3 Arrested | 32 കാരന്‍ വിവാഹവീട്ടിലെ ടെറസില്‍നിന്ന് വീണുമരിച്ച സംഭവം; സുഹൃത്തുക്കളടക്കം 3 പേര്‍ അറസ്റ്റില്‍; 'യുവാവിന്റെ മരണം സംഭവിച്ചത് വിവാഹം തടസമില്ലാതെ നടത്തുന്നതിനായി ചികില്‍സ ലഭ്യമാക്കാതെ വീട്ടില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന്'
തിരുവനന്തപുരം: (www.kvartha.com) വെമ്പായത്ത് വിവാഹവീട്ടിലെ ടെറസില്‍നിന്ന് യുവാവ് വീണുമരിച്ച സംഭവത്തില്‍ സുഹൃത്തുക്കളടക്കം മൂന്നുപേര്‍ അറസ്റ്റില്‍. വധുവിന്റെ സഹോദരന്‍ വിഷ്ണു (30), സുഹൃത്തുക്കളായ ശരത് കുമാര്‍ (25), നിതീഷ് (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കോലിയക്കോട് കീഴാമലയ്ക്കല്‍ സ്വദേശി ഷിബു (32) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. യുവാവ് ടെറസില്‍നിന്ന് വീഴുന്ന ദൃശ്യങ്ങള്‍ തൊട്ടടുത്തുള്ള വീട്ടിലെ സിസിടിവിയില്‍നിന്ന് ശേഖരിച്ചിരുന്നു. സുഹൃത്തുക്കളുമായി ടെറസിന്റെ പടികള്‍ ഇറങ്ങുന്നതിനിടെ ഷിബു മുകളില്‍നിന്ന് താഴേക്ക് വീഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അവശനിലയിലായ ഷിബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും സുഹൃത്തുകള്‍ ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലെത്തിച്ചു.
ഈസമയം, പ്രായമായ അമ്മൂമ്മ മാത്രമാണ് ഷിബുവിന്റെ വീട്ടിലുണ്ടായിരുന്നത്. കയ്യിലുണ്ടായിരുന്ന ഡ്രിപിന്റെ സൂചിപോലും ഊരിമാറ്റിയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പിറ്റേന്ന് രാവിലെ നില വഷളായി വായിലൂടെയും മൂക്കിലൂടെയും രക്തം വാര്‍ന്ന് ഷിബു മരിച്ചു. സുഹൃത്തുക്കളെ ബന്ധപ്പെടാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും ആരെയും ഫോണില്‍ ലഭിച്ചില്ല. തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.
ഷിബുവിനെ ആദ്യം കന്യാകുളങ്ങരയിലെ സര്‍കാര്‍ ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സിടി സ്‌കാനും എക്‌സ്‌റേയും എടുക്കാന്‍ നിര്‍ദേശിച്ചെങ്കിലും പരിശോധനയ്ക്ക് നില്‍ക്കാതെ സുഹൃത്തുക്കള്‍ പുലര്‍ചെ മൂന്നു മണിയോടെ വീട്ടിലെത്തിച്ചു. ഷിബുവിനെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കൊണ്ടുപോകുന്നതിനാണ് ഡിസ്ചാര്‍ജ് വാങ്ങുന്നതെന്നാണ് മെഡികല്‍ കോളജ് ആശുപത്രിയില്‍ പറഞ്ഞത്. ഇതിനായി വ്യാജപേരുകളാണ് പ്രതികള്‍ നല്‍കിയത്.
ചോദ്യം ചെയ്തപ്പോള്‍ ഷിബു കല്യാണജോലിക്ക് വന്നയാളാണെന്നാണ് കസ്റ്റഡിയിലുള്ളവര്‍ ആദ്യം മൊഴി നല്‍കിയത്. കല്യാണ ചടങ്ങുകളുടെ വീഡിയോ പരിശോധിച്ചപ്പോള്‍ ഷിബു ഇവരുടെ സുഹൃത്താണെന്ന് തെളിഞ്ഞു. ടെറസില്‍വച്ച് ആറോളംപേര്‍ ചേര്‍ന്ന് മദ്യപിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി.
സഹോദരിയുടെ വിവാഹം തടസമില്ലാതെ നടത്തുന്നതിനായി വിഷ്ണുവും കൂട്ടുകാരും കൂടുതല്‍ ചികില്‍സ ലഭ്യമാക്കാതെ ഷിബുവിനെ വീട്ടില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് യുവാവിന്റെ മരണം സംഭവിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
Powered by Info News For You

Comments
Post a Comment