Aishwarya Rai | പിറന്നാള്‍ നിറവില്‍ താരസുന്ദരി; ഇന്‍ഡ്യന്‍ സിനിമയെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഐശ്വര്യ റായ്ക്ക് 49 ന്റെ യൗവനം
മുംബൈ: (www.kvartha.com) വെള്ളിത്തിരയിലെ താരസുന്ദരി ഐശ്വര്യ റായ് 49 ന്റെ നിറവില്‍. അഭിനയത്തികവിന്റെ ചാരുതയില്‍ വര്‍ഷങ്ങളായി ഇന്‍ഡ്യന്‍ സിനിമയെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഐശ്വരയ്ക്ക് ആശംസകളുമായി എത്തുകയാണ് താരങ്ങളും ആരാധകരും. ലോകത്തെ അതിസുന്ദരിയായ സ്ത്രീകളിലൊരാള്‍ എന്ന ഇമേജിനെ അതിന്റെ എല്ലാ പ്രൗഢിയോടെയും ഗ്രേസോടെയും കൊണ്ടുനടക്കുന്ന ഐശ്വര്യ റായി 50-ാം വയസിലേക്ക് കടക്കുകയാണ്.
മൂന്നു പതിറ്റാണ്ടോളമായി ലോകസുന്ദരി എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു ഇന്‍ഡ്യക്കാരന്റെയും മനസില്‍ ആദ്യം തെളിയുക ഐശ്വര്യാ റായുടെ മുഖമാണ്. ഏറ്റവും ഒടുവില്‍ എത്തിയ 'പൊന്നിയിന്‍ സെല്‍വനി'ലും ജ്വലിച്ചുനിന്ന് 25 വര്‍ഷമായി ഇന്‍ഡ്യയുടെ മുന്‍നിര നായികയായി തുടരുന്നുവെന്നത് ഐശ്വര്യ റായ്‌യുടെ പ്രതിഭയ്ക്ക് സാക്ഷ്യമാണ്.
50 വയസുള്ള ഒരു സ്ത്രീയുടെ സോഷ്യല്‍ സ്റ്റാറ്റസില്‍ പാകതയുടെ, പ്രായത്തിന്റെ ജരാനരങ്ങള്‍ കല്‍പിച്ചുകൊടുക്കുന്ന പൊതുസമൂഹത്തിനിടയില്‍ ഇവിടെ ലോകസുന്ദരിയെന്ന വിശേഷണത്തിന് ഒട്ടും ഇടിവ് തട്ടാതെ ഐശ്വര്യ തലയുയര്‍ത്തി മുന്നോട്ട് നടക്കുകയാണ്. മനസിലും ശരീരത്തിലും യുവത്വം പേറി അമ്പതിലേക്ക് കടക്കുമ്പോഴും അതുല്യമായ വ്യക്തിത്വം കൊണ്ടുകൂടിയാണ് ഐശ്വര്യ കോടിക്കണക്കിന് ആരാധകരുടെ മനസില്‍ ഇടംപിടിക്കുന്നത്.
വിദ്യാഭ്യാസ കാലത്ത് തന്നെ മോഡലിംഗ് ചെയ്താണ് കലാരംഗത്തെ ഐശ്വര്യ റായ്‌യുടെ തുടക്കം. 1994ല്‍ ഫെമിന മിസ് ഇന്‍ഡ്യ മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ഐശ്വര്യ റായ് മിസ് ഇന്‍ഡ്യാ വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ലോക സുന്ദരിപ്പട്ടം ചൂടി ഐശ്വര്യ റായ് ഇന്‍ഡ്യയുടെ അഭിമാനമായി മാറി. ശേഷം മോഡലിംഗില്‍ സജീവമായ ഐശ്വര്യ റായ് വൈകാതെ സര്‍വകലകളുടെയും സംഗമമായ സിനിമയിലേക്കും എത്തുകയായിരുന്നു.
ലോക സുന്ദരിപ്പട്ടം നേടിയതിന് പിന്നാലെ ബോളിവുഡില്‍ നിന്നടക്കം നിരവധി അവസരങ്ങള്‍ ഐശ്വര്യ റായ്‌യെ തെരഞ്ഞെടുത്തിരുന്നു. പക്ഷേ ഐശ്വര്യ റായ് തെരഞ്ഞെടുത്തത് തമിഴകത്തെയായിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത 'ഇരുവര്‍' എന്ന ചിത്രത്തിലൂടെ 1997ല്‍ ഐശ്വര്യ റായ് വെള്ളിത്തിരയില്‍ അരങ്ങേറി. 'ഓര്‍ പ്യാര്‍ ഹോഗയാ' എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലേക്ക് എത്തിയത്.
രാജ്യാന്തര ചലച്ചിത്രമേളകളിലും അന്താരാഷ്ട്ര പരസ്യ ബ്രാന്‍ഡുകളിലും മിന്നുംതാരമായി ഐശ്വര്യ റായ് ആഗോള പ്രശസ്തി നേടി. അഭിഷേക് ബച്ചനുമായുള്ള വിവാഹശേഷവും അഭിനയം ഐശ്വര്യ റായ് തുടര്‍ന്നു. മകള്‍ ആരാധ്യ ജനിച്ചിട്ടും അധികം വൈകാതെ ക്യാമറയ്ക്ക് മുന്നിലേക്ക് ഐശ്വര്യ റായ് തിരിച്ചെത്തിയിരുന്നു. അഞ്ച് ഭാഷകളിലായി 47 സിനിമകളിലേ ഇതുവരെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ഇന്നും യുവ നടിമാരെ പോലും അമ്പരപ്പിക്കുന്ന തരത്തില്‍ ഇന്‍ഡ്യയുടെ വെള്ളിത്തിരയില്‍ നായികയായി അഭിനയജീവിതം തുടരുകയാണ് ഐശ്വര്യ റായ്.
Keywords: News,National,Cinema,Actress,Birthday,Social-Media,Aishwarya Rai,Bollywood, Entertainment,Lifestyle & Fashion,Top-Headlines, Aishwarya Rai Bachchan turns 49
Powered by Info News For You

Comments
Post a Comment