Drowned | സെല്‍ഫിയെടുക്കവെ തിരയടിച്ച് കടലില്‍ വീണ തീര്‍ഥാടകസംഘത്തിലെ യുവാവ് മരിച്ചു
വിഴിഞ്ഞം: (www.kvartha.com) കടലില്‍ വഴുതി വീണ യുവാവിന് ദാരുണാന്ത്യം. പുനലൂര്‍ ഇളമ്പല്‍ ആരംപുന്ന ജ്യോതിഷ് ഭവനില്‍ സുകുമാരന്റെയും ഗീതയുടെയും മകന്‍ ജ്യോതിഷ് എസ് (24) ആണ് മരിച്ചത്. ആഴിമലത്തീരത്തെ പാറക്കെട്ടില്‍ നിന്ന് സെല്‍ഫിയെടുക്കവെ തിരയടിച്ച് കടലില്‍ വീണാണ് തീര്‍ഥാടകസംഘത്തിലെ യുവാവ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് 3.45-ഓടെയായിരുന്നു അപകടം. ആഴിമല ശിവക്ഷേത്രദര്‍ശനത്തിന് എത്തിയതായിരുന്നു ജ്യോതിഷും സ്ത്രീകളുമുള്‍പെട്ട 21 അംഗ സംഘം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് കടല്‍ത്തീരത്തേക്ക് പോകാന്‍ താഴത്തെ പാറക്കെട്ടുകളിലെത്തിയതായിരുന്നുവെന്ന് യാത്രകാര്‍ പറഞ്ഞു.
സെല്‍ഫിയെടുക്കുന്നതിനിടെ ജ്യോതിഷ് നിന്നിരുന്ന പാറക്കെട്ടുകളിലേക്ക് തിരമാല അടിച്ചുകയറി കടലില്‍ വഴുതി വീണ ജ്യോതിഷിനെ കാണാതായി. സംഭവം കണ്ട സുഹൃത്തുകളും ഒപ്പമെത്തിയ സ്ത്രീകളും നിലവിളിച്ചതോടെയാണ് ലൈഫ് ഗാര്‍ഡ് ഉള്‍പെടെയുള്ളവര്‍ വിവരമറിയുന്നത്. വിഴിഞ്ഞം തീരദേശ പൊലീസ് സ്റ്റേഷനിലെ എസ്എച്ഒ എച് അനില്‍കുമാര്‍, എസ്‌ഐ ജി എസ് പദ്മകുമാര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം പാറക്കെട്ടുകളില്‍ പരിശോധന നടത്തിയെങ്കിലും യുവാവിനെ കണ്ടുകിട്ടിയില്ല.
തുടര്‍ന്ന് എഎസ്‌ഐ അജിത്, സിപിഒ പ്രസൂണ്‍, കോസ്റ്റല്‍ വാര്‍ഡന്മാരായ സുനീറ്റ്, സില്‍വര്‍സ്റ്റര്‍, സാദിഖ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസിന്റെ പട്രോളിങ് ബോടുപയോഗിച്ച് നടത്തിയ തിരച്ചിലില്‍ കടലില്‍ യുവാവ് ഒഴുകിപ്പോകുന്നത് കണ്ടു. തുടര്‍ന്ന് വടമുപയോഗിച്ച് യുവാവിനെ ബോടിലേക്ക് വലിച്ചുകയറ്റിയപ്പോഴേക്കും മരിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മൃതദേഹം മെഡികല്‍ കോളജ് ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി. അപകടമേഖലയായതിനാല്‍ ഇവിടെ സ്ഥാപിച്ച നിയന്ത്രണ ബോര്‍ഡുകളിലെ മുന്നറിയിപ്പുകള്‍ അവഗണിച്ചായിരുന്നു സംഘം പാറക്കെട്ടുകളിലെത്തിയതെന്ന ആരോപണം ഉയരുന്നുണ്ട്.
പുനലൂരിലെ സ്റ്റുഡിയോയില്‍ ഫോടോഗ്രാഫി പഠിക്കുകയായിരുന്നു മരിച്ച ജ്യോതിഷ്. സഹോദരി ജ്യോതി. കോസ്റ്റല്‍ പൊലീസ് കേസെടുത്തു.
Powered by Info News For You

Comments
Post a Comment