Killed | 'വിവാഹം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ നവവധു ഭര്‍തൃവീട്ടിലേക്ക് മടങ്ങിപ്പോകാന്‍ തയ്യാറായില്ല'; അമ്മയെയും മകളെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചതായി പൊലീസ്
ഹൈദരാബാദ്: (www.kvartha.com) അമ്മയെയും മകളെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചതായി പൊലീസ്. മെഹബൂബ് നഗര്‍ ജില്ലയിലെ ജൈനല്ലിപ്പൂരിലാണ് സംഭവം. നിര്‍മാണ തൊഴിലാളിയായ ദല്ലയ്യ കൃഷ്ണയ്യയാണ് മകള്‍ സരസ്വതി(23)യെയും ഭാര്യ കാലമ്മയെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ദല്ലയ്യയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ചികിത്സയില്‍ കഴിയുന്ന ഇയാള്‍ അപകടനില തരണം ചെയ്തതായും സര്‍കിള്‍ ഇന്‍സ്പെക്ടര്‍ ഡി കെ മഹേശ്വര റാവു അറിയിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വിവാഹം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ മകള്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ തയാറാകാത്തതിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദത്തിലാണ് പിതാവ് മകളെയും ഭാര്യയെയും കൊലപ്പെടുത്തിയത്.
മേയ് എട്ടിനായിരുന്നു സരസ്വതിയും അയല്‍ഗ്രാമത്തിലെ കര്‍ഷകനായ വെങ്കിടേഷും തമ്മിലുള്ള വിവാഹം. കുറച്ചുനാള്‍ കഴിഞ്ഞ് സ്വന്തം വീട്ടിലെത്തിയ സരസ്വതി മടങ്ങിപ്പോകാന്‍ തയാറല്ലെന്ന് അറിയിച്ചു. തന്നെ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചതാണെന്നും വെങ്കിടേഷിനെ ഇഷ്ടമല്ലെന്നും സരസ്വതി മാതാപിതാക്കളോട് പറഞ്ഞു.
ഇതിനിടെ നവവധു മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് തന്റെ ഭാര്യയെ തിരച്ചയയ്ക്കണമെന്ന് ആവശ്യപ്പെട്ട് വെങ്കിടേഷ് കൃഷ്ണയ്യയെ വിളിച്ചു. സമ്മര്‍ദത്തിലായ ഇയാള്‍ ഭാര്യയോട് കാര്യം പറഞ്ഞെങ്കിലും കാലമ്മ മകളെ പിന്തുണയ്ക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെ ഉറക്കത്തിലായ കാലമ്മയെയും സരസ്വതിയെയും കൃഷ്ണയ്യ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ബന്ധുവായ കേശവുലുവിനെ വിളിച്ച് കൊലപാതകത്തെക്കുറിച്ചു പറഞ്ഞശേഷം താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും കൃഷ്ണയ്യ അറിയിച്ചു.
ഉടന്‍തന്നെ കേശവുലു മറ്റ് ബന്ധുക്കളെയും കൂട്ടി വീട്ടിലെത്തിയപ്പോള്‍ മൂന്നുപേരും അബോധാവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മകളും ഭാര്യയും മരിച്ചു.
Powered by Info News For You

Comments
Post a Comment