Rain Updates | കണ്ണൂരില്‍ മഴ കുറഞ്ഞു: മലയോരത്ത് പ്രളയക്കെടുതി അതിരൂക്ഷം; അതീവ ജാഗ്രത തുടരുന്നു



കണ്ണൂര്‍: (www.kvartha.com) കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ജില്ലയിലെ മലയോര മേഖലയില്‍ അതീവ ജാഗ്രത തുടരുന്നു. മലയോരമേഖലയില്‍ ചൊവ്വാഴ്ച രാത്രിയും ഇടവിട്ട് കനത്ത മഴയുണ്ടായെന്നാണ് പ്രദേശവാസികള്‍  പറയുന്നത്. കണ്ണവം വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടക വനമേഖലയില്‍ കനത്ത മഴ പെയ്യുന്നത് കുറഞ്ഞിട്ടില്ല.

അതേസമയം ബുധനാഴ്ച രാവിലെ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തതുപോലെയുള പേമാരിയില്ലാത്തത് ആശ്വാസകരമായി മാറിയിട്ടുണ്ട്. ബാവലി പുഴയില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട്.

ഇരിട്ടി, പേരാവൂര്‍, കൊട്ടിയൂര്‍, കേളകം, കണ്ണിച്ചാര്‍, കോളയാട് ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശമുണ്ടായത്. മന്ത്രി എംവി ഗോവിന്ദനാണ് ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പേരാവൂര്‍ ബ്‌ളോകിലെ കണ്ണിച്ചാര്‍ പഞ്ചായത്തിലാണ് കനത്ത മഴയില്‍ ഏറ്റവും നാശമുണ്ടായത്. ഇവിടെ മൂന്നിടത്ത് ഉരുള്‍പൊട്ടി വ്യാപകനാശമുണ്ടായി. 

പൂളക്കുറ്റിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ വന്‍തോതില്‍ പാറകളും മണ്ണും നാല് കിലോമീറ്റര്‍ ദൂരത്തില്‍ ഒഴുകി ഇറങ്ങി. ചന്ദ്രന്‍ എന്നയാളുടെ വീട് പൂര്‍ണമായി നശിച്ചു. ചന്ദ്രന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ രണ്ടരകിലോമീറ്റര്‍ ദൂരത്ത് നിന്നാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മകന്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. രാജേഷ് എന്ന ഓടോ റിക്ഷാ ഡ്രൈവറും നുമാ തസ്ലീന്‍ എന്ന രണ്ടരവയസുകാരിയും ഉരുള്‍പൊട്ടലില്‍ മരിച്ചു. ഉരുള്‍പൊട്ടലില്‍ മരിച്ച മൂന്ന് പേരുടെയും സംസ്‌കാരം ബുധവാഴ്ച നടക്കും. 

നാലിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായതിനാല്‍ കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത ജാഗ്രത തുടരുകയാണ്. മണ്ണും പാറയും ഇടിഞ്ഞുവീണ വയനാട്ടിലേക്കുള്ള നെടുമ്പൊയില്‍ ചുരം റോഡ് ഇതുവരെ ഗതാഗത യോഗ്യമാക്കാനായിട്ടില്ല. ചുരം റോഡില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ മുകളില്‍ 24-ാം മൈല്‍ എന്ന സ്ഥലത്തില്‍ ഉരുള്‍പൊട്ടലില്‍ കനത്ത നാശമുണ്ടായി. 

ഇവിടെ മൂന്നിടത്ത് റോഡ് ഇടിഞ്ഞു താഴ്ന്നു. രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഉരുള്‍പൊട്ടലിന്റെ ശബ്ദം കേട്ട് ആളുകള്‍ ഇറങ്ങിയോടിയതിനാല്‍ മാത്രമാണ് അവിടെ ആള്‍നാശം ഒഴിവായത്. കണ്ണവം വനഭാഗത്തും കാര്യമായ നാശം ഉണ്ടായി. ഇന്നലെ കണ്ണിച്ചാര്‍ പഞ്ചായത്തിലായിരുന്നു കാര്യമായ രക്ഷാപ്രവര്‍ത്തനം. ബുധനാഴ്ച ചുരം ഭാഗത്തേക്കും മറ്റും രക്ഷാപ്രവര്‍ത്തനം സജീവമാകും. 

അതേസമയം ഉരുള്‍പൊട്ടല്‍ മേഖലയിലേക്ക് ആളുകളുടെ സന്ദര്‍ശനം അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തിന് ഇത്തരം സന്ദര്‍ശകര്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് അനാവശ്യമായി ആരേയും ദുരന്തമേഖലകളിലേക്ക് കടത്തി വിടേണ്ട എന്ന നിര്‍ദേശം പൊലീസ് നല്‍കുന്നത്. 

കനത്ത മഴയില്‍ സംസ്ഥാനത്തേറ്റവും നാശനഷ്ടങ്ങളുണ്ടാവുകയും ജില്ലയില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിക്കുകയും ചെയ്തിട്ടും കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിക്കാത്തതില്‍ കലക്ടര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാണ്. ചൊവ്വാഴ്ച രാത്രി വൈകിയും മാധ്യമപ്രവര്‍ത്തകരെ ബന്ധപ്പെട്ട് അവധിയുടെ കാര്യം ആളുകള്‍ അന്വേഷിക്കുകയായിരുന്നു. 

കണ്ണൂര്‍ കലക്ടറുടെ ഫേസ്ബുക് പേജിലും ഇതേ ചൊല്ലി പ്രതിഷേധമുണ്ടായി. ബുധനാഴ്ച അവധിയാണെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചതും ആശയക്കുഴപ്പത്തിന് കാരണമായി. അതേസമയം അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല എന്നാണ് കണ്ണൂര്‍ കലക്‌ട്രേറ്റ് ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം. ചെവ്വാഴ്ച ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം അവധി നല്‍കേണ്ടതില്ല എന്ന തീരുമാനമാണ് കലക്ടര്‍ എടുത്തതെന്നാണ് വിവരം.

കഴിഞ്ഞ ദിവസം കണ്ണൂരിലെ ഇരിട്ടി, തലശ്ശേരി താലൂകുകളില്‍ മാത്രമാണ് അവധി നല്‍കിയത്. ഓറന്‍ജ് ജാഗ്രത പ്രഖ്യാപിച്ച തിരുവനന്തപുരം അടക്കം സംസ്ഥാനത്ത് 12 ജില്ലകളിലും ബുധനാഴ്ച അവധി നല്‍കിയിരുന്നു. കണ്ണൂരിലും കാസര്‍കോടും മാത്രമാണ് അവധി നല്‍കാതിരുന്നത്. കാസര്‍കോട് ബുധനാഴ്ച ഓറന്‍ജ് ജാഗ്രതയാണ്. 

News,Kannur,Rain,Top-Headlines,Trending,Flood,District Collector,Alerts, Kannur: Rain has subsided, Floods extremely affected severe in hills


തിങ്കളാഴ്ച രാത്രിയുണ്ടായ മലവെള്ളപ്പാച്ചിലില്‍ കണിച്ചാര്‍, കേളകം, പേരാവൂര്‍ പഞ്ചായത്തുകളില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ഉരുള്‍പൊട്ടലുണ്ടായ കണിച്ചാര്‍ പൂളക്കുറ്റിയില്‍ ജോസെന്നയാളുടെ വീടിന് മുകളിലേക്ക് കല്ല് പതിച്ചു. ഉഗ്ര ശബ്ദം കേട്ട് മക്കളെയും വിളിച്ച് പുറത്തേക്ക് ഓടിയതിനാലാണ് കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. 

ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് മഴ മുന്നറിയിപ്പോ ഒഴിപ്പിക്കലോ ഇല്ലാത്തതുകൊണ്ടാണ് കണ്ണൂരിലെ മലയോരത്ത് ദുരിതം വര്‍ധിച്ചതെന്ന് പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ്. കണിച്ചാര്‍, കേളകം, പേരാവൂര്‍ പഞ്ചായത്തുകളില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവരും കൃഷി നശിച്ചവരുമായി നിരവധി പേരുണ്ട്. സര്‍കാര്‍ അടിയന്തരമായി മൂന്ന് പഞ്ചായത്തുകളില്‍ നഷ്ടപരിഹാര പാകേജ് പ്രഖ്യാപിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

Keywords: News,Kannur,Rain,Top-Headlines,Trending,Flood,District Collector,Alerts,  Kannur: Rain has subsided, Floods extremely affected severe in hills

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?