2 മാധ്യമപ്രവര്‍ത്തകര്‍ കൂടി യുക്രൈനില്‍ കൊല്ലപ്പെട്ടു; ഫോക്‌സ് ന്യൂസ് റിപോര്‍ടര്‍ക്ക് ഗുരുതര പരിക്ക്
ന്യൂയോര്‍ക്: (www.kvartha.com 16.03.2022) രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൂടി യുക്രൈനില്‍ കൊല്ലപ്പെട്ടു. അമേരികന്‍ ന്യൂസ് ചാനലായ ഫോക്സ് ന്യൂസിന്റെ ക്യാമറാമാന്‍ പിയറി സക്സെവ്സ്‌കി, യുക്രേനിയന്‍ പത്രപ്രവര്‍ത്തകയായ ഒലെക്‌സാന്ദ്ര കുവ്ഷിനോവ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന് പരിക്കേറ്റിട്ടുണ്ട്.
യുക്രൈന്‍ തലസ്ഥാനമായ കീവില്‍ വച്ചാണ് കൊല്ലപ്പെട്ടത്. റഷ്യന്‍ ആക്രമണത്തിലുണ്ടായ അഗ്‌നിബാധയിലേക്ക് ഇവര്‍ സഞ്ചരിച്ച കാര്‍ ഇടിച്ചാണ് അപകടം എന്നാണ് സൂചന. ഐറിഷ് പൗരനായ സക്രസെവ്സ്‌കിയുടെയും സഹപ്രവര്‍ത്തകന്റെയും മരണത്തില്‍ വളരെയധികം അസ്വസ്ഥനും ദുഃഖിതനുമാണെന്ന് ഐറിഷ് പ്രധാനമന്ത്രി മൈകല്‍ മാര്‍ടിന്‍ പറഞ്ഞു.
കീവിന് സമീപമുള്ള ഹൊറെങ്കയില്‍ തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ സക്രസെവ്‌സ്‌കി കൊല്ലപ്പെടുകയും സഹപ്രവര്‍ത്തകനായ ബെഞ്ചമിന്‍ ഹാളിന് പരിക്കേല്‍ക്കുകയും ചെയ്തതായി ഫോക്‌സ് ന്യൂസ് മീഡിയ സിഇഒ സുസെയ്ന്‍ സ്‌കോട് പറഞ്ഞു. നെറ്റ്വര്‍കിന്റെ സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് കറസ്പോണ്ടന്റായി ജോലി ചെയ്യുന്ന ബ്രിടീഷുകാരനായ ഹാള്‍ യുക്രൈനില്‍ ആശുപത്രിയില്‍ തുടരുകയാണെന്ന് സ്‌കോട് പ്രസ്താവനയില്‍ പറഞ്ഞു.
ഇറാഖ്, അഫ്ഗാനിസ്താന്‍, സിറിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഫോക്സ് ന്യൂസിന് വേണ്ടി ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത് പെയ്റി ആയിരുന്നു. പെയ്റിയായിരുന്നു അന്താരാഷ്ട്ര വാര്‍ത്തകള്‍ കവര്‍ ചെയ്തിരുന്നതെന്നും ഒരു സംഭവ സ്ഥലത്തെത്തുമ്പോള്‍ അവിടെ ക്യാമറയുമായി പെയ്റിയെ കാണുന്നത് നമ്മുടെ ആശങ്കകള്‍ നീക്കുമായിരുന്നുവെന്നും ഫോക്സ് ന്യൂസ് എക്സിക്യൂടിവ് എഡിറ്റര്‍ ജയ് വാലേസ് പറയുന്നു.
ലന്‍ഡനില്‍ സ്ഥിരതാമസമാക്കിയിരുന്ന സക്രസെവ്‌സ്‌കി ഫെബ്രുവരി മുതല്‍ യുക്രൈനില്‍ ജോലി ചെയ്തു വരികയായിരുന്നു. നേരത്തെ ന്യൂയോര്‍ക് ടൈംസ് മാധ്യമപ്രവര്‍ത്തകനായ ബ്രന്‍ഡ് റെനോഡും യുക്രൈന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Powered by Info News For You
Comments
Post a Comment