കീഴടങ്ങാന്‍ പറഞ്ഞപ്പോള്‍ 'അസഭ്യം പറഞ്ഞത് ക്ഷുഭിതരാക്കി'; 13 അതിര്‍ത്തി രക്ഷാസൈനികരെ വധിച്ച് 'സ്‌നേക് ഐലന്‍ഡ്' പിടിച്ചെടുത്തതായി റഷ്യ
കീവ്: (www.kvartha.com 26.02.2022) റുമാനിയയോടുചേര്‍ന്ന് കരിങ്കടലില്‍ സ്ഥിതി ചെയ്യുന്ന യുക്രൈന്റെ കീഴിലായിരുന്ന സെര്‍പന്റ് ദ്വീപ് (സ്‌നേക് ഐലന്‍ഡ്) അഥവാ പാമ്പുകളുടെ ദ്വീപ് റഷ്യ പിടിച്ചെടുത്തു. യുക്രെയ്‌നിന്റെ തെക്കുകിഴക്കന്‍ അതിര്‍ത്തിയിലുള്ള തന്ത്രപ്രധാനമായ സ്ഥലമാണ് സ്‌നേക് ഐലന്‍ഡ്. 42 ഏകര്‍ ദ്വീപ് പിടിച്ചെടുത്തതോടെ കരിങ്കടലില്‍ 12 നോടികല്‍ മൈല്‍ വരുന്ന സമുദ്രഭാഗവും റഷ്യയുടെ നിയന്ത്രണത്തിലായി.
ഇവിടെ നിയോഗിക്കപ്പെട്ടിരുന്ന 13 അതിര്‍ത്തി രക്ഷാസൈനികരെ വധിച്ചാണ് ദ്വീപ് കീഴടക്കിയത്. ഈ ദ്വീപ് വളഞ്ഞ റഷ്യന്‍ നാവിക സേനയുടെ രണ്ട് യുദ്ധക്കപ്പലില്‍ നിന്നും ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പട്ടെന്നും എന്നാല്‍ മറുപടിയായി റഷ്യന്‍ സേനയ്ക്ക് ലഭിച്ചത് അസഭ്യവര്‍ഷമായിരുന്നുവെന്നുമാണ് വിവരം. ഇതില്‍ പ്രകോപിതരായാണ് സൈനിക നടപടി വേണ്ടിവന്നത് എന്നാണ് റഷ്യ വ്യക്തമാക്കുന്നത്.
യുക്രൈനിലെ ഒഡെസ അഡ്മിനിസ്‌ട്രേറ്റീവ് റീജിയന്റെ ഭാഗമായ ദ്വീപില്‍ നിലയുറപ്പിച്ചിരുന്ന യുക്രൈനിയന്‍ അതിര്‍ത്തി സേനയുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായും ദ്വീപിന്റെ നിയന്ത്രണം റഷ്യ പിടിച്ചടിക്കിയതായും യുക്രൈന്‍ തീരരക്ഷാ സേനയും അറിയിച്ചിട്ടുണ്ട്.
റഷ്യന്‍ സേനയുടെ കീഴടങ്ങല്‍ നിര്‍ദേശം ഗൗനിക്കാതെ സധൈര്യം പിടിച്ചുനിന്ന് വീരമൃത്യു വരിച്ച 13 സൈനികര്‍ക്കും മരണാനന്തര ബഹുമതിയായി ഹീറോ ഓഫ് യുക്രൈന്‍ പദവി നല്‍കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കിയും പ്രഖ്യാപിച്ചു. യുക്രൈനിനായി ജീവന്‍ ബലിയര്‍പിച്ചവരുടെ സ്മരണ എന്നും നിലനില്‍ക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരിങ്കടലിലെ യുക്രൈന്‍ തീരത്ത് നിന്ന് ഏകദേശം 35 കിലോമീറ്റര്‍ അകലെ ഡാന്യൂബ് ഡെല്‍റ്റയ്ക്ക് സമീപമാണ് സ്‌നേക് ഐലന്‍ഡ്. 2012 ലെ കണക്കനുസരിച്ച് 30 ല്‍ താഴെയാണ് ദ്വീപിലെ ജനസംഖ്യ. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയെത്തുടര്‍ന്ന് 1991-ലാണ് ഈ ദ്വീപ് യുക്രൈന് ലഭിച്ചത്.
Powered by Info News For You
Comments
Post a Comment