ഒമിക്രോണ്‍ ജാഗ്രതയില്‍ ആള്‍കൂട്ട നിയന്ത്രണം നിലനില്‍ക്കെ തലസ്ഥാനത്ത് സിപിഎമിന്റെ മെഗാ തിരുവാതിര; കാഴ്ചക്കാരായി എംഎ ബേബിയടക്കം നിരവധി പേര്‍, കോവിഡ് 3-ാം തരംഗത്തിന്റെ ആശങ്കയില്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയില്‍ നടത്തിയ സമൂഹതിരുവാതിര വിവാദത്തില്‍
തിരുവനന്തപുരം: (www.kvartha.com 12.01.2022) ഒമിക്രോണ്‍ ജാഗ്രതയില്‍ ആള്‍കൂട്ട നിയന്ത്രണം നിലനില്‍ക്കെ സി പി എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പാറശ്ശാല ഏരിയാ കമിറ്റിയിലെ 501 സ്ത്രീകള്‍ പങ്കെടുത്ത മെഗാ തിരുവാതിര വിവാദത്തില്‍. പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉള്‍പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തിയുള്ള തിരുവാതിര കളി.
പാറശാലയില്‍ 14ന് തുടങ്ങുന്ന സി പി എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് ചൊവ്വാഴ്ച മെഗാ തിരുവാതിര നടത്തിയത്. ജനാധിപത്യ മഹിള അസോസിയേഷന്‍ പാറശാല ഏരിയാ കമിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. സര്‍കാരിന്റെ ഭരണ നേട്ടങ്ങളും പാര്‍ടി ചരിത്രവുമായിരുന്നു തിരുവാതിരകളിപ്പാട്ടിന്റെ പ്രമേയം. പൊതുപരിപാടിയില്‍ 150 പേരില്‍ കൂടരുതെന്ന നിയന്ത്രണം നിലനില്‍ക്കെ 501 പേര്‍ തിരുവാതിര കളിയുടെ ഭാഗമായി.
കോവിഡ് കേസുകള്‍ കുത്തനെ കൂടിയതിന് പിന്നാലെ സംസ്ഥാനത്ത് ആള്‍കൂട്ടങ്ങള്‍ നിയന്ത്രിക്കാനായി സര്‍കാര്‍ ശക്തമായ നടപടികളെടുക്കുമ്പോഴാണ് സി പി എം പോളിറ്റ് ബ്യൂറോ അംഗമടക്കം നിയന്ത്രണങ്ങള്‍ ലംഘിച്ചത്. ചെറുവാരക്കോണം സി എസ് ഐ സ്‌കൂള്‍ ഗ്രൗന്‍ഡില്‍ നടന്ന തിരുവാതിര കാണാന്‍ എം എ ബേബിയെ കൂടാതെ, ജില്ലാ സെക്രടറി ആനാവൂര്‍ നാഗപ്പന്‍, സി കെ ഹരീന്ദ്രന്‍ എം എല്‍ എ തുടങ്ങിയ നേതാക്കളും എത്തി.
കോവിഡ് കേസുകള്‍ ഉയരുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ആള്‍കൂട്ടങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പെടുത്തിയിരുന്നു. വിവാഹ-മരണ ചടങ്ങുകളില്‍ പങ്കെടുക്കാവുന്നത് പരമാവധി 50 പേരായി ചുരുക്കി. പൊതുപരിപാടികള്‍ ഓണ്‍ലൈനാക്കണം, പൊതുയോഗങ്ങള്‍ കഴിവതും ഒഴിവാക്കണമെന്നും സര്‍കാര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ അടച്ചിടല്‍ ആശങ്കയുടെ വക്കില്‍ നില്‍ക്കെയാണ് സമൂഹതിരുവാതിര സംഘടിപ്പിച്ച് തിരുവനന്തപുരത്ത് സി പി എം ജില്ലാ സമ്മേളനത്തിന് തയ്യാറെടുത്തത്.
നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂടിയിട്ടും പൊലീസ് ഇതൊന്നും കാണാതെ സുരക്ഷയൊരുക്കിയെന്നും ആരോപണമുണ്ട്. സംസ്ഥാനത്ത് കോവിഡ് കണക്ക് കുതിച്ചുയര്‍ന്ന് 9066 ആയ ദിവസമായിരുന്നു ചൊവ്വാഴ്ച. ഇതില്‍ 2200 രോഗികളും തിരുവനന്തപുരത്താണ്. മറ്റുസംസ്ഥാനങ്ങള്‍ രാത്രികാല, വാരാന്ത്യ നിയന്ത്രണങ്ങളിലേക്ക് ഒക്കെ കടന്നപ്പോഴും, സിപിഎം സമ്മേളനങ്ങള്‍ കാരണമാണ് കേരളം കടുത്ത നടപടികളെടുക്കാത്തത് എന്ന അഭിപ്രായവും ഉയരുന്നുണ്ട്.
Powered by Info News For You
Comments
Post a Comment