Bilkis Bano Case | ബില്‍കീസ് ബാനോ കൂട്ടബലാത്സംഗക്കേസ്: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും ഗുജറാത് സര്‍കാര്‍ വിട്ടയച്ചു; മോചിപ്പിച്ചത് പ്രത്യേക ഇളവ് നയ പ്രകാരം
ഗാന്ധിനഗര്‍: (www.kvartha.com) ഗുജറാതിലെ ഗോധ്ര കലാപത്തിനിടെ കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളും തിങ്കളാഴ്ച ഗോധ്ര സബ് ജയിലില്‍ നിന്ന് മോചിതരായി. ബില്‍കീസ് ബാനോ കൂട്ടബലാത്സംഗക്കേസില്‍ ഉള്‍പെട്ടവരെയാണ് ഗുജറാത് സര്‍കാരിന്റെ ഇളവ് നയ പ്രകാരം മോചിപ്പിച്ചത്.
2008 ജനുവരി 21ന് മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് ബില്‍കീസ് ബാനോയുടെ കുടുംബത്തിലെ ഏഴുപേരെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 11 പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈകോടതി ശരിവയ്ക്കുകയായിരുന്നു.
15 വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ചതിന് ശേഷമാണ് പ്രതികള്‍ മോചനത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഇവരെ വിട്ടയയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സുപ്രീം കോടതി, ഗുജറാത് സര്‍കാറിന് നല്‍കുകയായിരുന്നു. പഞ്ച്മഹല്‍ കലക്ടര്‍ സുജല്‍ മയാത്ര അധ്യക്ഷനായി രൂപീകരിച്ച സമിതി, എല്ലാവരെയും വിട്ടയയ്ക്കാമെന്ന് തീരുമാനിക്കുകയും നിര്‍ദേശം സര്‍കാരിനെ അറിയിക്കുകയുമായിരുന്നു.
'ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രൂപീകരിച്ച ഒരു കമിറ്റി, കേസിലെ 11 പ്രതികളുടെയും ശിക്ഷ ഇളവ് ചെയ്യുന്നതിന് അനുകൂലമായി ഏകകണ്ഠമായ തീരുമാനമെടുത്തു. തുടര്‍ന്ന്, ശുപാര്‍ശ സംസ്ഥാന സര്‍കാരിന് അയച്ചു. അവരെ വിട്ടയക്കുന്നതിനുള്ള ഉത്തരവ് ഇന്നലെ ഞങ്ങള്‍ക്ക് ലഭിച്ചു,' സുജല്‍ മയാത്ര വ്യക്തമാക്കി.
2002 മാര്‍ച് മൂന്നിന് ഗോധ്രാ കലാപത്തിന് ശേഷമുണ്ടായ ആക്രമണത്തിനിടെയാണ് ദാഹോദ് ജില്ലയിലെ രണ്‍ധിക്പൂര്‍ ഗ്രാമത്തില്‍ ബില്‍കീസ് ബാനോയുടെ കുടുംബാംഗങ്ങളെ ജനക്കൂട്ടം ആക്രമിച്ചത്. അന്ന് അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍കീസ് ബാനോ കൂട്ടബലാത്സംഗത്തിനിരയാകുകയും അവരുടെ കുടുംബത്തിലെ ഏഴ് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. കുടുംബത്തിലെ മറ്റ് ആറ് അംഗങ്ങള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് 2004ലാണ് കേസിലെ പ്രതികള്‍ അറസ്റ്റിലായത്.
കേസ് അട്ടിമറിക്കാന്‍ ഇടയുണ്ടെന്ന പരാതിയെത്തുടര്‍ന്ന് സുപ്രീം കോടതിയാണ് അഹ് മദാബാദില്‍ നിന്നും കേസ് മുംബൈയിലേക്ക് മാറ്റിയത്. ബില്‍കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍കാര്‍ ജോലിയും വീടും നല്‍കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍കാരിനോട് നിര്‍ദേശിച്ചിരുന്നു.
Powered by Info News For You

Comments
Post a Comment