KM Shaji | തനിക്കെതിരെ വ്യാജ തെളിവുകളും വഴിവിട്ട നീക്കങ്ങളും നടത്തിയവരെല്ലാം നിയമത്തിന്റെ ശക്തി അറിയാനിരിക്കുന്നതേയുള്ളൂ; പറയാന്‍ ബാക്കിവച്ചതെല്ലാം പറയുക തന്നെ ചെയ്യുമെന്ന് കെ എം ശാജി
കോഴിക്കോട്: (www.kvartha.com) ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടല്‍ ഹൈകോടതി സ്റ്റേ ചെയ്തതതിന്റെ പശ്ചാത്തലത്തില്‍ സര്‍കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി കെ എം ശാജി. ഭരണകൂടവേട്ടയെ നിയമത്തിന്റെ പിന്‍ബലത്തോടെ എതിര്‍ത്ത് തോല്‍പ്പിക്കുമെന്നും അതിന്റെ ആദ്യ പടിയാണ് കോടതി വിധിയിലൂടെ പ്രകടമായതെന്നും അദ്ദേഹം പറഞ്ഞു.
നിയമപരമായി നീങ്ങുന്ന വിഷയത്തില്‍ സൂക്ഷ്മതയോടെ നീങ്ങിയപ്പോള്‍ അതൊരു ദൗര്‍ബല്യമായി ചിലരെങ്കിലും കരുതി. തെറ്റുചെയ്തിട്ടില്ലെന്ന് പൂര്‍ണബോധ്യമുള്ളതിനാല്‍ ലവലേശം ഭയമില്ല. സി പി എം കേന്ദ്ര ഏജന്‍സിയെ കൂട്ടുപിടിച്ച് വീട് കണ്ടുകെട്ടാന്‍ നടത്തിയ നീക്കം വഴിവിട്ടതും സ്വാഭാവിക നീതിയുടെ ലംഘനവുമാണെന്ന് കോടതി ഇടപെടലിലൂടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
'വേട്ടയാടലിന്റെ ഏറ്റവും മോശമായ ഉപകരണങ്ങളാണ് സി പി എമും ഭരണകൂടവും പുറത്തെടുത്തത്. അന്വേഷണ ഏജന്‍സികള്‍ രാജ്യത്തെ നിയമത്തിന് മുകളിലല്ലെന്ന് ഉറപ്പുള്ളതിനാല്‍ കോടതിയെ സമീപിക്കാന്‍ പോലും അതിന്റെതായ സമയം വരട്ടെയെന്നു കാക്കുകയായിരുന്നു. നിയമപരമായ വഴിയിലെ ആദ്യത്തെ ചുവടുവയ്പ്പാണിത്. നിയമം എനിക്ക് അതിന്റെ പരിരക്ഷ ഉറപ്പുവരുത്തി. പ്രഥമദൃഷ്ട്യാതന്നെ കേസില്‍ ശരികേടുണ്ടെന്ന് ബോധ്യപ്പെട്ടാണ് കോടതി കേസ് സ്റ്റേ ചെയ്തത്.'-ശാജി പറഞ്ഞു.
'പിണറായി വിജയന്റെ വിജിലന്‍സ് അന്വേഷണം നടത്തി പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ അഴീക്കോട് സ്‌കൂള്‍ മാനേജ്‌മെന്റില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതാണ്. എന്നിട്ടും പി ഡബ്ല്യു ഡിയെ കരുവാക്കി വീടിന്റെ വില കൂട്ടിക്കാണിച്ച് വരവില്‍ കവിഞ്ഞ സ്വത്തെന്ന് വരുത്തിത്തീര്‍ത്ത ഹീനമായ തന്ത്രം രാജ്യത്തുതന്നെ ആദ്യത്തേതാവും. കോഴിക്കോട്ട് വര്‍ഷങ്ങള്‍ക്കുമുന്‍പ് നിര്‍മാണം തുടങ്ങിയ വീടിന്റെ പേരില്‍ പുകമറ സൃഷ്ടിക്കുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം.'
രാജ്യത്ത് നീതിപീഠമുണ്ടെന്നും ന്യായം പരിശോധിക്കാന്‍ സംവിധാനമുണ്ടെന്നും തികഞ്ഞ ബോധ്യമുണ്ട്. ആത്മവിശ്വാസത്തോടെയും തല ഉയര്‍ത്തിപ്പിടിച്ചും ഇനിയും മുന്നോട്ടുപോകും. പറയാന്‍ ബാക്കിവച്ചതെല്ലാം പറയുക തന്നെ ചെയ്യും. എന്നിട്ടേ ഇത് അവസാനിപ്പിക്കൂ. തനിക്കെതിരെ വ്യാജ തെളിവുകളും വഴിവിട്ട നീക്കങ്ങളും നടത്തിയവരെല്ലാം നിയമത്തിന്റെ ശക്തി അറിയാനിരിക്കുന്നേയുള്ളൂവെന്നും കെ എം ശാജി വ്യക്തമാക്കി.
Powered by Info News For You

Comments
Post a Comment