കശ്മീരില്‍ ദേശവിരുദ്ധത ആരോപിച്ച് മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു; രൂക്ഷ വിമര്‍ശനവുമായി മെഹ്ബൂബ മുഫ്തി, 'ഭരണകൂടത്തിന് അസ്വീകാര്യമായ യാഥാര്‍ഥ്യങ്ങളെ തുറന്നുകാട്ടുന്നത് ദേശവിരുദ്ധതയായി മാറിയിരിക്കുന്നു'
ശ്രീനഗര്‍: (www.kvartha.com 05.02.2022) ദേശവിരുദ്ധ ഉള്ളടക്കം പങ്കുവച്ചെന്ന് ആരോപിച്ച് 'ദ കശ്മീര്‍ വാല' ന്യൂസ് പോര്‍ടലിന്റെ എഡിറ്റര്‍ ഫഹദ് ശായെ ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണ ഏജന്‍സികളുടെ പ്രതിച്ഛായ തകര്‍ക്കുന്നതും രാജ്യത്തോട് കൂറ് കാട്ടാത്തതുമായ ഉള്ളടക്കമാണ് ഫഹദ് ശാ പങ്കുവച്ചതെന്ന് പൊലീസ് ആരോപിക്കുന്നു.
ഫെബ്രുവരി ഒന്ന് ഫഹദ് ശായെ പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. വെള്ളിയാഴ്ച മൊഴി രേഖപ്പെടുത്താനുണ്ടെന്ന് അറിയിച്ച് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ജനങ്ങളില്‍ ഭയം ജനിപ്പിക്കാനും പ്രകോപിപ്പിക്കാനും അതുവഴി ക്രമസമാധാനം തകര്‍ക്കാനും ലക്ഷ്യമിട്ടുള്ള ദേശവിരുദ്ധ പോസ്റ്റുകളും ചിത്രങ്ങളും വീഡിയോകളും ചില ഫേസ്ബുക് ഉപയോക്താക്കളും വാര്‍ത്താ പോര്‍ടലുകളും പ്രചരിപ്പിക്കുന്നുണ്ടെന്ന് പുല്‍വാമ ജില്ല പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് രെജിസ്റ്റര്‍ ചെയ്ത കേസിലാണ് ഫഹദ് ഷാ അറസ്റ്റിലായതെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റില്‍ രൂക്ഷമായ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രംഗത്തെത്തി. 'സത്യത്തിനുവേണ്ടി നിലകൊള്ളുന്നത് ദേശവിരുദ്ധമായി കണക്കാക്കപ്പെടുകയാണ്. അസഹിഷ്ണുതയും സ്വേച്ഛാധിപത്യവും നിറഞ്ഞ ഒരു സര്‍കാറിനെ തുറന്നുകാട്ടുന്നതും ദേശവിരുദ്ധതയായി മാറിയിരിക്കുന്നു. ഭരണകൂടത്തിന് അസ്വീകാര്യമായ യാഥാര്‍ഥ്യങ്ങളെയാണ് ഫഹദ് പത്രപ്രവര്‍ത്തനത്തിലൂടെ തുറന്നുകാട്ടിയത്. എത്ര ഫഹദുമാരെ നിങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാനാകും?' മെഹ്ബൂബ ട്വിറ്റെറില്‍ കുറിച്ചു.
തീവ്രവാദ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് രണ്ടാഴ്ച മുമ്പ് സജാദ് ഗുല്‍ എന്ന മാധ്യമപ്രവര്‍ത്തകനെ കശ്മീര്‍ പൊലീസ് പൊതുസുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. സജാദ് ഗുലിന്റെ അറസ്റ്റ് അന്യായമാണെന്ന് കാട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയയാളാണ് ഇപ്പോള്‍ അറസ്റ്റിലായ ഫഹദ് ശാ.
Powered by Info News For You
Comments
Post a Comment