ധീരജ് വധക്കേസ്: പിടിയിലായ നിഖില്‍ പൈലി കുറ്റം സമ്മതിച്ചതായി പൊലീസ്; 5 പേര്‍ കൂടി കസ്റ്റഡിയില്‍
തൊടുപുഴ: (www.kvartha.com 11.01.2022) ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ യൂത് കോണ്‍ഗ്രസ് പ്രാദേശിക നേതാവായ നിഖില്‍ പൈലി കുറ്റം സമ്മതിച്ചതായി പൊലീസ്. പ്രാഥമിക ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചെന്നും താനാണ് ധീരജിനെ കുത്തിയതെന്ന് നിഖില്‍ പറഞ്ഞതായും പൊലീസ് അറിയിച്ചു.
സംഭവത്തില്‍ അഞ്ച് പേരെക്കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നേരത്തേ പൊലീസ് പിടിയിലായ നിഖില്‍ പൈലിക്കൊപ്പം ബസില്‍ സഞ്ചരിച്ചിരുന്ന ഒരാളെയും നാല് കോളജ് വിദ്യാര്‍ഥികളെയുമാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, ധീരജിനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടില്ല. കരിമണല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ രാത്രിയോടെ ഇടുക്കിയിലേക്ക് കൊണ്ടുപോയി. യൂത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖില്‍ പൈലി.
സംഭവ സ്ഥലത്തുനിന്നും എറണാകുളം ജില്ലയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നിഖില്‍ പിടിയിലായത്. കരിമ്പന്‍ ടൗണില്‍നിന്നും സ്വകാര്യ ബസില്‍ നേര്യമംഗലത്തേക്ക് പോകും വഴി കരിമണലില്‍ വച്ചാണ് പൊലീസ് ബസ് തടഞ്ഞ് നിഖിലിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ബസില്‍ സഞ്ചരിക്കുന്ന വിവരം സഹയാത്രക്കാര്‍ പൊലീസിന് കൈമാറുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് ധീരജ് രാജേന്ദ്രന്‍ (21) കുത്തേറ്റ് മരിച്ചത്. കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ധീരജിന് കുത്തേറ്റത്. ഏഴാം സെമസ്റ്റര്‍ കംപ്യൂടെര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് ധീരജ്.
Powered by Info News For You
Comments
Post a Comment