തലപ്പത്ത് ഇങ്ങനെയുള്ള ആളുകള്‍ വന്നാല്‍ ജീവനക്കാര്‍ രക്ഷപെടും! തന്റെ ട്രെയിനിയും വീട്ടുജോലിക്കാരും ഡ്രൈവറും ഉള്‍പെടെ 5 പേര്‍ക്ക് വീട് വാങ്ങാന്‍ സഹായിക്കാനായി 3.95 കോടി വിലമതിക്കുന്ന 9 ലക്ഷം ഓഹരികള്‍ സമ്മാനിച്ച് ഈ ബാങ്കിന്റെ എംഡി, അതിങ്ങിനെയാണ്
ന്യൂഡെല്‍ഹി: (www.kvartha.com 22.02.2022) തങ്ങളുടെ ജോലിക്ക് അംഗീകാരമായി ശമ്പള വര്‍ധനയോ, അഭിനന്ദന കത്തോ ലഭിക്കുമെന്ന് ജീവനക്കാര്‍ പ്രതീക്ഷിക്കുന്നിടത്ത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക് എംഡിയും സി ഇ ഒയുമായ വി വൈദ്യനാഥന്‍. തന്റെ കൈവശമുള്ള 3.95 കോടി രൂപ വിലമതിക്കുന്ന ബാങ്കിന്റെ ഒന്‍പത് ലക്ഷം ഓഹരികള്‍ ജീവനക്കാര്‍ക്കായി എംഡി സമ്മാനിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.
ഈ അഞ്ച് വ്യക്തികളും സ്വകാര്യ ബാങ്കിന്റെ എംഡിയുമായി ബന്ധമില്ലാത്തവരാണെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. തന്റെ ട്രെയിനിയും വീട്ടുജോലിക്കാരും ഡ്രൈവറും ഉള്‍പെടെ അഞ്ച് പേര്‍ക്ക് വീട് വാങ്ങാന്‍ സഹായിക്കാനാണ് ഇത്തരത്തിലൊരു നീക്കം നടത്തി വൈദ്യനാഥന്‍ മാതൃകയാവുന്നത്.
'മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂടീവ് ഓഫീസറുമായ വി വൈദ്യനാഥന്‍ 2022 ഫെബ്രുവരി 21 ന് ഐ ഡി എഫ് സി ഫസ്റ്റ് ബാങ്കിന്റെ 9,00,000 ഇക്വിറ്റി ഷെയറുകള്‍ പലര്‍ക്കും സമ്മാനിച്ചു,' ബാങ്ക് തിങ്കളാഴ്ച റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി പി ടി ഐ റിപോര്‍ട് ചെയ്യുന്നു.
തന്റെ ട്രെയിനിയായ രമേഷ് രാജുവിന് വൈദ്യനാഥന്‍ മൂന്ന് ലക്ഷം ഓഹരികള്‍ സമ്മാനിച്ചു. വീട്ടുജോലിക്കാരനായ പ്രഞ്ജല്‍ നര്‍വേകറിനും ഡ്രൈവര്‍ അല്‍ഗര്‍സാമി സി മുനപറിനും രണ്ട് ലക്ഷം ഓഹരികള്‍ വീതവും. ഓഫീസ് സപോര്‍ട് സ്റ്റാഫ് ദീപക് പതാരെ, ഹൗസ്ഹെല്‍പ് സന്തോഷ് ജോഗാലെ എന്നിവര്‍ക്ക് ഒരു ലക്ഷം ഓഹരികള്‍ വീതവും നല്‍കി.
ബി എസ് ഇയില്‍ തിങ്കളാഴ്ചത്തെ ക്ലോസിംഗ് വിലയായ 43.90 രൂപ കണക്കാക്കിയാല്‍, വൈദ്യനാഥന്‍ സമ്മാനിച്ച ഒന്‍പത് ലക്ഷം ഓഹരികളുടെ മൂല്യം 3,95,10,000 രൂപയാണ്. കൂടാതെ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി രുക്മണി സോഷ്യല്‍ വെല്‍ഫെയര്‍ ട്രസ്റ്റിന് രണ്ട് ലക്ഷം ഇക്വിറ്റി ഷെയറുകള്‍ നല്‍കിയതായി ബാങ്ക് അറിയിച്ചു.
സമ്മാനങ്ങള്‍ക്കും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുമായി വിനിയോഗിച്ച മൊത്തം ഓഹരികള്‍ ഐ ഡി എഫ് സി ഫസ്റ്റ് ബാങ്കിന്റെ 11 ലക്ഷം ഇക്വിറ്റി ഷെയറുകളാണ്. ഈ ഇടപാടുകളില്‍ നിന്ന് വി വൈദ്യനാഥന് പ്രത്യക്ഷമോ പരോക്ഷമോ ആയ നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ബാങ്ക് അറിയിച്ചു.
നേരത്തെയും വൈദ്യനാഥന്‍, താനുമായി ബന്ധമില്ലാത്ത ചില വ്യക്തികള്‍ക്ക് ഓഹരികള്‍ സമ്മാനിച്ചിരുന്നു. 2020 സെപ്റ്റംബറില്‍ തന്റെ സ്‌കൂള്‍ അധ്യാപകനായ ഗുര്‍ഡിയല്‍ സരൂപ് സൈനിക്ക് നന്ദി സൂചകമായി ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്ന ഒരു ലക്ഷം ഇക്വിറ്റി ഷെയറുകള്‍ വൈദ്യനാഥന്‍ കൈമാറിയിരുന്നു.
Powered by Info News For You
Comments
Post a Comment