'മോഹിനിയാട്ടം പൊലീസ് ഇടപെട്ട് നിര്‍ബന്ധിച്ച് നിര്‍ത്തിച്ചു'; പരസ്യമായി അപമാനിച്ചതായി നര്‍ത്തകി നീന പ്രസാദ്
പാലക്കാട്: (www.kvartha.com 22.03.2022) നഗരത്തിലെ സാംസ്‌കാരിക സന്ധ്യയോടനുബന്ധിച്ച് അവതരിപ്പിച്ച നൃത്തപരിപാടി പൊലീസ് ഇടപെട്ട് നിര്‍ത്തിച്ച് പരസ്യമായി അവഹേളിച്ചതായി നര്‍ത്തകി ഡോ. നീന പ്രസാദ്. സമീപത്ത് താമസിക്കുന്ന ന്യായാധിപന്റെ നിര്‍ദേശപ്രകാരമായിരുന്നു പൊലീസ് മോഹിനിയാട്ടക്കച്ചേരി പാതിവഴിയില്‍ നിര്‍ത്തിച്ചതെന്ന് അവര്‍ സമൂഹമാധ്യമത്തിലെ കുറിപ്പില്‍ ആരോപിച്ചു.
ശനിയാഴ്ച സന്ധ്യയ്ക്കുനടന്ന മോഹിനിയാട്ടക്കച്ചേരി ആരംഭിച്ച് അല്പസമയത്തിനകംതന്നെ നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു. ഇത് അവഹേളനമാണെന്ന് കാണിച്ചാണ് സാമൂഹികമാധ്യമത്തിലെ നര്‍ത്തകിയുടെ കുറിപ്പ്. 'ഇന്നലെ ഇതുവരെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലാത്ത ഒരനുഭവം കലാകാരിയെന്നനിലയില്‍ എനിക്കുണ്ടായി' എന്ന മുഖവുരയോടെയാണ് നീനാ പ്രസാദ് വിഷയം പങ്കുവച്ചത്.
പരിപാടി തുടങ്ങി അല്പസമയമാവുമ്പോഴേക്കും പൊലീസെത്തി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും ഒരു സ്ത്രീയെന്നനിലയിലും കലാകാരിയെന്നനിലയിലും എന്റെ പ്രതിഷേധം രേഖപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് തോന്നിയതിനാലാണ് പ്രതികരിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.
ന്യായാധിപന് ശബ്ദം കാരണം ബുദ്ധിമുട്ടുണ്ടായതോടെയാണ് സംഘാടകരോട് പരിപാടി നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ടതെന്നും പരിപാടി തുടരണമെന്ന ആഗ്രഹമുള്ളതിനാല്‍ കാണികളെ വേദിക്കരികിലേക്ക് ഇരുത്തി സംഗീതത്തിന്റെ ശബ്ദം വളരെ കുറച്ചാണ് നൃത്തം അവതരിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. അപമാനിക്കപ്പെട്ടതായി തോന്നിയെന്നും നീനാ പ്രസാദ് പറഞ്ഞു.
സര്‍ഗാവിഷ്‌കാരങ്ങള്‍ക്കെതിരെ ഉയരുന്ന ഇത്തരം ഭീഷണികള്‍ക്കെതിരെ പൊതുസമൂഹം രംഗത്തുവരണമെന്നു പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്റ് ഷാജി എന്‍ കരുണ്‍, ജനറല്‍ സെക്രടറി അശോകന്‍ ചരുവില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
Powered by Info News For You

Comments
Post a Comment