National Highway | കോഴിക്കോട്-കണ്ണൂര്‍ ദേശീയപാതയില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തും
തലശേരി: (www.kvartha.com) കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ദേശീയപാതയുടെ നിര്‍മാണ പുരോഗതി തിങ്കളാഴ്ച മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ പരിശോധിക്കും. കോഴിക്കോട് ജില്ലയില്‍ വടകര അഴിയൂരില്‍നിന്നു ആരംഭിക്കുന്ന പരിശോധന കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കോത്തായി മുക്കില്‍ അവസാനിക്കും.
കണ്ണൂര്‍ ജില്ലയില്‍ മാഹി ബൈപ്പാസില്‍ നിന്നാണ് പ്രവൃത്തി വിലയിരുത്തല്‍ നടത്തുക. ജന പ്രതിനിധികളും ദേശീയപാത അതോറിറ്റിയുടെയും സംസ്ഥാന പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം മന്ത്രിക്കൊപ്പം ഉണ്ടാവും. ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ മുഴുവന്‍ റീചിലെയും പ്രവൃത്തിയുടെ പുരോഗതി മന്ത്രി നേരിട്ട് വിലയിരുത്തും.
പരിശോധനയ്ക്ക് ശേഷം മന്ത്രിയുടെ അധ്യക്ഷതയില്‍ ദേശീയപാത വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന അവലോകന യോഗവും നടക്കും. ദേശീയപാത വികസനം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നേരത്തെ പരിശോധന നടത്തിയിരുന്നു. അതിന്റെ തുടര്‍ചയായാണ് പരിശോധന.
ദേശീയപാത വികസനം നടക്കുന്ന മുഴുവന്‍ ജില്ലകളിലും ഇത്തരത്തില്‍ നേരിട്ട് പരിശോധന നടത്തുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ദേശീയപാതാ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ സന്ദര്‍ശനം.
Keywords: Kannur, News, Thalassery, Minister, Road, Kozhikode-Kannur National Highway will be inspected under the leadership of Minister Mohammad Riaz.
Powered by Info News For You

Comments
Post a Comment