'കാര്‍ഷിക വിളകള്‍ക്ക് ഹോമിയോ പരിചരണം': വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും കര്‍ഷകര്‍ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം: (www.kvartha.com 26.02.2022) കര്‍ഷകര്‍ക്ക് മുന്നറിയിപ്പുമായി കേരള കാര്‍ഷിക സര്‍വകലാശാല. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും 'കാര്‍ഷിക വിളകളിലെ ഹോമിയോ പരിചരണം' എന്ന പേരില്‍ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത്തരത്തില്‍ കര്‍ഷകര്‍ വഞ്ചിതരാകരുതെന്നും കേരള കാര്‍ഷിക സര്‍വകലാശാല അറിയിച്ചു.
സര്‍വ -രോഗ കീട സംഹാരി, നവീന ജൈവകൃഷി സൂക്തം എന്നീ പേരുകളില്‍ ഹോമിയോമരുന്നുകള്‍ ചില സ്വകാര്യ വ്യക്തികളും ഏജന്‍സികളും കര്‍ഷകരുടെ ഇടയില്‍ പ്രചരിപ്പിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സര്‍വകലാശാല അറിയിച്ചു. മാത്രമല്ല, ഹോമിയോ മരുന്ന് വിളകളുടെ ഉല്‍പാദന വര്‍ധനവിനെ സഹായിക്കുമെന്നും വരള്‍ച്ചയെ പ്രതിരോധിക്കുമെന്നുമുള്ള വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നുണ്ട്.
എന്നാല്‍ ഇതുവരെ കൃഷിയില്‍ ഹോമിയോ മരുന്നുകളുടെ ഉപയോഗം ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലോ കേരള കാര്‍ഷിക സര്‍വകലാശാലയോ അംഗീകരിക്കുകയോ ശുപാര്‍ശ ചെയ്യുകയോ ചെയ്തിട്ടില്ല. അതിനാല്‍ കാര്‍ഷിക വിളകളിലെ ഹോമിയോ പരിചരണം എന്ന തരത്തിലുള്ള പ്രചാരണങ്ങളെല്ലാം വ്യാജമാണെന്നും കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നും സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.
കര്‍ഷകര്‍ സര്‍വകലാശാലയുടെ പാകേജ് ഓഫ് പ്രാക്ടീസ് പ്രകാരമുള്ള സസ്യ സംരക്ഷണ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ചര്‍ അധികൃതര്‍ അറിയിച്ചു.
Powered by Info News For You
Comments
Post a Comment