Missing Man | ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ യുവാവ് 7 ദിവസത്തിനുശേഷം നടന്ന് വീട്ടിലെത്തി; കയ്യില്‍ പണമോ ഫോണോ ഉണ്ടായിരുന്നില്ല, ഉറക്കം ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും, ദു:ഖിതരായ കുടുംബത്തിന് ആശ്വാസമായി അനിലിന്റെ തിരിച്ചുവരവ്
പത്തനംതിട്ട: (www.kvartha.com) ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ യുവാവ് ഏഴു ദിവസത്തിനുശേഷം നടന്ന് വീട്ടിലെത്തി. കുഞ്ഞുചെറുക്കന്റെയും പൊടിപ്പെണ്ണിന്റെയും മകന്‍ പത്തനംതിട്ട മാത്തൂര്‍ മയില്‍നില്‍ക്കുന്നതില്‍ അനില്‍ (42) ആണ് തിരിച്ചെത്തിയത്. പാലക്കാടുനിന്നുമാണ് എന്തോ ആവശ്യത്തിനായി പുറത്തിറങ്ങിയ അനിലിന് ട്രെയിന്‍ മിസായത്. ഒരുകുപ്പി വെള്ളം, ജാതിക്ക, പുളി എന്നിവയായിരുന്നു പാലക്കാട് മുതല്‍ തിരുവല്ല വരെ നടക്കുമ്പോള്‍ തന്റെ കയ്യിലുണ്ടായിരുന്നത് എന്ന് അനില്‍ പറയുന്നു.
ഉറക്കം ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലുമായിരുന്നു. തമിഴ്‌നാട്ടിലെ കാട്പാടിയില്‍ വച്ചു കാണാതായ അനില്‍ പാലക്കാട് വരെ ബസിലും അവിടെനിന്ന് ആറന്മുള വരെ നടന്നുമാണു തിരികെ നാട്ടിലെത്തിയത്.
സഹോദരി ഉഷയുടെ മകളെ ആന്ധ്രയില്‍ നഴ്‌സിങ്ങിനു ചേര്‍ക്കാന്‍ പോയതായിരുന്നു ഉഷയും അനിലും ഭാര്യ രാജിയും മകള്‍ അഞ്ജുവും. ജീവിതത്തിലാദ്യമായിട്ടായിരുന്നു അനില്‍ ട്രെയിനില്‍ കയറുന്നത്. ഡിസംബര്‍ മൂന്നിനു വൈകിട്ട് ചെങ്ങന്നൂരേക്കു ട്രെയിനില്‍ യാത്ര തിരിച്ചു. ജെനറല്‍ കോചിലെ തിരക്കു കാരണം അനില്‍ ഒരിടത്തും മറ്റുള്ളവര്‍ വേറെയും കോചുകളിലായിരുന്നു. കാട്പാടി സ്റ്റേഷനില്‍ ട്രെയിന്‍ നിന്നപ്പോള്‍ പുറത്തിറങ്ങി. പക്ഷേ, തിരികെ കയറാന്‍ കഴിഞ്ഞില്ല.
പിറ്റേന്ന് എറണാകുളത്തെത്തിയപ്പോഴാണു അനിലിനെ കാണാനില്ലെന്ന കാര്യം കൂടെയുള്ളവര്‍ അറിയുന്നത്. ബന്ധപ്പെടാമെന്നുവച്ചാല്‍ അനിലിനു ഫോണുമില്ല. ട്രെയിന്‍ മിസായ അനില്‍ കാട്പാടി പൊലീസ് സ്റ്റേഷനിലെത്തി വീട് കേരളത്തിലെ പത്തനംതിട്ട ജില്ലയിലാണെന്ന് പറഞ്ഞു. മാനസികമായി ആകെ തകര്‍ന്ന നിലയിലായിരുന്നു അയാള്‍. തുടര്‍ന്ന് രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് 200 രൂപ കൊടുത്ത ശേഷം പാലക്കാട്ടേക്കുള്ള ബസില്‍ കയറ്റിവിട്ടു.
പാലക്കാട്ടുനിന്ന് ദേശീയപാതയിലൂടെ നാട്ടിലേക്കു നടന്നു. നാലഞ്ച് ദിവസം നടന്നുവെന്ന് അനില്‍ ഓര്‍ക്കുന്നു. ആറന്മുളയില്‍ വച്ചു അനിലിനെ തിരിച്ചറിഞ്ഞ പരിചയക്കാരന്‍ ജിജോ, ഇലവുംതിട്ട സ്റ്റേഷനില്‍ വിളിച്ചു പറയുകയായിരുന്നു.
Keywords: No phone, no money: After missing train in Tamil Nadu, hungry Kerala man travels 300 km on foot to reach home, Pathanamthitta, Local-News, News, Family, Missing, Police Station, Kerala.
Powered by Info News For You

Comments
Post a Comment