3 പതിറ്റാണ്ടിന് ശേഷം യുപിയിലെ തിരഞ്ഞെടുപ്പ് എസ് പിയും ബി ജെ പിയും തമ്മിലായത് ഭരണകക്ഷിയില്‍ ചിലരെ ആശങ്കയിലാഴ്ത്തുന്നത് എന്ത് കൊണ്ട്?
ലക്നൗ: (www.kvartha.com 08.03.2022) ഉത്തര്‍പ്രദേശില്‍ അവസാന ഘട്ട വോടെടുപ്പ് നടക്കുന്നതിനും എക്സിറ്റ് പോള്‍ ഫലങ്ങള്‍ വരുന്നതിനും മുമ്പേ ഭാരതീയ ജനതാ പാര്‍ടിയുടെ നേതൃത്വം ആശങ്കാകുലരായിരുന്നു. കാരണം മൂന്ന് പതിറ്റാണ്ടിനിപ്പുറം ആദ്യമായാണ് സംസ്ഥാനത്തെ പ്രധാന പാര്‍ടികള്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് പോരിനിറങ്ങിയത്.
90കളില്‍ ജാതി അധിഷ്ഠിത പാര്‍ടികളുടെ കരുത്ത് കണ്ട സംസ്ഥാനം, അന്നുമുതല്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബഹുകക്ഷി പോരാട്ടത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2022ലെ തിരഞ്ഞെടുപ്പ് പ്രചാരണവും അങ്ങനെയാണ് ആരംഭിച്ചെങ്കിലും വൈകാതെ അത് ബി ജെ പിയും സമാജ് വാദി പാര്‍ടിയും (എസ് പി) തമ്മിലുള്ള പോരാട്ടത്തിലേക്ക് നീങ്ങി.
'ബി എസ് പി ഉള്‍പെടെയുള്ള മറ്റ് പാര്‍ടികളെല്ലാം നാമമാത്രമായിത്തീര്‍ന്നു, രണ്ട് പാര്‍ടികള്‍ തമ്മിലുള്ള പോരാട്ടം എല്ലായ്പ്പോഴും ഞങ്ങളെ സഹായിച്ചിട്ടില്ല,' പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബി ജെ പിയുടെ ദേശീയ ഭാരവാഹി പറഞ്ഞു. മത്സരം രണ്ട് പാര്‍ടികളിലേക്ക് ചുരുങ്ങുമ്പോള്‍ ബി ജെ പി വിരുദ്ധ വോടുകള്‍ ഏകീകരിക്കപ്പെടും.
യുപിയിലെ ഈ അപൂര്‍വ തിരഞ്ഞെടുപ്പ് സാഹചര്യം പാര്‍ടിയെ മോശം പ്രകടനത്തിലേക്ക് നയിക്കുമെന്ന് ബി ജെ പിയില്‍ ആരും പറയുന്നില്ലെന്ന് ഉറപ്പാണ്. പക്ഷെ, 2014 ലെ പാര്‍ലെമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തൊട്ടുമുമ്പ്, നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ പാര്‍ടിക്ക് 80 സീറ്റില്‍ 71 എണ്ണത്തിലും വിജയിക്കാന്‍ കഴിഞ്ഞത് മുതല്‍ അവര്‍ വളരെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്ത വോടിംഗ് രീതി, രണ്ട് പാര്‍ടികള്‍ തമ്മിലുള്ള മത്സരം മാറ്റിമറിച്ചേക്കാം എന്നതാണ് മുന്‍നിര നേതാക്കളെ ആശങ്കപ്പെടുത്തുന്നത്.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 403ല്‍ 312 സീറ്റുകള്‍ നേടിയാണ് ബി ജെ പി അധികാരത്തിലെത്തിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും 50% വോടുകള്‍ നേടി. എന്നാല്‍, എന്‍ ഡി തിവാരിയുടെ കോണ്‍ഗ്രസിനെ ലോക്ദളിലെ മുലായം സിംഗ് യാദവ് താഴെയിറക്കിയ 1989ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് രണ്ട് പാര്‍ടികള്‍ നേരിട്ട് സംസ്ഥാനത്ത് മത്സരിച്ചത്. ബി ജെ പി എസ് പിയെയും എസ് പി, ബി ജെ പിയെയും മാത്രം ലക്ഷ്യമിടുന്നത് ജനങ്ങള്‍ കണ്ടു
'ഞങ്ങളുടെ പ്രശ്നം രണ്ട് പാര്‍ടികള്‍ തമ്മിലുള്ള മത്സരത്തില്‍ വിജയിക്കാന്‍, 45% വോട് നേടണം എന്നതാണ്, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എസ് പിയുമായി സഖ്യമുണ്ടാക്കിയപ്പോള്‍ ബി ജെ പിക്ക് 40% വോടുകള്‍ ലഭിച്ചു, എന്നാല്‍ ബഹുജന്‍ സമാജ് പാര്‍ടിയും (ബി എസ് പി) ഒരു വെല്ലുവിളിയായിരുന്നു. ഇത്തവണ ഭരണകക്ഷിയായ ബി ജെ പിയെ ആക്രമിക്കാന്‍ ശ്രമിക്കാതെ മാറിനിന്ന് കളിക്കുകയായിരുന്നു ബി എസ് പി' - ഒരു ബി ജെ പി നേതാവ് വ്യക്തമാക്കി.
നേതാക്കളുടെയും പാര്‍ടികളുടെയും ആശങ്കകള്‍ എത്രമാത്രം യാഥാര്‍ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ച പുറത്തുവന്നാലേ വ്യക്തമാകൂ. യുപിയെ നിയന്ത്രിക്കുന്നത് ജാതി രാഷ്ട്രീയമാണെങ്കിലും കര്‍ഷകസമരം അടക്കമുള്ള ദേശീയ സമരങ്ങളുടെ പ്രതിഫലനം ഏറ്റവും കൂടതലുണ്ടാവുക ഇവിടെയാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിരുന്നാലും അതിനെയൊക്കെ മറികടക്കാനുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളും പെട്ടെന്ന് നടപ്പാക്കാന്‍ കഴിയുന്ന സംസ്ഥാനം കൂടിയാണ് യുപി.
Powered by Info News For You
Comments
Post a Comment