Bizarre | മനുഷ്യന്‍ ചെയ്ത കുറ്റത്തിന്റെ തെളിവ് മൃഗം നശിപ്പിച്ചാലോ? 'പ്രതിയെ കുടുക്കുന്നതിനായി പൊലീസ് ശേഖരിച്ച തെളിവുകള്‍ സൂക്ഷിച്ചിരുന്ന ബാഗ് കുരങ്ങന്‍ എടുത്തുകൊണ്ടുപോയി', ഇത് വിചിത്രം!

ജയ്പൂര്‍: (www.kvartha.com) സാധാരണയായി, കുറ്റകൃത്യം ചെയ്യുകയും പിന്നീട് തെളിവുകള്‍ നശിപ്പിക്കുകയും ചെയ്യുന്നവരെ നിയമത്തിന്റെ കണ്ണില്‍ കുറ്റവാളികളായി കണക്കാക്കുന്നു. എന്നാല്‍ മനുഷ്യന്‍ ചെയ്ത കുറ്റത്തിന്റെ തെളിവ് മൃഗം നശിപ്പിച്ചാലോ? ഒരു കൊലപാതക കേസില്‍ ശേഖരിച്ച തെളിവുകളുമായി ഒരു കുരങ്ങന്‍ ഓടിപ്പോയെന്ന റിപോര്‍ടാണ് രാജസ്ഥാനില്‍ നിന്ന് പുറത്തുവരുന്നത്. മോഷ്ടിച്ച വസ്തുക്കളില്‍ കൊലപാതക ആയുധം (രക്തം പുരണ്ട കത്തി) ഉള്‍പെടുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: 2016 സെപ്തംബറില്‍ ജയ്പൂരിലെ ചാന്ദ്വാജി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൊലപാതകം നടന്നത്. ശശികാന്ത് ശര്‍മയെന്ന യുവാവിനെ കാണാതാവുകയും പിന്നീട് പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയുമായിരുന്നു. മരണം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ശശികാന്തിനെ കാണാതായിരുന്നു. ബന്ധുക്കള്‍ പരമാവധി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ചാന്ദ്വാജി പ്രദേശവാസികളായ രണ്ട് പ്രതികളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

Jaipur, News, National, Arrest, Crime, Police, Killed, Monkey, Court, Jaipur cops tell court, 'accused arrested but monkey fled with evidence'.

ശശികാന്ത് ശര്‍മയുടെ മൃതദേഹം കിട്ടിയതിന് ശേഷം അഞ്ച് ദിവസം കഴിഞ്ഞാണ് അറസ്റ്റ് നടന്നത്. രാഹുല്‍ കന്ദേര, മോഹന്‍ലാല്‍ കന്ദേര എന്നിവരാണ് പിടിയിലായത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയടക്കം തൊണ്ടിമുതലുകളെല്ലാം പൊലീസ് ഇവരില്‍ നിന്ന് കണ്ടെടുത്തു. പ്രതികള്‍ കുറ്റം സമ്മതിച്ചു. ഇരുവരെയും അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കേണ്ട സമയമായപ്പോള്‍ കൊലപാതക തെളിവുകള്‍ കുരങ്ങന്‍ മോഷ്ടിച്ചു. പ്രാഥമിക തെളിവായ കത്തിയും കുരങ്ങന്‍ കൈക്കലാക്കി.

അതേസമയം, തെളിവുകള്‍ സൂക്ഷിക്കാനായി പോലീസ് സ്റ്റേഷനില്‍ തന്നെ പ്രത്യേകമായി സ്ഥലമുണ്ട്. എന്നാല്‍ അവിടെ സ്ഥലം ഇല്ലാതിരുന്നതിനാല്‍ ഈ കേസിലെ തൊണ്ടിമുതലുകള്‍ സ്റ്റേഷന്‍ വളപ്പിലെ മരത്തിന് താഴെയാണ് സൂക്ഷിച്ച് വെച്ചിരുന്നതെന്നാണ് പൊലീസ് കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. ഇത്രയും പ്രമാദമായ ഒരു കേസിലെ തെളിവുകള്‍ നഷ്ടമായത് ഗുരുതരമായ പൊലീസിന്റെ വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്. എഴുതിത്തയ്യാറാക്കിയ സത്യവാങ്മൂലത്തിലാണ് പൊലീസ് കുരങ്ങന്‍ തൊണ്ടിമുതലുമായി കടന്നുകളഞ്ഞെന്ന് അറിയിച്ചിരിക്കുന്നത്.

കത്തിയടക്കമുള്ള വസ്തുക്കളെല്ലാം ഭദ്രമായി കെട്ടി മരച്ചുവട്ടിലാണ് വെച്ചത്. പെട്ടെന്ന് ഒരു കുരങ്ങന്‍ വന്ന് ഇതെല്ലാം കൊണ്ട് കടന്നുകളയുകയാണ് ചെയ്തത്. 2016ല്‍ തന്നെയാണ് ഇത് സംഭവിച്ചതെന്നും പൊലീസ് പറയുന്നു. എന്നാല്‍ പൊലീസിന്റെ വിശദീകരണത്തില്‍ തൃപ്തിയില്ലെന്ന് കോടതി വ്യക്തമാക്കി. പബ്ലിക് പ്രോസിക്യൂടറും ഈ വാദത്തെ ശക്തമായി എതിര്‍ത്തു. തൊണ്ടിമുതല്‍ കുരങ്ങന്‍ കൊണ്ടുപോയെന്നത് വളരെ വിചിത്രമായ വാദമാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.

Keywords: Jaipur, News, National, Arrest, Crime, Police, Killed, Monkey, Court, Jaipur cops tell court, 'accused arrested but monkey fled with evidence'.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?