോയുടെ ഷോട്ട് കോര്‍ണര്‍ വഴങ്ങി ബോണോ രക്ഷപ്പെടുത്തി.
കടുകടുത്ത പ്രതിരോധവും, തരം കിട്ടുമ്പോള്‍ ശക്തമായ പ്രത്യാക്രമണവും. മൊറോക്കോ കോച്ച് വാലിഡ് റെഗ്രഗുയിയുടെ തന്ത്രം ഇതായിരുന്നു..
എക്‌സ്ട്രാ ടൈമിലെ മൊറോക്കോയുടെ അവസരം മുതലാക്കാനായില്ല. മൈതാന മധ്യത്തുനിന്നും ലഭിച്ച പാസ്സുമായി കുതിച്ച താരം പോസ്റ്റിനടുത്ത് ഒരല്‍പം വേഗത കുറച്ചപ്പോള്‍, ഷോട്ട് എടുക്കാനാഞ്ഞ ഇടവേളയില്‍ പിന്നില്‍നിന്നെത്തിയ സ്പാനിഷ് ഡിഫെന്‍ഡര്‍ ഗോളിക്ക് മൈനസ് പാസ് ചെയ്തു. അപ്പഴേക്കും ലൈന്‍ റഫറിയുടെ ഓഫ്സൈഡ് ഫ്ളാഗ് ഉയര്‍ന്നിരുന്നു.
പിന്നെയും കളി മൊറോക്കോ ബോക്‌സില്‍. പെനാല്‍റ്റി ബോക്‌സില്‍ തുടര്‍ച്ചയായ സ്പാനിഷ് മുന്നേറ്റങ്ങള്‍. ഗോള്‍കീപ്പര്‍ യാസിന്‍ ബോനുവിന്റെ നിരവധി തകര്‍പ്പന്‍ സേവുകള്‍.
104 ആം മിനിറ്റില്‍ തകര്‍പ്പന്‍ അവസരം കൗണ്ടര്‍ അറ്റാക്കില്‍ മൊറോക്കോയുടെ ഉനൈഹി നഷ്ടപ്പെടുത്തി. പോസ്റ്റിന് തൊട്ടു മുന്നില്‍ നിന്നുള്ള ഉനൈസിയുടെ അടി സ്പാനിഷ് ഗോളി ഒരുവിധത്തില്‍ കാലുകൊണ്ട് തട്ടിയകറ്റി.
മുഴുവന്‍ സമയവും എക്ട്രാ ടൈമും കഴിഞ്ഞപ്പോള്‍ മത്സരം ഗോള്‍രഹിത സമനിലയില്‍.
മത്സരത്തിലുടനീളം അജയ്യനായിരുന്ന മൊറോക്കോ ഗോള്‍കീപ്പര്‍ യാസിന്‍ ബോനുവിന്റെ എണ്ണം പറഞ്ഞ മൂന്ന് ഉജ്ജ്വല സേവുകളാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മൊറോക്കോയ്ക്ക് തുണയായത്. മറുവശത്ത് ഒരൊറ്റ കിക്ക് പോലും സ്‌പെയിനിന് വലയിലെത്തിക്കാനായില്ല! പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3 - 0 ത്തിന് മൊറോക്കോ ജയിച്ചു. സ്പെയിന്‍ പോരാട്ടം കണ്ണീരില്‍ കുതിര്‍ന്ന് പ്രീ ക്വാര്‍ട്ടറില്‍ അവസാനിച്ചു.
ഗോള്‍ദാഹവുമായി മൊറോക്കോ ബോക്സില്‍ വട്ടമിട്ടു പറക്കുന്ന സ്പാനിഷ് താരങ്ങള്‍. പഴുതടച്ച പ്രതിരോധവുമായി തങ്ങളുടെ ഉരുക്കു കോട്ട കാക്കുന്ന യാസിന്‍ ബോനുവും കൂട്ടരും - ഒറ്റ വാക്കില്‍ സ്പെയിന്‍ മൊറോക്കോ മാച്ചിനെ ഇങ്ങിനെ സംഗ്രഹിക്കാം!
ഈ ലോകക്കപ്പിലെ ഏറ്റവും കരുത്തുറ്റ പ്രതിരോധ നിരയെന്ന ഖ്യാതി അന്വര്‍ത്ഥമാക്കിക്കൊണ്ട് അത്രയും ഗംഭീരമായ പ്രതിരോധമാണ് സ്‌പെയിനിനെതിരെ മൊറോക്കോ കാഴ്ച വച്ചത്.
കടുകുമണി കയറാത്ത കടുകടുത്ത, പഴുതടച്ച പ്രതിരോധവും, തരം കിട്ടുമ്പോള്‍ ശക്തമായ പ്രത്യാക്രമണവും. മൊറോക്കോ കോച്ച് വാലിഡ് റെഗ്രഗുയിയുടെ തന്ത്രം ഇതായിരുന്നു..
പ്രതിരോധപ്പൂട്ടില്‍ സ്‌പെയിനിനെ പൂട്ടിയിട്ട്, അനിവാര്യമായ പെനാല്‍റ്റിയിലെത്തിച്ച്, യാസിന്‍ ബോനുവെന്ന ഗോള്‍കീപ്പറെ വിശ്വസിച്ച്, അസാധ്യമായത് സാധ്യമാക്കി മൊറോക്കോ! അവസാന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്റിനെ തകര്‍ത്ത പോര്‍ച്ചുഗലാണ് ക്വാര്‍ട്ടറില്‍ മൊറോക്കോയുടെ എതിരാളി.
Keywords: Article, News, World, Sports, Report, FIFA-World-Cup-2022, World Cup, Morocco beat Spain with penalty kicks to reach World Cup quarter-finals.
Powered by Info News For You

Comments
Post a Comment