Swapna Suresh's Allegation | സ്വപ്ന സുരേഷ് അക്കമിട്ട് നിരത്തിയ പുതിയ ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിക്കൂട്ടില്‍ കയറ്റുമോ? തുടരന്വേഷണത്തിനൊരുങ്ങി കേന്ദ്ര ഏജന്‍സികള്‍; മൊഴി പകര്‍പിനായി കോടതിയെ സമീപിക്കും
തിരുവനന്തപുരം: (www.kvartha.com) സ്വപ്ന സുരേഷ് അക്കമിട്ട് നിരത്തിയ പുതിയ ആരോപണങ്ങള്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും സംശയാസ്പദമായ രീതിയില്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതോടെ സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്താമൊരുങ്ങുകയാണ് കേന്ദ്ര ഏജന്‍സികള്‍.
നിലവില്‍ ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) കസ്റ്റംസും മാത്രമാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട് സമര്‍പിച്ചിട്ടുള്ളത്. എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ഇപ്പോഴും തുടരുകയാണ്. രഹസ്യമൊഴിയുടെ പകര്‍പാവശ്യപ്പെട്ട് ഇഡി ഉടന്‍ കോടതിയെ സമീപിക്കും. കള്ളപ്പണ കേസില്‍ ഇഡി കുറ്റപത്രം നല്‍കിയെങ്കിലും പുതിയ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് തടസമില്ല.
കള്ളപ്പണ ഇടപാടില്‍ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമുള്ള പങ്കാണ് സ്വപ്ന നല്‍കിയ പുതിയ രഹസ്യ മൊഴി. മുഖ്യമന്ത്രി, മകള്‍, ഭാര്യ, മുന്‍ പ്രിന്‍സിപല്‍ സെക്രടറി, മുന്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് വിദേശത്തേക്ക് കറന്‍സി കടത്തിയ ഇടപാടില്‍ ഏത് തരത്തിലുള്ള പങ്കാണുള്ളതെന്ന് അക്കമിട്ട് നിരത്തിയാണ് സ്വപ്നയുടെ മൊഴി. കള്ളപ്പണ ഇടപാട് സംബന്ധിച്ചതാണ് ആരോപണങ്ങള്‍ എന്നതിനാല്‍ മൊഴി പകര്‍പ് പരിശോധിച്ച് പ്രഥമദൃഷ്ടിയില്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ തുടരന്വേഷണം ആരംഭിക്കാനാണ് ഇഡിയുടെ നീക്കം. സ്വര്‍ണക്കടത്ത് അന്വേഷണ ഘട്ടത്തില്‍ സമാന ആരോപണം സ്വപ്ന ഉയര്‍ത്തിയിരുന്നെങ്കിലും ഇത്ര ഗുരുതരമായ ആരോപണം ആയിരുന്നില്ല അത്.
തന്റേത് ആരോപണങ്ങള്‍ അല്ലെന്നും കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയില്‍ എല്ലാം വിശദമായി വെളിപ്പെടുത്തിയിട്ടുണ്ടെന്നും സ്വപ്ന വ്യക്തമാക്കിയതോടെ ഇടയ്ക്ക് മന്ദഗതിയിലായ കേസ് അന്വേഷണം ഇതോടെ ഇഡി ഊര്‍ജിതമാക്കി. രഹസ്യമൊഴി പകര്‍പ് കോടതിയില്‍നിന്ന് ലഭിച്ചാലുടന്‍ അത് മുന്‍നിര്‍ത്തി സ്വപ്നയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.
തുടര്‍ന്നാകും മുഖ്യമന്ത്രിയെയും കുടുംബത്തെയും അന്വേഷണ പരിധിയില്‍ ഉള്‍പെടുത്തുന്നതിലടക്കം തീരുമാനം ഉണ്ടാവുക. കേസിലെ ഒന്നാം പ്രതി സരിത്ത് നല്‍കിയ മൊഴിയിലും മറന്നുവച്ച ബാഗിനെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു. സ്വപ്നയുടെ ആരോപണങ്ങളിലും സമാനമായ കാര്യം വന്നതോടെ അതില്‍ കൂടുതല്‍ അന്വേഷണം നടക്കും.
സ്വര്‍ണക്കടത്ത് അന്വേഷണ ഘട്ടത്തില്‍ സ്വപ്ന, സമാനമായ രഹസ്യമൊഴി കസ്റ്റംസിന് നല്‍കിയിരുന്നു. അന്ന് മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് സംഘം അന്വഷണം നടത്തിയിരുന്നെങ്കിലും 2016 ലെ സംഭവത്തിന് തെളിവ് ലഭിച്ചില്ലെന്നും കോണ്‍സുലേറ്റ് ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി ലഭിച്ചില്ലെന്നും ചൂണ്ടികാട്ടി അന്വേഷണം നിര്‍ത്തുകയായിരുന്നു.
യുഎഇയിലേക്ക് വിദേശ കറന്‍സി കടത്തിയെന്ന പ്രതികളുടെ ആരോപണത്തില്‍ മുഖ്യമന്ത്രിക്കും മുന്‍ സ്പീകര്‍ പി ശ്രീരാമകൃഷ്ണനുമെതിരെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് മുഖ്യമന്ത്രി അടക്കമുള്ളവരെ ഒഴിവാക്കിയാണ് കസ്റ്റംസ് കുറ്റപത്രം നല്‍കിയത്. അന്ന് തന്നെ സ്വപ്നയുടെ മൊഴി പകര്‍പ് ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിരുന്നെങ്കിലും മൊഴി പകര്‍പ് നകുന്നതിനെ കസ്റ്റംസ് എതിര്‍ക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തിരുന്നു.
അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപോര്‍ട് നല്‍കിയെങ്കിലും പുതിയ വെളിപ്പെടുത്തലുകളില്‍ കസ്റ്റംസും സ്വപ്നയില്‍നിന്ന് വിവരങ്ങള്‍ തേടും. കോണ്‍സുലേറ്റില്‍നിന്ന് ബിരിയാണി പാത്രങ്ങള്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ടെന്നും അതില്‍ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നു എന്നുമുള്ള പുതിയ ആരോപണത്തിലാണ് കസ്റ്റംസ് സ്വപ്നയില്‍നിന്ന് വിവരങ്ങള്‍ തേടുക.
സ്വപ്ന സുരേഷ് നേരിട്ട് കോടതിയ്ക്ക് നല്‍കിയ മൊഴി ആയതിനാല്‍ ഇഡിയ്ക്കും എതിര്‍പില്ലാതെ തന്നെ മൊഴി പകര്‍പ് നേടാനാകും. ഇതിനായി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കാനാണ് ഇഡിയുടെ നീക്കം, മൊഴി പകര്‍പിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആരംഭിക്കുകയാണെങ്കില്‍ മൊഴികളില്‍ പേരുള്ള മുഖ്യമന്ത്രിയെയും കുടുംബത്തെയുമടക്കം ഇഡിക്ക് ചോദ്യം ചെയ്യേണ്ടിവരും.
Powered by Info News For You

Comments
Post a Comment