Netravati Express | തിരുവനന്തപുരം - ലോക് മാന്യ തിലക് ടെര്‍മിനസ്: നേത്രാവതി എക്‌സ്പ്രസിന്റെ വേഗം വര്‍ധിപ്പിക്കാന്‍ തീരുമാനം
മുംബൈ: (www.kvartha.com) റെയില്‍വേ ടൈം ടേബിള്‍ സമിതി യോഗത്തില്‍ തിരുവനന്തപുരത്തുനിന്ന് ലോക് മാന്യ തിലക് ടെര്‍മിനസിലേക്കോടുന്ന നേത്രാവതി എക്‌സ്പ്രസിന്റെ വേഗം വര്‍ധിപ്പിക്കാന്‍ തീരുമാനം. റെയില്‍വേയുടെ കഴിഞ്ഞ മൂന്ന് ദിവസമായി ബെംഗ്‌ളൂറില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
തിരുവനന്തപരുത്തുനിന്ന് പുറപ്പെടുന്ന നേത്രാവതിയുടെ വേഗമാണ് തത്കാലം കൂട്ടുന്നത്. തിരിച്ചുള്ള ഓട്ടം പഴയ വേഗത്തില്‍ തന്നെയായിരിക്കും. വര്‍ധിപ്പിച്ച വേഗത്തില്‍ രണ്ട് മണിക്കൂറോളം യാത്രാസമയം ലാഭിക്കാം. കൊങ്കണ്‍ പാതയിലെ മണ്‍സൂണ്‍ സമയക്രമം അവസാനിച്ച ശേഷമാവും ഇത് നടപ്പാക്കുക.
ഇരുഭാഗത്തേക്കുമുള്ള ഓട്ടത്തിന് വേഗം വര്‍ധിപ്പിച്ച് നേത്രാവതിയെ സൂപര്‍ ഫാസ്റ്റാക്കാമെന്ന മധ്യ റെയില്‍വേയുടെ ആലോചന ഫലവത്തായില്ല.
കോട്ടയം ടെര്‍മിനസ് പൂര്‍ത്തിയാകുന്നതോടെ പുനെ-എറണാകുളം പൂര്‍ണ എക്‌സ്പ്രസ് കോട്ടയത്തേക്ക് നീട്ടാനും തീരുമാനമായി. കോട്ടയം ടെര്‍മിനസ് ഏകദേശം ഒരുമാസം കൊണ്ട് പൂര്‍ത്തിയാകുമെന്നാണ് ദക്ഷിണ റെയില്‍വേ നല്‍കിയ ഉറപ്പ്. ഇതോടെ പൂര്‍ണ എക്‌സ്പ്രസ് കോട്ടയത്തേക്ക് നീട്ടും. ഭാവിയില്‍ എല്‍ടിടി-എറണാകുളം തുരന്തോ എക്‌സ്പ്രസും കോട്ടയത്തേക്ക് നീട്ടാന്‍ ആലോചനയുണ്ട്.
നേത്രാവതിയെ എല്‍ടിടി-മംഗ്‌ളൂറു മത്സ്യഗന്ധ എക്‌സ്പ്രസ് ഇന്റര്‍ ലിങ്ക് ചെയ്യാനും യോഗത്തില്‍ തീരുമാനിച്ചു. തിരുവനന്തപരുത്ത് നിന്നും നേത്രാവതി നിലവിലുള്ള സമയത്തിന് ഒരു മണിക്കൂര്‍ മുമ്പ് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ മുംബൈയിലെത്തും.
ഇവിടെയെത്തുന്ന നേത്രാവതിയുടെ റേക്(വണ്ടി) മത്സ്യഗന്ധ എക്‌സ്പ്രസായി തിരിച്ചുപോകും. കാലത്ത് ഏഴരയോടെ മുംബൈയിലെത്തുന്ന മത്സ്യഗന്ധ എക്‌സ്പ്രസ് നേത്രാവതിയായി തിരികെപ്പോകും. രണ്ട് വണ്ടികള്‍ക്കുമായി എട്ട് റേകുകള്‍ ഉപയോഗിച്ചിരുന്നത് ഏഴാക്കി കുറയ്ക്കാനും കഴിയും.
Powered by Info News For You

Comments
Post a Comment