Stray Dog Attack | 'തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയില്‍'
പത്തനംതിട്ട: (www.kasargodvartha.com) തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിലെന്ന് റിപോര്‍ട്. രണ്ടാഴ്ച മുമ്പ് തെരുവുനായയുടെ കടിയേറ്റ, പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാ ഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയെയാണ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുട്ടിയുടെ രണ്ട് കാലിനുമായി ആറിടത്തും മുഖത്ത് കണ്ണിനോട് ചേര്‍ന്നും കയ്യിലും ശരീരത്തിലുമായി നായയുടെ ഒന്‍പതിലധികം കടികള്‍ ഏറ്റിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സ്ഥിതി ഗുരുതരമായതോടെയാണ് വെള്ളിയാഴ്ച രാത്രി കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
കഴിഞ്ഞ 14ന് പാല്‍ വാങ്ങാന്‍ പോകവേ പെരുനാട് കാര്‍മല്‍ എന്‍ജിനീയറിങ് കോളജ് റോഡിലായിരുന്നു കുട്ടിക്ക് നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ കുട്ടിയുടെ വീട്ടുകാര്‍ എത്തിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.
തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് ആദ്യത്തെ വാക്‌സീന്‍ എടുത്തുവെന്നും രണ്ട് വാക്‌സീന്‍ പെരുനാട് കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ നിന്നുമാണ് സ്വീകരിച്ചതെന്നും നാലാമത്തെ വാക്‌സീന്‍ ഈ മാസം 10ന് എടുക്കണമെന്ന് ആശുപത്രിയില്‍ നിന്ന് അറിയിച്ചിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു.
ഇതിനിടെ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ വ്യാഴാഴ്ച പത്തനംതിട്ടയിലെ ആശുപത്രിയില്‍ കൊണ്ടു പോയി, എക്‌സ്‌റേ എടുത്ത ശേഷം കുഴപ്പമില്ലെന്ന് പറഞ്ഞ് വീട്ടില്‍ വിട്ടുവെന്നാണ് വിവരം.
വെള്ളിയാഴ്ച വൈകിട്ട് കുട്ടിയുടെ നില കൂടുതല്‍ വഷളായെന്നും വായില്‍ നിന്നു പത വരികയും ദൃഷ്ടി മുകളിലേക്ക് മറഞ്ഞു തുടങ്ങുകയും ചെയ്തുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. സ്ഥിതി ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് രാത്രി തന്നെ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടിയിപ്പോള്‍. മൈലപ്ര എസ്എച് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അഭിരാമി.
Keywords: news,Kerala,State,Pathanamthitta,Dog,Dog bite,Attack,Injured,Treatment, hospital,Top-Headlines, Pathanamthitta: 12-year-old girl in critical condition after being bitten by stray dogPowered by Info News For You

Comments
Post a Comment