ഇനി ആ സന്ദേശം ആരും കേള്‍ക്കില്ല; കോവിഡ് കോളര്‍ട്യൂണ്‍ നിര്‍ത്തുന്നു
ന്യൂഡെല്‍ഹി: (www.kvartha.com 28.03.2022) കോവിഡിനെ തുടര്‍ന്ന് നിരന്തരം കേട്ടുകൊണ്ടിരുന്ന ആ സന്ദേശം ഇനി ആരും കേള്‍ക്കില്ല. രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ കോവിഡ് കോളര്‍ട്യൂണ്‍ നിര്‍ത്തുന്നാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ ആലോചന. കോവിഡിനെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്താന്‍ സര്‍കാര്‍ കൊണ്ടുവന്നതാണ് പ്രീകോള്‍ സന്ദേശങ്ങള്‍.
മന്ത്രാലയത്തിന്റെ ശുപാര്‍ശപ്രകാരം 2020 മാര്‍ച് മുതലാണ് മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ പ്രീ കോളായും കോളര്‍ ട്യൂണായും ആളുകളെ കേള്‍പിക്കാന്‍ തുടങ്ങിയത്. സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലും വാക്സിനേഷനും കൈ കഴുകലും തുടങ്ങി ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അനുമോദന സന്ദേശങ്ങളും ഇത്തരത്തില്‍ കേള്‍പിച്ചിരുന്നു.
ലോക്ഡൗണിലേക്ക് കടക്കുന്നതിനിടെ അമിതാഭ് ബച്ചന്റെ ശബ്ദ സന്ദേശമായിട്ടാണ് ആദ്യം കോവിഡ് കോളര്‍ട്യൂണ്‍ എത്തിയത്. പിന്നീട് പ്രാദേശിക ഭാഷകളിലും ഇത് വന്നു. തുടക്കത്തില്‍ എല്ലാവര്‍ക്കും കുറച്ച് കൗതുകം തോന്നിയിരുന്നെങ്കിലും പിന്നീട് ഇതൊരു ബുദ്ധിമുട്ടാണെന്ന പരാതികള്‍ കോടതിയില്‍ വരെയെത്തി.
കോളുകള്‍ കണക്ട് ചെയ്യുന്നതിന് ഈ സന്ദേശത്തെ തുടര്‍ന്ന് കൂടുതല്‍ സമയമെടുക്കുന്നത് ആളുകള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു. അത്യാവശ്യത്തിനായി വിളിക്കുമ്പോഴും ഏറെ നേരത്തേക്കുള്ള സര്‍കാരിന്റെ സദുദ്ദേശത്തോടെയുള്ള ആ സന്ദേശം കോവിഡ് കാലത്ത് ചിലരെ ശരിക്കും വലച്ചിരുന്നുവെന്ന് വേണം കരുതാന്‍.
പരാതികള്‍ ഏറിയതോടെ ടെലികോം മന്ത്രാലയത്തിന്റെ അനുമതിയോടെ സേവനദാതാക്കള്‍ കോവിഡ് അവബോധ സന്ദേശം കേള്‍പിക്കലിന്റെ തവണകള്‍ കുറച്ചിരുന്നു.
Powered by Info News For You

Comments
Post a Comment