Stray Dogs Neutering | തെരുവുനായശല്യം രൂക്ഷം: വന്ധ്യംകരിക്കുന്ന പദ്ധതി അടുത്ത ആഴ്ച മുതല്‍ തുടങ്ങാന്‍ സര്‍കാര്‍ തീരുമാനം; പട്ടിപിടിത്തക്കാരുടെ പ്രതിഫലം വര്‍ധിപ്പിച്ചു
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തുടനീളം തെരുവ് നായ്ക്കളുടെ ശല്യവും ആക്രമണവും രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം തൃശൂര്‍ കുന്നംകുളത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ട് വയസുകാരന്‍ ഉള്‍പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. നേരത്തെ കുന്നംകുളത്ത് തെരുവ് നായയുടെ കടിയേറ്റ് ചികിത്സയില്‍ ഇരിക്കെ ഒരു സ്ത്രീ മരിച്ചിരുന്നു.
പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന ഒരു ആദിവാസി വയോധികയും കഴിഞ്ഞ ദിവസം മരിച്ചു. തൃശൂര്‍ ചിമ്മിനി നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറുവാണ് (60) തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഈ സാഹചര്യത്തില്‍ തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്ന പദ്ധതി അടുത്ത ആഴ്ച തുടങ്ങാന്‍ സര്‍കാര്‍ തീരുമാനിച്ചു. തിരഞ്ഞെടുത്ത 30 കേന്ദ്രങ്ങളിലാണ് ആദ്യം നടപ്പാക്കുക.
പട്ടിപിടിത്തക്കാരുടെ പട്ടിക പുതുക്കാനും നടപടി തുടങ്ങി. ഒരു നായയെ പിടികൂടി വന്ധ്യംകരിച്ച് തിരികെ കൊണ്ടുവിടുന്നതിനുള്ള പ്രതിഫലം 200ല്‍നിന്നു 300 രൂപയായി തദ്ദേശ വകുപ്പ് വര്‍ധിപ്പിച്ചു. ജില്ലാതലത്തില്‍ അപേക്ഷ ക്ഷണിച്ച് താല്‍പര്യമുള്ളവരെ എംപാനല്‍ ചെയ്ത് പരിശീലനം നല്‍കാനാണ് തീരുമാനം.
തദ്ദേശമൃഗസംരക്ഷണ വകുപ്പുകള്‍ സംയുക്തമായാണ് എബിസി (ആനിമല്‍ ബര്‍ത് കന്‍ട്രോള്‍) പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍, രണ്ട് ബ്ലോകുകള്‍ക്ക് കീഴില്‍ ഒരു എബിസി കേന്ദ്രം എന്ന തോതില്‍ നടപ്പാക്കാനാണ് തീരുമാനം. കുറഞ്ഞത് 150 പട്ടിപിടിത്തക്കാരുടെ സേവനം ആവശ്യമാണ്.
എല്ലാ കോര്‍പറേഷനുകളിലും എബിസി യൂനിറ്റ് ആരംഭിക്കും. മുനിസിപാലിറ്റികള്‍ എബിസി കേന്ദ്രങ്ങള്‍ സ്വയമോ ബ്ലോക് പഞ്ചായതുകളുമായി ചേര്‍ന്നോ ആരംഭിക്കണം.
സംസ്ഥാനത്ത് 2.89 ലക്ഷം തെരുവുനായ്ക്കള്‍ ഉണ്ടെന്നാണ് കണക്ക്. 2017 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ കുടുംബശ്രീ മുഖേന 79,426 എണ്ണത്തെ വന്ധ്യംകരിച്ചു. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയെത്തുടര്‍ന്നാണ് കുടുംബശ്രീ മുഖേനയുള്ള എബിസി പ്രവര്‍ത്തനങ്ങള്‍ ഹൈകോടതി തടഞ്ഞത്.
വളര്‍ത്തുനായ്ക്കള്‍ക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ് ഒന്നിന് തുടങ്ങി. 15 വരെ തുടരും. കുത്തിവയ്പ് എടുത്താലേ വളര്‍ത്തുനായ്ക്കള്‍ക്ക് പഞ്ചായത് ലൈസന്‍സ് നല്‍കുകയുള്ളൂ.
Powered by Info News For You

Comments
Post a Comment