Deporting | മാസങ്ങളായി ശമ്പളം ലഭിച്ചില്ലെന്നാരോപിച്ച് കെട്ടിടത്തിന്റെ 25-ാം നിലയില്‍ നിന്ന് ചാടാന്‍ ശ്രമം; 13 പ്രവാസികളെ നാടുകടത്താന്‍ ഉത്തരവ്
കുവൈത് സിറ്റി: (www.kvartha.com) ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രവാസികളെ നാടുകടത്താന്‍ ഉത്തരവ്. കെട്ടിടത്തിന്റെ 25-ാം നിലയില്‍ നിന്ന് ചാടാന്‍ ശ്രമിച്ച 13 പ്രവാസികളെ നാടുകടത്താനുള്ള നടപടികള്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.
മാസങ്ങളായി ശമ്പളം ലഭിച്ചില്ലെന്നാരോപിച്ചായിരുന്നു പ്രവാസികളുടെ ആത്മഹത്യാ ഭീഷണിയെന്ന് കുവൈതിലെ പ്രാദേശിക മാധ്യമമായ അല്‍ സിയാസ റിപോര്‍ട് ചെയ്തു. സന്ദര്‍ശക വിസയിലെത്തിയ തുര്‍കി പൗരന്മാരാണ് നിയമ വിരുദ്ധമായി കുവൈതില്‍ ജോലി ചെയ്തത്.
ഇവരെ ജോലിക്ക് നിയോഗിച്ച കംപനി മാസങ്ങളായി ശമ്പളം നല്‍കാതെ വന്നതോടെ തൊഴിലാളികള്‍ കുവൈതിലെ സാല്‍മിയയിലെ ഒരു കെട്ടിടത്തിന്റെ 25-ാം നിലയിലുള്ള സ്‌കഫോള്‍ഡില്‍ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നുവെന്നാണ് വിവരം.
വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരും അഗ്‌നിശമന സേനയും സ്ഥലത്ത് കുതിച്ചെത്തി. ഇവര്‍ ജോലി ചെയ്തിരുന്ന കംപനിയുടെ ഡയറക്ടര്‍ തൊഴിലാളികളോട് സംസാരിച്ച് ഉടന്‍ തന്നെ ശമ്പളം നല്‍കാമെന്ന വാഗ്ദാനം നല്‍കി അനുനയിപ്പിച്ച് ആത്മഹത്യാ ശ്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.
എന്നാല്‍ ഇവര്‍ സന്ദര്‍ശക വിസയില്‍ എത്തിയശേഷം കുവൈതില്‍ ജോലി ചെയ്തത് നിയമലംഘനമാണെന്ന് അധികൃതര്‍ അറിയിച്ചു. സന്ദര്‍ശക വിസയില്‍ എത്തിയവരെ നിയമവിരുദ്ധമായി ജോലിക്ക് നിയോഗിച്ച കംപനിക്കെതിരെയും നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
അതേസമയം തുര്‍കി പൗരന്മാര്‍ക്ക് രാജ്യത്തിന്റെ ഏത് അതിര്‍ത്തി വഴി വേണമെങ്കിലും സന്ദര്‍ശക വിസയില്‍ കുവൈതില്‍ പ്രവേശിക്കാമെന്നും എന്നാല്‍ തൊഴില്‍ നിയമ പ്രകാരം അവര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കില്ലെന്നും കുവൈത് അധികൃതര്‍ അറിയിച്ചു.
അധികൃതരുടെ സമയോചിതമായ ഇടപെടലില്‍ ആത്മഹത്യാ ശ്രമം തടയാന്‍ സാധിച്ചുവെങ്കിലും ഇവരെ ഇനി ഒരിക്കലും കുവൈതില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത തരത്തില്‍ വിലക്കേര്‍പെടുത്തി സ്വന്തം രാജ്യത്തേക്ക് തിരികെ അയക്കാനുള്ള നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.
Powered by Info News For You

Comments
Post a Comment