Punishment | ഹോടെല്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തിയെന്ന കേസ്; 2 പേര്‍ക്ക് കഠിനതടവും പിഴയും, പ്രതി ചേര്‍ക്കപ്പെട്ട 5 പേര്‍ കുറ്റക്കാരല്ലെന്ന് കോടതി
കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പില്‍ നക്ഷത്ര ഹോടെല്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തിയെന്ന കേസില്‍ രണ്ട് പ്രതികള്‍ക്ക് കഠിനതടവും പിഴയും വിധിച്ചു. കെ കെ സമീര്‍ അലി (29), ത്വയ്യിബ് (33) എന്നിവര്‍ക്കാണ് കോടതി 10 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമിട്ടത്. വടകര എന്‍ ഡി പി എസ് സ്പെഷല്‍ കോടതി ജഡ്ജി സുരേഷ് ബാബുവാണ് ശിക്ഷ വിധിച്ചത്.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അഞ്ചുപേരെ കുറ്റക്കാരല്ലെന്നും കണ്ടെത്തി കോടതി വെറുതെ വിട്ടു. മുഹമ്മദ് ഹനീഫ (33), എച് മുഹമ്മദ് ശിഹാബ് (22), മുഹമ്മദ് ശഫീഖ് (25), കെ ശഹബാസ് (25), ഹോടെലില്‍ പ്രവര്‍ത്തിച്ചിരുന്ന അന്നബെല്‍ എന്ന സ്പാ ബ്യൂടീഷ്യയായിരുന്ന എം ഉമ (25) എന്നിവരെയാണ് തെളിവുകളുടെ അഭാവത്തില്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടത്.
2021 ജനുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പുതുവത്സരാഘോഷത്തിനിടെ തളിപ്പറമ്പ് ബക്കളം സ്നേഹ ഇന്‍ ഹോടെലില്‍ മുറിയെടുത്ത് വില്‍പന നടത്തുന്നിടെയാണ് പ്രതികള്‍ എക്സൈസിന്റെ പിടിയിലായത്. 53ഗ്രാം എം ഡി എം എ, 5.37 ഗ്രാം ഹാഷിഷ് ഓയില്‍, 0.1750 ഗ്രാം എല്‍ എസ് ഡി എന്നീ മാരക മയക്കുമരുന്നുകളാണ് ഇവരില്‍ നിന്നു കണ്ടെടുത്തത്.
നേരത്തെ വിചാരണ കോടതിയും ഹൈകോടതിയും പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു. വിട്ടയക്കപ്പെട്ടവര്‍ക്ക് വേണ്ടി അഭിഭാഷകരായ ടി പി ഹരീന്ദ്രന്‍, സിജിത്ത്, സോമസുന്ദരം, നിഷാദ്, സുകേഷ് എന്നിവര്‍ ഹാജരായി.
Powered by Info News For You

Comments
Post a Comment