Suspended | കുടുംബകലഹം പരിഹരിക്കാനെത്തിയ ഭാര്യയുമായി കറങ്ങിനടന്നതായി ഗൃഹനാഥന്റെ പരാതി; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
വടകര: (www.kasargodvartha.com) കുടുംബകലഹം പരിഹരിക്കാനെത്തിയ ഭാര്യയുമായി കറങ്ങിനടന്ന് ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ഗൃഹനാഥന്റെ പരാതിയില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. അച്ചടക്ക ലംഘനത്തിനും സ്വഭാവ ദൂഷ്യത്തിനും കല്‍പറ്റ എസ്‌ഐ അബ്ദുല്‍ സമദിനെയാണ് ഡിഐജി രാഹുല്‍ ആര്‍ നായര്‍ സസ്‌പെന്‍ഡ് ചെയ്തത്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. വിഷയത്തില്‍ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
എടച്ചേരി എസ്‌ഐ ആയിരിക്കുമ്പോള്‍ അബ്ദുല്‍ സമദ്, കുടുംബ കലഹം പരിഹരിക്കാനായി സ്റ്റേഷനിലെത്തിയ യുവതിയെ പ്രലോഭിപ്പിച്ച് പല സ്ഥലങ്ങളിലും കൊണ്ടു പോയെന്നാണ് പരാതി. കൂടാതെ യുവതിയുടെ ചിത്രങ്ങള്‍ പകര്‍ത്തി വീടു വിട്ട് ഇറങ്ങാന്‍ പ്രേരിപ്പിച്ചതായും ഭര്‍ത്താവ് ആരോപണം ഉന്നയിച്ചിരുന്നു. ഇരുവരുടെയും ബന്ധം ചോദ്യം ചെയ്തതിന് ദേഹോപദ്രവം ഏല്‍പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ഇതിനെ തുടര്‍ന്ന് അന്വേഷണ വിധേയമായി അബ്ദുല്‍ സമദിനെ കല്‍പറ്റയിലേക്ക് സ്ഥലം മാറ്റിയിരുന്നു. അതിന് ശേഷവും ഭീഷണി തുടരുന്നുവെന്ന് കാട്ടി യുവതിയുടെ ഭര്‍ത്താവും മക്കളും കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് പരാതി നല്‍കുകയായിരുന്നു. പിന്നാലെയാണ് നടപടി. യുവതിയുടെ മക്കള്‍ ബാലാവകാശ കമിഷനും പരാതി നല്‍കിയിരുന്നു.
Keywords: news,Kerala,State,Top-Headlines,suspension,Police,complaint, Police SI suspended for misconductPowered by Info News For You

Comments
Post a Comment