P Raghavan No More | കാസര്‍കോട് ജില്ലയില്‍ 25 ലേറെ സഹകരണ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച മുന്‍ എംഎല്‍എ പി രാഘവന്‍ അന്തരിച്ചു; തൊഴിലാളി പ്രശ്‌നങ്ങളില്‍ മുന്‍നിരയിലുണ്ടായ സഖാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
കാസര്‍കോട്: (www.kvartha.com) ജില്ലയില്‍ 25 ലേറെ സഹകരണ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച ഉദുമ മുന്‍ എംഎല്‍എയും മുതിര്‍ന്ന സിപിഎം നേതാവുമായ പി രാഘവന്‍(77) അന്തരിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെ ബേഡകത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
1991ലും1996 ലും പി രാഘവന്‍ ഉദുമ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 37 വര്‍ഷത്തോളം സിപിഎം കാസര്‍കോട് ജില്ല സെക്രടേറിയേറ്റ് അംഗമായിരുന്നു. എല്‍ഡിഎഫ് ജില്ല കന്‍വീനര്‍, ദിനേശ് ബീഡി ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രടറി, കാസര്‍കോട് ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ബേഡകം പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്നാട് സ്വദേശിയായ പി രാഘവന്‍ സഹകാരി പ്രതിഭകള്‍ക്കായി തലശേരി സഹകരണ റൂറല്‍ ബാങ്ക് ഏര്‍പെടുത്തിയ രണ്ടാമത് ഇ നാരായണന്‍ സ്മാരക പുരസ്‌കാരം നേടിയിരുന്നു.
ഭാര്യ: കമല. മക്കള്‍: അരുണ്‍ രാഘവന്‍ (മാധ്യമപ്രവര്‍ത്തകന്‍, ദുബൈ), അജിത്കുമാര്‍.
സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ പി രാഘവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
1991 ലും 1996 ലും ഉദുമ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മികച്ച സാമാജികനായിരുന്നു. സിപിഎം കാസര്‍കോട് ജില്ലാ സെക്രടേറിയേറ്റ് അംഗമെന്ന നിലയിലും എല്‍ഡിഎഫ് ജില്ലാ കന്‍വീനര്‍ എന്ന നിലയിലും ദീര്‍ഘകാലം ജില്ലയിലെ പാര്‍ടിയെയും മുന്നണിയെയും നയിച്ചു.
ദിനേശ് ബീഡി ഡയറക്ടറായിരുന്ന രാഘവന്‍ നിരവധി സഹകരണ സംരംഭങ്ങള്‍ക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കം കുറിച്ചിട്ടുണ്ട്. സിഐടിയു നേതാവെന്ന നിലയില്‍ ജില്ലയിലെ തൊഴിലാളി പ്രശ്‌നങ്ങളില്‍ മുന്‍നിരയിലുണ്ടായ സഖാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment