സൈകിള്‍ ഓടിക്കാന്‍ ലൈസന്‍സ് വേണമെന്ന് ആവശ്യം; 4-ാം ക്ലാസുകാരന്‍ പൊലീസ് സ്റ്റേഷനില്‍
നെടുങ്കണ്ടം: (www.kvartha.com 26.03.2022) അമ്മാവന്‍ വാങ്ങി തന്ന സൈകിള്‍ റോഡിലൂടെ ഓടിക്കാന്‍ അനുവാദം ചോദിച്ച് നാലാം ക്ലാസുകാരന്‍ നിവേദനവുമായി പൊലീസ് സ്റ്റേഷനില്‍. നെടുങ്കണ്ടം ഹണി കോടേജില്‍ ഗ്രീഷ്മ -രാജേഷ് ദമ്പതികളുടെ മകന്‍ ദേവനാഥ് ആര്‍ നായരാണ് ലൈസന്‍സ് തരണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
വെള്ളിയാഴ്ചയാണ് ഉച്ചക്കഴിഞ്ഞാണ് സംഭവം. എസ്എച് ഇന്‍ഗ്ലിഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിയായ ദേവനാഥ് അച്ഛനും അമ്മയും വീട്ടിലില്ലാത്ത തക്കം നോക്കി അപേക്ഷയുമായി സ്റ്റേഷനില്‍ എത്തിയത്. തന്റെ ബുകില്‍ നിന്നും പറിച്ചെടുത്ത കടലാസിലാണ് നിവേദനം തയ്യാറാക്കിയിരുന്നത്.
'സാര്‍, എനിക്ക് സൈകിള്‍ ഓടിക്കാന്‍ അനുവാദം തരണം. റോഡില്‍ കൂടി ഓടിക്കാന്‍ ലൈസന്‍സ് തരണം. താഴ്മയോടെ അപേക്ഷിക്കുന്നു. നന്ദി.' എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.
കത്ത് വായിച്ച പൊലീസ് നടത്തിയ അന്വേഷണത്തില്‍ കഥ ഇങ്ങനെ: മൂന്ന് മാസം മുന്‍പ് ദേവനാഥിന് അബൂദബിയില്‍ നിന്നെത്തിയ അമ്മാവന്മാരാണ് വിദേശനിര്‍മിതവും ഗിയറുള്ളതുമായ സൈകിള്‍ നല്‍കിയത്. ആദ്യം സൈകിളില്‍ കയറാന്‍ കാല്‍ എത്തിയിരുന്നില്ല. ഒരു വിധത്തില്‍ മൂന്ന് മാസമെടുത്താണ് വീടിന്റെ പരിസരത്തുകൂടി സൈകിള്‍ ഓടിച്ച് പഠിച്ചത്. ഇതോടെ സ്‌കൂളിലേക്കും സൈകിളില്‍ പോയാലോ എന്നൊരാശ ദേവനാഥിന് തോന്നി.
ഇത് അമ്മയോട് പറഞ്ഞതോടെ പണി പാളി. റോഡിലൂടെ സൈകിള്‍ ഓടിക്കണമെങ്കില്‍ ലൈസന്‍സ് വേണമെന്നും ലൈസന്‍സില്ലാതെ സൈകിളോടിച്ചാല്‍ സൈകിള്‍ പൊലീസ് പിടിച്ചെടുക്കുമെന്നും അമ്മ പറഞ്ഞതോടെ കുട്ടി വിഷമത്തിലായി. അങ്ങനെയെങ്കില്‍ ലൈസന്‍സ് എവിടെ കിട്ടുമെന്നായി ദേവനാഥ്. പൊലീസ് സ്റ്റേഷനില്‍ ചെന്ന് അപേക്ഷ നല്‍കിയാലോ കാര്യം നടക്കൂവെന്ന് അമ്മ പറഞ്ഞു.
അതോടെ അച്ഛനും അമ്മയും വീട്ടിലില്ലാത്ത തക്കം നോക്കി സ്വന്തമായി അപേക്ഷയും എഴുതി കുട്ടി സ്റ്റേഷനിലെത്തുകയായിരുന്നു. അപേക്ഷ വാങ്ങിയ എസ്‌ഐ ബിനോയ് ഏബ്രഹാം, പൊലീസ് ഉദ്യോഗസ്ഥരായ മുജീബ്, പി എം സന്തോഷ് എന്നിവര്‍ മിഠായി നല്‍കി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം കുട്ടിയുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും വിളിച്ച് അവര്‍ക്കൊപ്പം മടക്കി അയക്കുകയായിരുന്നു.
Powered by Info News For You

Comments
Post a Comment