ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങി; മുദ്രാവാക്യം മുഴക്കി സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: (www.kvartha.com 18.02.2022) ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനപ്രസംഗം തുടങ്ങി. പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് പ്രകടനമായി പുറത്തേക്ക് പോയി. ഗവര്‍ണര്‍ സഭയിലെത്തിയതിന് പിന്നാലെ 'ഗവര്‍ണര്‍ ഗോ ബാക്' മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു.
ഗവര്‍ണര്‍ പ്രസംഗം ആരംഭിക്കുന്നതിനു മുന്‍പ് പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ സംസാരിക്കാനായി എഴുന്നേറ്റെങ്കിലും അനുവദിച്ചില്ല. സഭാ സമ്മേളനത്തില്‍ നിങ്ങള്‍ക്ക് ഇതെല്ലാം ഉന്നയിക്കാനുള്ള സമയമുണ്ടെന്നും, ഇപ്പോഴീ പ്രതിഷേധിക്കുന്നത് അനവസരത്തിലാണെന്നും, പ്രതിപക്ഷനേതാവ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് അല്‍പം ഉത്തരവാദിത്തം കാണിക്കണമെന്നും പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ രോഷാകുലനായി. എന്നാല്‍ പ്രതിഷേധം തുടര്‍ന്ന പ്രതിപക്ഷം സഭ വിട്ടിറങ്ങി സഭാ കവാടത്തില്‍ പ്രതിഷേധിക്കുകയാണ്.
ഗവര്‍ണറും സര്‍കാരും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കേ, അവസാനനിമിഷംവരെ സര്‍കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ഗവര്‍ണര്‍ ഒടുവില്‍ നയപ്രഖ്യാപനപ്രസംഗം വായിക്കാമെന്ന് സമ്മതിച്ചത്. പൗരത്വനിയമഭേദഗതിക്കെതിരായ നയപ്രഖ്യാപനത്തിലെ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിക്ക് വേണ്ടി വായിക്കുന്നുവെന്ന് മുന്‍കാലത്ത് പറഞ്ഞ് അസാധാരണ കീഴ് വഴക്കം സൃഷ്ടിച്ചിട്ടുള്ള ആളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
സര്‍വകലാശാല നിയമനങ്ങളിലും രാഷ്ട്രപതിയുടെ ഡിലിറ്റ് വിവാദത്തിലും ഒടുവില്‍ സ്വന്തം പ്രൈവറ്റ് സെക്രടറിയുടെ നിയമനത്തിലുമടക്കം ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ മറ്റൊരു നയപ്രഖ്യാപനം നടത്തുമ്പോള്‍ പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
Powered by Info News For You
Comments
Post a Comment