Kerala Police | ക്രിമിനലുകളുടെ ജോലി പോകും; കേരള പൊലീസില്‍ ഗുരുതരകുറ്റം ചെയ്ത 59 പേരെ പിരിച്ചുവിടും; ഒരു കേസിലും ഉള്‍പെടാത്ത മികച്ചവര്‍ 98%
തിരുവനന്തപുരം: (www.kasargodvartha.com) കേരള പൊലീസില്‍ ഗുരുതരകുറ്റം ചെയ്ത 59 പേരെ പിരിച്ചുവിടാന്‍ തീരുമാനം. ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പെട്ടിട്ട് ജീവപര്യന്തമോ 10 വര്‍ഷം വരെയോ തടവ് ലഭിക്കാവുന്നവരാണ് പിരിച്ചുവിടുന്നവരുടെ പട്ടികയിലുള്ളത്. ഇവരുടെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും നടപടിയെന്നാണ് വിവരം.
ബേപ്പൂര്‍ തീരദേശ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിനെ പിരിച്ചുവിടാനുള്ള റിപോര്‍ടിലാണ് 58 പേരെ കൂടി പിരിച്ചുവിടേണ്ടി വരുമെന്ന് സര്‍കാരിനെ ഡിജിപി അനില്‍ കാന്ത് അറിയിച്ചത്. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രടറി ഡോ. വി വേണു കൈമാറിയ റിപോര്‍ട് നിയമസെക്രടറി ഹരി നായര്‍ വ്യവസ്ഥകളോടെ അംഗീകരിച്ചു.
ഇപ്പോള്‍ സസ്‌പെന്‍ഷനിലുള്ള സുനുവിനെ ആദ്യം പിരിച്ചുവിടും. അതില്‍ നിയമപ്രശ്‌നം ഉണ്ടായില്ലെങ്കില്‍ ഒന്നിന് പിറകേ ഒന്നായി എല്ലാ 'പൊലീസ് ക്രിമിനലുകളും' പുറത്താകും. സുനുവിനെ പിരിച്ചുവിടാനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. അതേസമയം, ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്ത പൊലീസുകാരെ പിരിച്ചുവിടലില്‍നിന്ന് തല്‍ക്കാലം ഒഴിവാക്കിയിട്ടുണ്ട്.
കേരള പൊലീസില്‍ 98.44% ഉദ്യോഗസ്ഥരും ഒരു കേസിലും ഉള്‍പെടാത്തവരാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 55,000 അംഗങ്ങളുള്ള സേനയില്‍ 1.56% പേര്‍ മാത്രമാണ് ക്രിമിനല്‍ പട്ടികയിലുള്ളത്.
സംസ്ഥാന പൊലീസില്‍ ഇത്രയധികം ഉദ്യോഗസ്ഥരെ ഒരുമിച്ച് പിരിച്ചുവിടുന്നത് ആദ്യമാണ്. പിണറായി സര്‍കാര്‍ അധികാരമേറ്റ 2016 മുതല്‍ ഇതുവരെ 12 ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്. സേനയിലെ ക്രിമിനലുകളെ പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ കേരള പൊലീസില്‍ ക്രിമിനല്‍ കേസില്‍ പ്രതികളായ 828 പേരുണ്ട്.
Keywords: news,Kerala,State,Top-Headlines,Pinarayi-Vijayan,case,Police,Job,Criminal-gang, Criminal officers will be dismissed from Kerala Police
Powered by Info News For You

Comments
Post a Comment