Oocyte Sell Case | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയും കാമുകനും നിര്‍ബന്ധിച്ച് അണ്ഡവില്‍പന നടത്തിയെന്ന കേസ്; അന്വേഷണം തിരുപ്പതിയിലെയും തിരുവനന്തപുരത്തെയും പ്രമുഖ വന്ധ്യതാ നിവാരണ ക്ലിനികുകളിലേക്കും നീളുന്നു
ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടിലെ ഈറോഡില്‍ കൗമാരക്കാരിയെ അമ്മയും കാമുകനും നിര്‍ബന്ധിച്ച് അണ്ഡവില്‍പന നടത്തിയെന്ന കേസില്‍ അന്വേഷണം അതിര്‍ത്തി സംസ്ഥാനങ്ങളിലേക്കും കടക്കുന്നു. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ ആശുപത്രിയെക്കുറിച്ചും അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് ഉദ്യോഗസ്ഥര്‍.
ഈറോഡ് പെരുന്തുറെയിലെ ക്ലിനിക് വഴി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അണ്ഡം നല്‍കിയെന്ന് കണ്ടെത്തിയതോടെയാണ് ആശുപത്രി അധികൃതര്‍ക്ക് തമിഴ്‌നാട് പൊലീസും ആരോഗ്യവകുപ്പും സമന്‍സ് അയച്ചത്.
ഈറോഡ്, പെരുന്തുറെ, തിരുച്ചിറപ്പള്ളി, സേലം, ഹൊസൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പെണ്‍കുട്ടിയെ എത്തിച്ചായിരുന്നു വില്‍പനയെന്നും ഇതില്‍ പെരുന്തുറയിലെ ആശുപത്രിയില്‍ ശേഖരിച്ച അണ്ഡം തിരുവനന്തപുരത്തെയും തിരുപ്പതിയിലെയും പ്രമുഖ വന്ധ്യതാ നിവാരണ ക്ലിനികുകള്‍ക്ക് കൈമാറിയെന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.
കേസ് അന്വേഷിക്കുന്ന ഈറോഡ് സൗത് പൊലീസും ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ആശുപത്രികള്‍ക്ക് സമന്‍സ് അയച്ചത്. അതിനിടെ അണ്ഡം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ആശുപത്രികള്‍ കൂടുതല്‍ സമയം തേടി.
അമ്മയും കാമുകനും നിര്‍ബന്ധിച്ച് 16 വയസുള്ള പെണ്‍കുട്ടിയെക്കൊണ്ട് അണ്ഡം വില്‍പന നടത്തിയത് ജൂണ്‍ ഒന്നിനാണ് പുറത്തറിയുന്നത്. ബന്ധുവിന്റെ വീട്ടില്‍ പെണ്‍കുട്ടി താമസക്കാന്‍ ചെന്നപ്പോഴാണ് വിവരം പുറത്തുപറയുന്നതും അവര്‍ നിര്‍ബന്ധിച്ച് പരാതി നല്‍കുകയും ചെയ്തത്.
എഫ്ഐആറില്‍ പറയുന്നതനുസരിച്ച്, കുട്ടിക്ക് മൂന്ന് വയസുള്ളപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞു, അതിനുശേഷം അവളുടെ പങ്കാളിക്കൊപ്പം താമസിച്ചു വരികയായിരുന്നു. ഇപ്പോള്‍ 16 വയസുള്ള പെണ്‍കുട്ടിയെ ആര്‍ത്തവം തുടങ്ങിയ 12-ാം വയസ് മുതല്‍ ലൈംഗികപീഡനത്തിന് ഇരയാക്കി അമ്മയും കാമുകനും ഇടനിലക്കാരിയും ചേര്‍ന്ന് അണ്ഡവില്‍പനയ്ക്ക് വിധേയമാക്കുകയായിരുന്നു.
ഓരോ തവണയും അണ്ഡം നല്‍കിയതിന് അമ്മയും കാമുകനും ആശുപത്രിയില്‍ നിന്നു 20000 രൂപ വീതവും ഇടനിലക്കാരി അയ്യായിരം രൂപ വീതവും കൈപ്പറ്റിയെന്നാണ് പൊലീസ് കണ്ടെത്തല്‍.
കേസില്‍ പെണ്‍കുട്ടിയുടെ അമ്മ, അവരുടെ കാമുകന്‍ സയ്യിദ് അലി, ഇടനിലക്കാരി കെ മാലതി എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Powered by Info News For You

Comments
Post a Comment