US polls | അമേരിക്കൻ ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം നേടി റിപ്പബ്ലിക്കൻ പാർട്ടി; ഭരണത്തിലേറുന്നത് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ; പാർട്ടി നേരിടുക കനത്ത വെല്ലുവിളി
വാഷിംഗ്ടൺ: (www.kvartha.com) കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകൾ നേടി റിപ്പബ്ലിക്കൻ പാർട്ടി ഡെമോക്രാറ്റുകളിൽ നിന്ന് അമേരിക്കൻ ജനപ്രതിനിധിസഭയുടെ ഭരണം തിരിച്ചുപിടിച്ചു. 435 അംഗ ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷത്തിന് വേണ്ട 218 സീറ്റുകള്‍ റിപ്പബ്ലിക്കൻ പാർട്ടി സ്വന്തമാക്കി. 208 സീറ്റാണ് ഡെമോക്രാറ്റുകള്‍ക്ക് ഇതുവരെ ലഭിച്ചത്. എന്നാൽ സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്. റിപ്പബ്ലിക്കൻ പാർട്ടി വലിയ വിജയം നേടുമെന്ന പ്രവചനങ്ങളെയല്ലാം അസ്ഥാനത്താക്കിയാണ് ഫലം പുറത്തുവന്നത്.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന തെരഞ്ഞെടുപ്പിലെ വോട്ടുകൾ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുന്നതിനാൽ, പാർട്ടികൾ തമ്മിലുള്ള ഭൂരിപക്ഷം അറിയാൻ ഇനിയും കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞേക്കുമെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഇതിനുമുമ്പ് 2001ൽ രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ കേവലം ഒമ്പത് സീറ്റുകളുടെ ഭൂരിപക്ഷത്തോടെ (221-212) ജനപ്രതിനിധിസഭയിൽ വിജയിച്ച റിപ്പബ്ലിക്കൻ പാർട്ടി, അന്ന് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് ഭരിച്ചത്. അതേ നിലയിലേക്കാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്കെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സമ്പദ്‌വ്യവസ്ഥയും പ്രസിഡന്റ് ബൈഡന്റെ കുറഞ്ഞുവരുന്ന ജനപിന്തുണയും പ്രയോജനപ്പെടുത്തി നിയമനിർമാണ സഭയിൽ മികച്ച വിജയം നേടാമെന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ കണക്ക് കൂട്ടലുകൾ പിഴയ്ക്കുന്ന കാഴ്ചയാണ് ഫലം പുറത്തുവരുമ്പോൾ വ്യക്തമാകുന്നത്. അതേസമയം, വെർജീനിയ മുതൽ മിനസോട, കൻസാസ് വരെയുള്ള ജില്ലകളുടെ നിയന്ത്രണം നിലനിർത്തിക്കൊണ്ട് ഡെമോക്രാറ്റുകൾ അപ്രതീക്ഷിതമായ മുന്നേറ്റം നടത്തി..
റിപ്പബ്ലിക്കൻ പാർട്ടി നേതാവ് കെവിൻ മകാർത്തിയുടെ സ്പീക്കറാകാനുള്ള മോഹങ്ങൾക്കും കുറഞ്ഞ ഭൂരിപക്ഷം വിലങ്ങ് തടിയായേക്കാം. തെരഞ്ഞെടുപ്പിൽ വിജയിച്ച യാഥാസ്ഥിതികരായ പാർട്ടി അംഗങ്ങൾ അദ്ദേഹത്തെ പിന്തുണക്കാൻ തയ്യാറാകില്ലെന്നാണ് വിവരം. അതേസമയം പ്രസിഡന്റ് ബൈഡൻ റിപ്പബ്ലിക്കൻ പാർട്ടിയെ അഭിനന്ദിച്ചു. ജനപ്രതിനിധിസഭയിൽ യോജിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി
കുറഞ്ഞ ഭൂരിപക്ഷം റിപ്പബ്ലിക്കൻ പാർട്ടിക്ക് ഇരുത്തിച്ചിന്തിക്കാൻ വക നൽകുന്നുണ്ട്. പ്രതീക്ഷിച്ചതിലും മോശമായ ഫലത്തിന് ഡൊണാൾഡ് ട്രംപിനെ പാർട്ടിയിലെ ചിലർ കുറ്റപ്പെടുത്തി. ചൊവ്വാഴ്ച 2024 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. അമേരിക്കയെ ഉന്നതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാനാർഥിത്വമെന്ന് ട്രംപ് പറഞ്ഞു. ഫ്ലോറിഡയിലെ ട്രംപിന്റെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്.
എന്നിരുന്നാലും പ്രധാന കമ്മിറ്റികളുടെ നിയന്ത്രണം റിപ്പബ്ലിക്കൻ പാർട്ടിക്ക് ലഭിക്കും. ഇത് ജോ ബൈഡന് ഭരണത്തിൽ പ്രതിസന്ധിയുണ്ടാക്കുന്ന കാര്യമാണ്. നിയമനിർമാണങ്ങൾക്കും ബൈഡൻ, അദ്ദേഹത്തിന്റെ കുടുംബം, ഭരണം എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങൾ ആരംഭിക്കാനും റിപ്പബ്ലിക്കൻ പാർട്ടിക്ക് സാധിക്കും. പ്രസിഡന്റിന്റെ മകൻ ഹണ്ടർ ബൈഡന്റെ വിദേശ ബിസിനസ് ഇടപാടുകൾ അന്വേഷിക്കണമെന്ന ആവശ്യം റിപ്പബ്ലിക്കൻ പാർട്ടി ശക്തമാക്കുമെന്നാണ് അറിയുന്നത്.
ചില അംഗങ്ങൾ ബൈഡനെ ഇംപീച്ച് ചെയ്യാനുള്ള സാധ്യത ഉയർത്തിയിട്ടുണ്ട്, എന്നിരുന്നാലും പാർട്ടിയുടെ കുറഞ്ഞ ഭൂരിപക്ഷം കാരണം അത് നേടുന്നത് വളരെ ബുദ്ധിമുട്ടാണ്. ജനപ്രതിനിധി സഭയിൽ നിന്ന് ഉയർന്നുവരുന്ന ഏത് നിയമങ്ങളും സെനറ്റിൽ എതിർപ്പുകൾ നേരിടേണ്ടിവരും. പുതിയ കണക്കുകൾ പ്രകാരം ഡെമോക്രാറ്റുകൾ സെനറ്റ് പിടിക്കുമെന്നാണ് വ്യക്തമാകുന്നത്.
Keywords: Top-Headlines, President, Government, Latest-News, America, News, Twitter, International, Washington, US midterm polls: Republicans win slim House majority, complicating party’s ability to govern.
Powered by Info News For You

Comments
Post a Comment