100 പേര്‍ പങ്കെടുക്കുന്ന ഇന്‍ഡ്യയിലെ ആദ്യ മഞ്ഞ് മാരതണ്‍ ഹിമാചലിലെ ലാഹൗളില്‍; പൂജ്യത്തിന് താഴെയുള്ള താപനിലയും പതിനായിരം അടി ഉയരവും മറികടന്ന് മത്സരാര്‍ഥികള്‍
ന്യൂഡെല്‍ഹി: (www.kvartha.com 27.03.2022) പൂജ്യത്തിന് താഴെയുള്ള താപനിലയും പതിനായിരം അടി ഉയരവും മറികടന്ന് 100 പേര്‍ രാജ്യത്തെ ആദ്യത്തെ മഞ്ഞ് മാരതണില്‍ പങ്കെടുത്തു. ശനിയാഴ്ച പുലര്‍ചെയായിരുന്നു മാരതണ്‍. സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും വിദൂര മേഖലയിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുമാണ് ലഹൗളും സ്പിതിയും റീച് ഇന്‍ഡ്യയുമായി ചേര്‍ന്ന് മഞ്ഞ് മാരതണ്‍ സംഘടിപ്പിച്ചത്. രാജ്യത്തുടനീളമുള്ളവര്‍ പരിപാടിയുടെ ഭാഗമായി, പ്രത്യേകിച്ച് സ്ത്രീകള്‍.
അമ്മ ഗുര്‍പ്രീതിനും അച്ഛന്‍ ഹര്‍മന്ദിര്‍ ജ്യോതിനും ഒപ്പം ഓടിയ രണ്ട് വയസുകാരി സാബിറത്താണ് ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥി. ഇന്‍ഡ്യന്‍ ആര്‍മിയുടെ വലിയ പങ്കാളിത്തമാണ് പരിപാടിക്ക് ലഭിച്ചത്. ആദ്യ മഞ്ഞ് മാരതണില്‍ പങ്കെടുക്കുന്നതില്‍ വലിയ ആവേശമുണ്ടെന്ന് മത്സരം ആരംഭിക്കുന്നതിന് മുമ്പ് കേണല്‍ സൗരഭ് ശിവര്‍ പറഞ്ഞു. 'ഞങ്ങള്‍ കുറച്ചുകാലമായി മാരതണിനായി തയ്യാറെടുക്കുകയായിരുന്നു,' എന്നും അദ്ദേഹം പറഞ്ഞു.
മഞ്ഞ് മാരതണിന് പ്രധാനമായും നാല് വിഭാഗങ്ങളാണുള്ളത്: ഒരു ഫുള്‍ മാരതണ്‍, അതില്‍ പങ്കെടുക്കുന്നവര്‍ 42 കിലോമീറ്റര്‍ ഓടണം, കൂടാതെ മൂന്ന് തരം ഹാഫ് മാരതണുകള്‍ (21 കി.മീ, 10 കി.മീ, 5 കി.മീ). നവാഗതരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു കിലോമീറ്റര്‍ ഓട്ടവും ഉണ്ടായിരുന്നു.
'ഇത്തരത്തിലുള്ള മാരതണ്‍ ആദ്യത്തേതാണ്. ഇത്രയും പ്രകൃതിരമണീയമായ സ്ഥലം മറ്റെവിടെയുമില്ല, ഇത് വലിയ തോതിലുള്ള ജനപങ്കാളിത്തവും ഉറപ്പാക്കുകയും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയും ചെയ്യും. ഞങ്ങള്‍ക്ക് രാജ്യത്തുടനീളമുള്ള 55 പേര്‍ ഉള്‍പെടെ 100-ലധികം മത്സരാര്‍ഥികളുണ്ട്' -പരിപാടിയുടെ മുഖ്യ ഉപദേഷ്ടാവ് കേണല്‍ അരുണ്‍ നടരാജന്‍ പറഞ്ഞു.
ആഗോളതലത്തില്‍ സമാനമായ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഓട്ടക്കാര്‍ക്കുള്ള മികച്ച പരിശീലന മൈതാനമായി ഇത്തരത്തിലുള്ള ആദ്യ മാരതണ്‍ മാറുമെന്ന് കീലോങ് എസ്ഡിഎം പ്രീതി നഗ്ത പറഞ്ഞു. 'ഇതിലൂടെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കോവിഡ് കാരണം വിദേശ പങ്കാളിത്തം ഉണ്ടായില്ല, എന്നാല്‍ വരും സമയങ്ങളില്‍ അവരുടെ പങ്കാളിത്തം വലിയ വിജയത്തിലേക്ക് നയിക്കും' -അവര്‍ ചൂണ്ടിക്കാട്ടി.
Keywords: New Delhi, News, National, Snow Fall, Tourism, India, Snow marathon, Himachal, Lahaul, Participants, India's first snow marathon kicks off in Himachal's Lahaul with 100 participants.
Powered by Info News For You

Comments
Post a Comment