Woman Arrested | രാഖി പൂര്‍ണിമ പൂജയെ ചൊല്ലി തര്‍ക്കം; ഭര്‍തൃവീട്ടിലെ 4 പേരെ യുവതി കുത്തിക്കൊന്നതായി പൊലീസ്; ഭര്‍ത്താവ് ഒളിവില്‍
ഹൗറ: (www.kvartha.com) പശ്ചിമബംഗാളില്‍ രാഖി പൂര്‍ണിമ പൂജയെ ചൊല്ലിയുള്ള കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍തൃവീട്ടിലെ നാലുപേരെ മരുമകള്‍ കൊലപ്പെടുത്തിയതായി പൊലീസ്. കൊല്‍കത്ത ഹൗറയിലെ എംസി ഘോഷ് ലെയ്‌നിലെ മാധബി (58), ദേബാഷിസ് (36), ഭാര്യ രേഖ (31), ഇവരുടെ 13 കാരി മകള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കൂട്ടക്കൊലയില്‍ കുടുംബത്തിലെ ഇളയ മകന്റെ ഭാര്യ പല്ലബി ഘോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ബുധനാഴ്ചയാണ് അയല്‍വാസികളെ നടുക്കിയ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ദേബാഷിസും ഭാര്യയും മകളും താഴത്തെ നിലയിലാണ് താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി 10.30 ഓടെ വീട്ടില്‍ രാഖി പൂര്‍ണിമ ആഘോഷിക്കുന്നതിനെ ചൊല്ലി കുടുംബാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. താഴത്തെ നിലയിലെ കക്കൂസില്‍ ടാപ് തുറന്നിരിക്കുന്നതായി പല്ലബി കണ്ടതോടെ വാക്കേറ്റവും കയ്യാങ്കളിയുമായി സ്ഥിതിഗതികള്‍ വഷളായി.
ഇത്തരത്തില്‍ വെള്ളം പാഴായിപ്പോകുന്നത് മൂലം തങ്ങള്‍ക്ക് പലപ്പോഴും ജലക്ഷാമം അനുഭവപ്പെടുന്നതായി അമ്മായിയമ്മയോട് പല്ലബി പരാതിപ്പെട്ടു. തര്‍ക്കം രൂക്ഷമായതോടെ പല്ലബി സമീപത്തുണ്ടായിരുന്ന കഠാര എടുത്ത് അമ്മായിയമ്മയെ കുത്തുകയായിരുന്നു. ദേബാഷിസും ഭാര്യയും മകളും സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോള്‍ അവര്‍ അവരെയും കുത്തുകയായിരുന്നു. കഴുത്തിലും തോളിലും നെഞ്ചിലും കൈയിലുമാണ് കുത്തേറ്റത്. സംഭവത്തിന് പിന്നാലെ യുവതിയുടെ ഭര്‍ത്താവ് ഒളിവിലാണ്.
നാല് പേരെയും കൊലപ്പെടുത്തിയതായി പല്ലബി പൊലീസിനോട് സമ്മതിച്ചു. താന്‍ മാനസിക രോഗത്തിനുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ടെന്ന് അവള്‍ പോലീസിനോട് പറഞ്ഞു. യുവതിക്ക് മാനസിക രോഗമുണ്ടോയെന്ന് പരിശോധിക്കാന്‍ പൊലീസ് ഡോക്ടര്‍മാരുമായി അന്വേഷണം നടത്തിവരികയാണ്. കൂട്ടുകുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്താന്‍ പ്രതി ഉപയോഗിച്ച കഠാര പൊലീസ് പിടിച്ചെടുത്തു.
Powered by Info News For You

Comments
Post a Comment