Aadhar | ഏറെ വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും ഒടുവില്‍ ആധാര്‍ പകര്‍പ്പുകള്‍ക്കെതിരായ മുന്നറിയിപ്പ് അധികൃതര്‍ പിന്‍വലിച്ചു; നമ്പര്‍ ആളുകളുമായി പങ്കിടുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് പുതിയ വിജ്ഞാപനത്തിലും നിര്‍ദേശം
ന്യൂഡെല്‍ഹി: (www.kvartha.com) രണ്ട് ദിവസത്തെ ആശയക്കുഴപ്പത്തിനും പരിഭ്രാന്തിക്കും വിമര്‍ശനത്തിനും ശേഷം ആധാര്‍ നമ്പറുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട വിജ്ഞാപനം ഞായറാഴ്ച കേന്ദ്രസര്‍കാര്‍ പിന്‍വലിച്ചു. പുതിയ വിജ്ഞാപനത്തിലും, ആധാര്‍ നമ്പര്‍ ആളുകളുമായി പങ്കിടുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് സര്‍കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഒരു സ്ഥാപനത്തിനും ആധാറിന്റെ പകര്‍പുകള്‍ (Aadhar Photocopy) നല്‍കരുതെന്ന് യുനീക് ഐഡന്റിഫികേഷന്‍ അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ (UIDAI) ബെംഗ്‌ളുറു ഓഫീസ് വെള്ളിയാഴ്ച ഒരു പത്രക്കുറിപ്പിലൂടെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പകരമായി, ഒരു വ്യക്തിയുടെ ആധാര്‍ നമ്പറിന്റെ അവസാന നാല് അക്കങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന 'മാസ്‌ക്ഡ് ആധാര്‍' ഉപയോഗിക്കാന്‍ യുഐഎഐ നിര്‍ദേശിച്ചു.
യുഐഡിഎഐ വെബ്‌സൈറ്റില്‍ നിന്ന് 'നിങ്ങള്‍ക്ക് മാസ്‌ക്ഡ് ആധാര്‍ വേണോ' എന്ന ഓപ്ഷനില്‍ ഇത്തരമൊരു കാര്യം ഡൗണ്‍ലോഡ് ചെയ്യാമെന്നും യുഐഡിഎഐ അറിയിച്ചു. യുഐഡിഎഐയുടെ ഉപയോക്തൃ ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിക്കാന്‍ ആധാര്‍ ഉപയോഗിക്കാനാകൂ എന്നും ഹോടലുകള്‍, സിനിമാശാലകള്‍ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍ ശേഖരിക്കാനോ സൂക്ഷിക്കാനോ അനുവാദമില്ലെന്നും ആധാര്‍ നിയമം 2016 പറയുന്നു.
'ഒരു സ്വകാര്യ സ്ഥാപനം നിങ്ങളുടെ ആധാര്‍ കാര്‍ഡോ, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പോ ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് യുഐഡിഎഐയില്‍ നിന്നുള്ള സാധുവായ ഉപയോക്തൃ ലൈസന്‍സ് ഉണ്ടെന്ന് പരിശോധിക്കുക,' -യുഐഡിഎഐ പറഞ്ഞിരുന്നു. ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇന്റര്‍നെറ്റ് കഫേകളിലെ പൊതു കമ്പ്യൂടറുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അങ്ങനെ ചെയ്യേണ്ടതുണ്ടെങ്കില്‍, ആ കമ്പ്യൂടറില്‍ നിന്ന് ഇ-ആധാറിന്റെ ഡൗണ്‍ലോഡ് ചെയ്ത പകര്‍പ്പുകള്‍ ശാശ്വതമായി ഇല്ലാതാക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആധാര്‍ നമ്പറുകളുടെ സുരക്ഷിതത്വത്തെക്കുറിച്ചും ദുരുപയോഗത്തെക്കുറിച്ചും ആശങ്കയുണ്ടായതോടെ ആളുകള്‍ സര്‍കാരിനെ വിമര്‍ശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ യുഐഡിഎഐ വെട്ടിലായി. തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചതായി കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ഇലക്ട്രോനിക്‌സ് മന്ത്രാലയം ഞായറാഴ്ച അറിയിച്ചത്. ഫോടോഷോപ് ചെയ്ത ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യാനുള്ള ശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് അധികൃര്‍ ഇങ്ങിനെയൊരു ഉത്തരവ് ഇറക്കിയതെന്നാണ് അറിയുന്നത്.
സര്‍കാര്‍, സ്‌കൂള്‍, കോളജ് പ്രവേശനത്തിനും പൗരന്മാര്‍ക്ക് അവശ്യ സേവനങ്ങള്‍ ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി വിധിയുണ്ട്. എന്നാല്‍ ആദായനികുതി റിടേണുകള്‍ സമര്‍പിക്കുന്നതിനും പെര്‍മനന്റ് അകൗണ്ട് നമ്പര്‍ (പാന്‍) അനുവദിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമായി തുടരുമെന്ന് സുപ്രീം കോടതി പറഞ്ഞു. എന്നാല്‍ ബാങ്ക് അകൗണ്ടുമായി ആധാര്‍ ലിങ്ക് ചെയ്യേണ്ടത് നിര്‍ബന്ധമല്ല, ടെലികോം സേവന ദാതാക്കള്‍ക്ക് മൊബൈല്‍ കണക്ഷനുകള്‍ക്ക് ആധാര്‍ ലിങ്ക് ചെയ്യാന്‍ കഴിയില്ല, ഒരു സ്വകാര്യ സ്ഥാപനത്തിനും ആധാര്‍ കാര്‍ഡോ നമ്പറോ ചോദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Keywords: New Delhi, News, National, Aadhar Card, Warning, Central Government, Aadhar Authority withdraws warning against photocopies.
Powered by Info News For You

Comments
Post a Comment