കനാല്‍ റോഡില്‍ കാനയുടെ ആഴം കൂട്ടാനെടുത്ത കുഴിയിലേക്ക് കുട്ടികളടക്കം സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; പരിസരത്ത് കയറുകൊണ്ട് പോലും കെട്ടി വച്ചിട്ടില്ലെന്നും മുന്നറിയിപ്പ് ബോര്‍ഡില്ലെന്നും നാട്ടുകാര്‍
കൊച്ചി: (www.kvartha.com 07.04.2022) കനാല്‍ റോഡരികിലെ കാനയുടെ ആഴം കൂട്ടാനെടുത്ത കുഴിയിലേക്ക് വാഹനം മറിഞ്ഞ് അപകടം. മുല്ലശ്ശേരി കനാല്‍ റോഡിലാണ് അപകടം. വാഹനത്തില്‍ കുട്ടികളടക്കം ഉണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.
കുട്ടികളടക്കം സഞ്ചരിച്ച കാര്‍ കുഴിയിലേക്ക് പൂര്‍ണമായും ചരിഞ്ഞ് നിരങ്ങി വീഴുകയായിരുന്നുവെന്ന് മറ്റു യാത്രക്കാര്‍ പറഞ്ഞു. വാഹനം അത്ര വേഗതയില്‍ അല്ലാത്തതിനാലും ചരിഞ്ഞ് വീണതിനാലും ഭാഗ്യത്തിന് ആര്‍ക്കും പരിക്കുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും കൊച്ചുമക്കളും സഞ്ചരിച്ച കാറാണ് മറിഞ്ഞത്. കൃത്യമായ മുന്നറിയിപ്പ് നല്‍കാത്തതാണ് അപകടകാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
ആറുമീറ്റര്‍ നീളത്തില്‍ കനാല്‍ പൊളിച്ച് ആഴവും വീതിയും കൂട്ടുന്ന 10 കോടി രൂപയുടെ നിര്‍മാണമാണ് നടക്കുന്നത്. ഓപറേഷന്‍ ബ്രേക് ത്രൂ പദ്ധതിയുടെ ഭാഗമായുള്ള മുല്ലശ്ശേരി കനാല്‍ നവീകരണം തുടങ്ങിയിട്ട് മാസം ഒന്നായി. പണി കാര്യമായി നടക്കുന്നുണ്ടെങ്കിലും ഈ പരിസരത്ത് വലിയ കുഴിക്ക് ചുറ്റും കയറുകൊണ്ട് പോലും കെട്ടി വച്ചിട്ടില്ലെന്നും മുന്നറിയിപ്പ് ബോര്‍ഡുമില്ലെന്നും ഇതാണ് അപകടത്തിന് കാരണമെന്നും നാട്ടുകാര്‍ ആരോപിച്ചു.
റോഡ് നിരപ്പില്‍ നിന്ന് 10 അടി താഴ്ത്തിയാണ് പുതിയ തട്ട് വാര്‍ത്തിരിക്കുന്നത്. ഇരുട്ടില്‍ നടന്ന് വരുന്നവര്‍ വരെ വീണുപോകാവുന്ന, വീണാല്‍ വലിയ അപകടമുണ്ടായേക്കാവുന്ന കുഴിയാണിത്. ഇതുവഴി പുതുതായി വരുന്ന യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടാന്‍ സാധ്യതയില്ല.
Powered by Info News For You
.jpg)
Comments
Post a Comment