കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ല; വൈറസ് ഇപ്പോഴും വളരെ ശക്തനാണ്, പുതിയ വകഭേദം ഉണ്ടായേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ജനീവ: (www.kvartha.com 19.03.2022) രണ്ട് വര്‍ഷമായി ലോകത്തെ പിടിച്ചുലയ്ക്കുന്ന കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്നും കൊറോണ വൈറസ് ഇപ്പോഴും ശക്തനാണെന്നും പുതിയ വകഭേദം ഉണ്ടായേക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേസുകള്‍ വര്‍ഥിക്കുന്നതിനിടെയാണ് മുന്നറിയിപ്പ് എന്നത് ശ്രദ്ധേയം. മഹാമാരിയുടെ അവസാനം വളരെ അകലെയാണെന്ന് ലോകാരോഗ്യ സംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് വെള്ളിയാഴ്ച പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റോയിടേഴ്‌സ് റിപോര്‍ട് ചെയ്തു.
കഴിഞ്ഞ ആഴ്ചയില്‍ കോവിഡ് കേസുകളില്‍ എട്ട് ശതമാനം വര്‍ധനവ് രേഖപ്പെടുത്തുകയും 11 ദശലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ചില രാജ്യങ്ങളില്‍ പരിശോധന കുറഞ്ഞിട്ടും വര്‍ധനവ് ഉണ്ടാകുന്നു.
വൈറസ് ഇപ്പോഴും ശക്തനാണെന്നും അതിന്റെ പ്രതിരോധശേഷി എപ്പോള്‍ അവസാനിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാകില്ലെന്നും ലോകാരോഗ്യ സംഘടനയുടെ അടിയന്തര ആരോഗ്യ പരിപാടിയുടെ എക്സിക്യൂടീവ് ഡയറക്ടര്‍ ഡോ. മൈക് റയാന്‍ യുഎന്‍ വാര്‍ത്താ റിപോര്‍ടില്‍ വ്യക്തമാക്കി.
ദക്ഷിണാര്‍ധഗോളത്തിലെ പല രാജ്യങ്ങളും 'ഞങ്ങള്‍ അതിജീവിക്കുന്നു' എന്ന് പറയുന്നുണ്ടെങ്കിലും അടുത്ത ശൈത്യകാലം വരെ കാത്തിരുന്നാലേ സ്ഥിതി എന്താണെന്ന് പറയാനാകൂ. യുകെയിലെ രോഗവ്യാപനം നോക്കുമ്പോള്‍, വളരെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'വാക്‌സിനുകള്‍ അണുബാധയ്‌ക്കെതിരെ പൂര്‍ണമായും പ്രവര്‍ത്തിക്കുന്നില്ല, വൈറസ് ലോകമെമ്പാടും പടരുന്നത് തുടരും' - ഡോ. മൈക് റയാന്‍ വ്യക്തമാക്കി. 'ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ചിലപ്പോള്‍ രോഗവ്യാപനം ഉയര്‍ന്നതായിരിക്കും, പിന്നീട് കുറയുകയും വീണ്ടും കൂടുകയും ചെയ്യും. വൈറസ് പ്രതിരോധശേഷി ക്ഷയിക്കുന്ന മേഖലയിലേക്ക് വേഗം നീങ്ങിക്കൊണ്ടിരിക്കും.'-ഡോ റയാന്‍ പറഞ്ഞു.
കൊറോണ വൈറസിന് പോളിയോ വൈറസുമായി സമാനതകള്‍ ചില വിദഗ്ധര്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
വകഭേദങ്ങളുടെ സംയോജനം ലോകമെമ്പാടുമുള്ള കേസുകളുടെ വര്‍ധനവിന് കാരണമാകുന്നെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് സാങ്കേതിക മേധാവി ഡോ. മരിയ വാന്‍ കെര്‍ഖോവിനെ ഉദ്ധരിച്ച് യുഎന്‍ ന്യൂസ് റിപോര്‍ട് ചെയ്തു. കൂടുതല്‍ കൈമാറ്റം ചെയ്യാവുന്ന വകഭേദത്തില്‍ നിന്നാണ് ഇത് ആരംഭിക്കുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ലോകമെമ്പാടും വളരെ തീവ്രമായി വ്യാപിക്കുന്ന ഒമിക്രോണ്‍ ഇപ്പോഴുമുണ്ട്. ഒമിക്രോണ്‍ ബിഎ 1, ബിഎ 2 എന്നിവയുടെ ഉപവിഭാഗങ്ങളുണ്ട്. ബിഎ 2 കൂടുതല്‍ വ്യാപന ശേഷിയുള്ളതാണ്. കൊറോണ വൈറസിന്റെ ഇന്നുവരെ നമ്മള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പകരുന്ന വേരിയന്റാണിതെന്നും ഡോ കെര്‍ഖോവ് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ 30 ദിവസങ്ങളില്‍ 400,000-ലധികം സീക്വന്‍സുകള്‍ സാംപിള്‍ ചെയ്തതില്‍ 99.9 ശതമാനം ഒമിക്രോണും 75 ശതമാനം ബിഎ 2 വകഭേദവുമായി പൊരുത്തപ്പെടുന്നതായി വിദഗ്ധര്‍ അറിയിച്ചു. ബിഎ 2ല്‍ തീവ്രത കൂടിയിട്ടില്ല' അവര്‍ വ്യക്തമാക്കി.
കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതാണ് വൈറസിന്റെ വകഭേദങ്ങളുടെ വര്‍ധനവിന് അനുകൂലമായ ഒരു ഘടകമെന്നും മാസ്‌കുകളുടെ ഉപയോഗം പിന്‍വലിച്ചതും സാമൂഹ്യ അകലം പാലിക്കുന്നത് അവസാനിപ്പിച്ചതും യാത്രാ നിയന്ത്രണങ്ങള്‍ മാറ്റിയതും വൈറസിന് പടരാനുള്ള അവസരം നല്‍കുന്നെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
Powered by Info News For You
Comments
Post a Comment