ജപാനിലെ ഫുകുഷിമ മേഖലയില്‍ ശക്തമായ ഭൂചലനം; 20 ലക്ഷം വീടുകളില്‍ ഒറ്റയടിക്ക് വൈദ്യുതി ബന്ധം തകരാറിലായി, പ്രദേശത്ത് സുനാമി മുന്നറിയിപ്പ്
ടോക്യോ: (www.kvartha.com 17.03.2022) ജപാനിലെ ഫുകുഷിമ ദുരന്തഭൂമിക്ക് സമീപത്തായി ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി. ഫുകുഷിമ തീരത്ത് 60 കിലോമീറ്റര്‍ അടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആര്‍ക്കെങ്കിലും പരുക്കേറ്റതായി വിവരമില്ല.
ഭൂചലനത്തിന് പിന്നാലെ 20 ലക്ഷം വീടുകളില്‍ വൈദ്യുതി ബന്ധം തകരാറിലായി. വൈദ്യുതി നഷ്ടമായ വീടുകളില്‍ ഏഴ് ലക്ഷത്തോളം എണ്ണം ടോക്യോയിലാണെന്ന് വൈദ്യുതി വിതരണ കംപനി അറിയിച്ചു. വടക്കുകിഴക്കന്‍ മേഖലയിലെ 1,56,000 ലക്ഷം വീടുകള്‍ ഇരുട്ടിലായെന്ന് ടൊഹോകു ഇലക്ട്രിക് പവര്‍ പ്രതികരിച്ചു.
ജപാനിലെ ട്രെയിന്‍ ഗതാഗതവും താറുമാറായി. ശക്തമായ ഭൂചനത്തിന് പിന്നാലെ ജപാന്റെ വടക്കുകിഴക്കന്‍ തീരമേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫുകുഷിമ ആണവ പ്ലാന്റിന്റെ സ്ഥിതി പരിശോധിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
സാഹചര്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പ്രധാനമന്ത്രി ഫുമിയോ കിഷിദ മാധ്യമങ്ങളോട് പറഞ്ഞു.
2011 മാര്‍ചില്‍ ഫുകുഷിമയിലുണ്ടായ ഭൂചലനത്തിലും സുനാമിയിലുംപെട്ട് 20,000 പേര്‍ മരിച്ചിരുന്നു. ജപാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആണവ അപകടത്തിനും ഭൂകമ്പം വഴിവച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് ഫുകുഷിമയിലെ 40 വര്‍ഷം പഴക്കമുള്ള ആണവനിലയമാണ് തകര്‍ന്നത്. ഇതു മൂലമുണ്ടായ ആണവ ചോര്‍ചയെ തുടര്‍ന്ന് ആണവ നിലയത്തിന്റെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയായിരുന്നു.
Powered by Info News For You
Comments
Post a Comment