പൊലീസ് ഉദ്യോഗസ്ഥന്റെ ആ ബുദ്ധിയിൽ ചുരുളഴിഞ്ഞത് ഒരു കൊലപാതകം; വഴിത്തിരിവായത് ബൈകിന്റെ ട്രാഫിക് നിയമലംഘന ചലാൻ; അപൂർവ കുറ്റാന്വേഷണ മികവിന് സാമൂഹിക മാധ്യമങ്ങളിൽ കയ്യടി
മുംബൈ: (www.kvartha.com 13.02.2022) 45 കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളിലേക്കെത്താൻ പൊലീസിന് തുമ്പായത് ട്രാഫിക് ചലാൻ. പൂനെ ചക്കനിലെ ആലന്തി ഘട്ടിൽ പാതയോരത്ത് 2021 നവംബർ 30 നാണ് മൃതദേഹം കണ്ടെത്തിയത്. പൂനെയിലെ ഹവേലി പ്രദേശത്ത് ഇന്ദ്രായണി നഗർ, ദേഹു ഫാട്ട - മോഷി റോഡിൽ താമസക്കാരനും വാഷിം ജില്ല സ്വദേശിയുമായ രാധേഷ്യം സുഭാഷ് രതി (45) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പൂനെ ജില്ലയിലെ പൃഥ്വിരാജ് നംദാസ് (19), തേജസ് സന്തോഷ് ലോന്ദെ എന്നിവരെ കഴിഞ്ഞ ദിവസം ആലന്തി പൊലീസ് അറസ്റ്റ് ചെയ്തു.
2021 നവംബർ 26 ന് രാത്രി 11 മണിക്ക് സുഭാഷ് ജോലിക്ക് പോയിരുന്നു. എന്നാൽ പിന്നീട് ഇദ്ദേഹം തിരിച്ചെത്തിയില്ല. തുടർന്ന് പൊലീസ് മിസിംഗ് കേസ് റെജിസ്റ്റർ ചെയ്തു. പിന്നീട് നവംബർ 30 ന് ഇദ്ദേഹത്തിന്റെ മൃതദേഹം ലഭിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഇയാളുടെ ബൈകും മൊബൈൽ ഫോണും നഷ്ടപ്പെട്ടതായി മനസിലായി. തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് സിസിടിവി ക്യാമറ ദൃശ്യങ്ങളും ഫോൺ ലൊകേഷനും അടക്കം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
'മറ്റെല്ലാ വഴികളും അവസാനിച്ചപ്പോൾ, സബ് ഇൻസ്പെക്ടർ വിജയ് ജഗ്ദലെ, സുഭാഷിന്റെ ഉടമസ്ഥതയിലുള്ള ബൈകിന്റെ ട്രാഫിക് നിയമലംഘനങ്ങളുടെ ചലാൻ പരിശോധിക്കാൻ തുടങ്ങി. അങ്ങനെ 2021 ഡിസംബർ മൂന്നിന്, സുഭാഷിന്റെ വാഹനത്തിന് ഒരു ട്രാഫിക് ലംഘന ചലാൻ പുറപ്പെടുവിച്ചതായി കണ്ടെത്തി. ആ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മൂന്ന് പേർ അതേ വാഹനത്തിൽ പോവുന്നത് കണ്ടു. ചിത്രത്തിൽ മുഖങ്ങൾ ഭാഗികമായി മാത്രമായിരുന്നു പതിഞ്ഞിരുന്നത്. അതിനാൽ 150 സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു' - പൊലീസ് പറഞ്ഞു.
ഫെബ്രുവരി 11 ന് ബൈകിൽ കണ്ട മൂന്ന് പേരിൽ ഒരാൾ ചക്കനിലെ നാനേകർ വസ്തി പ്രദേശത്തുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ഉടൻ പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. 'ചോദ്യം ചെയ്യലിൽ, താനും സുഹൃത്തും കൂടി സുഭാഷിന്റെ 2,000 രൂപയും മൊബൈൽ ഫോണും ബൈകും കൊള്ളയടിച്ചതായി ഇയാൾ വെളിപ്പെടുത്തി. സുഭാഷ് എതിർത്തപ്പോൾ പ്രതികൾ കല്ലും ഇരുമ്പ് വടിയും കൊണ്ട് തലയ്ക്കടിച്ചു. കൊലപ്പെടുത്തി, മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു' - പൊലീസ് പറഞ്ഞു.
Keywords: News, National, Mumbai, Murder, Police, Traffic, Social Media, Case, Missing, Motor Bike, Murderers found through traffic challan on victim's motorbike.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment